‘ഔദ്യോഗികമായ ഇടപെടല്‍കൊണ്ട് ഗുണമുണ്ടെന്നു കരുതുന്നില്ല’: നിമിഷപ്രിയ കേസില്‍ സുപ്രീം കോടതിയില്‍ വീണ്ടും കൈമലര്‍ത്തി കേന്ദ്രസര്‍ക്കാര്‍; പ്രതിനിധി സംഘത്തെ പോകാന്‍ അനുവദിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍; തടസം യെമനിലേക്കുള്ള യാത്രാവിലക്ക്; അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ച് കോടതി

ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ വധശിക്ഷയില്‍ ഔദ്യോഗികമായി ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഈ സമയത്ത് എന്തെങ്കിലും ഔദേ്യാഗികമായി ചെയ്യാന്‍ കഴിയുമെന്നു കരുതുന്നില്ലെന്നു അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇരയുടെ കുടുംബം മാപ്പു നല്‍കുന്നത് നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ആദ്യപടിയാണെന്നു ഹര്‍ജിക്കാര്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകന്‍ പറഞ്ഞു.
ഹര്‍ജിക്കാരന്റെ സംഘടനയിലെ അംഗങ്ങളും കേരളത്തില്‍ നിന്നുള്ള ഒരു മത പണ്ഡിതനും ഉള്‍പ്പെടുന്ന പ്രതിനിധി സംഘത്തെ ഇരയുടെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ യെമനിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചപ്പോഴായിരുന്നു അറ്റോര്‍ണി ജനറലിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം പരിഗണിക്കുമെന്നും ഔദ്യോഗികമായി രേഖപ്പെടുത്തരുതെന്നും അവര്‍ പറഞ്ഞു.
പ്രിയയുടെ അമ്മ ഇരയുടെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ യെമനില്‍ എത്തിയിട്ടുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരം കേന്ദ്രത്തിന്റെ അനുമതിയോടെയാണ് അവര്‍ അവിടെ പോയതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ‘എന്തെങ്കിലും പരിഹരിക്കപ്പെടണമെങ്കില്‍ ഞങ്ങള്‍ക്ക് അവിടെ പോയി ചര്‍ച്ച നടത്താം, കുടുംബത്തിന്റെ മാപ്പ് അപേക്ഷിക്കാം’മെന്നും അദ്ദേഹം പറഞ്ഞു.
കേരള സുന്നി ഇസ്ലാമിക് നേതാക്കളെയും എ.പി. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധിയെയും യെമനിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ചുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ‘സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്്ഷന്‍ കൗണ്‍സിലി’ന്റെ റിട്ട് പെറ്റീഷന്‍ പരിഗണിച്ചത്. ഇവര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാഗേന്ദ് ബസന്ത് ഹാജരായി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ആര്‍ക്കും യെമനിലേക്കു പോകാന്‍ കഴിയില്ലെന്നും അവിടേക്ക് യാത്രാവിലക്കുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
‘ആദ്യ നടപടിയെന്നത് കുടുംബം ക്ഷമിക്കുകയാണ്. രണ്ടാമത്തെ മാര്‍ഗമാണ് ബ്ലഡ് മണി. ആരെങ്കിലും കുടുംബവുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ആര്‍ക്കും എപ്പോഴും പോകാവുന്ന രാജ്യമല്ല യെമന്‍. സര്‍ക്കാര്‍ അനുവദിക്കാതെ അവിടേക്കു പോകാന്‍ കഴിയില്ല. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ രണ്ടുമൂന്നുപേരെയും കാന്തപുരത്തിന്റെ പ്രതിനിധിയെയും പോകാന്‍ അനുവദിക്കണം. ഇപ്പോള്‍ വധശിക്ഷയ്ക്കു സ്‌റ്റേ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ എടുത്ത നടപടികളോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്. പക്ഷേ, അവിടേക്കു പോകേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ഒരു പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണം’. – ബസന്ത് പറഞ്ഞു.
എന്നാല്‍, എന്തെങ്കിലും ഔദേ്യാഗികമായി ഈ ഘട്ടത്തില്‍ ചെയ്യാന്‍ കഴിയുമെന്നു കരുതുന്നില്ലെന്നായിരുന്നു ആര്‍. വെങ്കട്ടരമണിയുടെ നിലപാട്. ‘ഞങ്ങള്‍ ഇക്കാര്യം പരിഗണിക്കും. പക്ഷേ, ഈ പറയുന്നതു രേഖപ്പെടുത്തരുത്. വധശിക്ഷയ്ക്കുള്ള സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ല. അതിനര്‍ഥം അവിടെ എന്തൊക്കെയോ സംഭവിക്കുന്നെന്നാണ്. കുടുംബവും അവര്‍ ചുമതലപ്പെടുത്തിയയാളുമാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഏതെങ്കിലും സംഘടന അവിടെപ്പോയതുകൊണ്ട് പ്രത്യേകിച്ചു മാറ്റമുണ്ടാകുമെന്നു കരുതുന്നുന്നില്ലെ’ന്നും എജി പറഞ്ഞു. പ്രത്യേകിച്ചൊരു കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നില്ലെന്നും സംഘടനയോട് സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
2017-ല്‍ യെമനിലെ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 36 വയസുള്ള മലയാളി നഴ്സായ പ്രിയയെ രക്ഷിക്കാന്‍ കേന്ദ്രം നയതന്ത്രപരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. 2020-ല്‍ കുറ്റക്കാരിയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അവരുടെ അന്തിമ അപ്പീല്‍ 2023-ല്‍ നിരസിക്കപ്പെട്ടു, നിലവില്‍ അവര്‍ സനായില്‍ തടവിലാണ്. പ്രിയയുടെ കേസില്‍ ‘പരസ്പരം യോജിച്ച പരിഹാരം’ തേടുന്നതിനായി യെമന്‍ അധികൃതരുമായും സൗഹൃദ രാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു. കേസ് ഓഗസ്റ്റ് 14-ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
nothing-formal-can-happen-right-now-centre-to-sc-on-nimisha-priya-execution-case-family-has-to-forgive-her






