വോട്ടിനു കോഴ: തമിഴ്‌നാട് ബിജെപിക്കു തലവേദയായി കൂടുതല്‍ തെളിവുകള്‍; ഒന്നരക്കിലോ സ്വര്‍ണം വിറ്റ കേസ് തുമ്പായി; ബിജെപി എംഎല്‍എയും പ്രസിഡന്റുമായ നാഗേന്ദ്രനുമായി ബന്ധിപ്പിക്കുന്ന കോള്‍ രേഖകള്‍ കോടതിയില്‍; 3.98 കുഴല്‍പ്പണം വീണ്ടും ചര്‍ച്ചയിലേക്ക്

ചെന്നൈ: തമിഴ്‌നാട് ബിജെപി പ്രസിഡന്റും തിരുനെല്‍വേലി എംഎല്‍എയുമായ നൈനാര്‍ നാഗേന്ദ്രനും ഉള്‍പ്പെട്ട ‘വോട്ടിനു കോഴ’ക്കേസ് വീണ്ടും അന്വേഷിക്കാന്‍ സിബി-സിഐഡി. പണമിടപാടുകളും കോള്‍ ഡാറ്റ രേഖകളും ഉള്‍പ്പെടെ പരിശോധിച്ചാണു നടപടിയെന്നാണു കോടതി രേഖകള്‍ വ്യക്മാക്കുന്നത്. 2024 തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കു കൈക്കൂലിയായി നല്‍കാന്‍ കൊണ്ടുവന്നതെന്ന് ആരോപിക്കപ്പെടുന്ന 3.98 കോടിയുടെ പണം പിടിച്ചടുത്തിരുന്നു. ഇതും ബിജെപിയിലെ ഉന്നത നേതാക്കള്‍ തമ്മിലുള്ള ബന്ധവും ഏജന്‍സി ഔദ്യോഗികമായി കണ്ടെത്തിയെന്നാണു വിവരം.
ആവശ്യത്തിനു തെളിവില്ലാതെ കേസന്വേഷണം നിലച്ചെന്നു ബിജെപി നേതാക്കളും പോലീസും വിലയിരുത്തിയ ഘട്ടത്തിലാണു പുതിയ തുമ്പില്‍ പിടിച്ചുള്ള നീക്കം. അടുത്തിടെ ഒന്നരക്കിലോ സ്വര്‍ണം പണമാക്കി മാറ്റിയതുമായി ബന്ധപ്പെട്ട് നടത്തിയ അറസ്റ്റുകളാണ് നാഗേന്ദ്രനിലേക്ക് വീണ്ടും അന്വേഷണം എത്തിച്ചത്. അന്വേഷണം ശക്തമായാല്‍ നാഗേന്ദ്രന്‍ അറസ്റ്റിലായേക്കുമെന്ന ആശങ്കയും തമിഴ്‌നാട് ബിജെപിയിലുണ്ട്. തെരഞ്ഞെടുപ്പു നടക്കാന്‍ ഒരുവര്‍ഷം ശേഷിക്കേ ഇതു ബിജെപിക്കു കനത്ത തിരിച്ചടിയാകും.
1.5 കിലോ സ്വര്‍ണ്ണക്കട്ടി വിറ്റ ശേഷം 97.92 ലക്ഷം രൂപ പണം കൈമാറിയതിന് സൂരജ് എന്ന വ്യക്തിയെ ജൂണ്‍ 30 ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‌തെന്നാണു കോടതി രേഖകള്‍. ഇടപാട് സുഗമമാക്കുന്നതിനായി ബിജെപിയുടെ ഇന്‍ഡസ്ട്രിയല്‍ വിംഗ് പ്രസിഡന്റ് ഗോവര്‍ദ്ധന്റെ ഡ്രൈവറായ വിഘ്നേഷ് ആണ് സൂരജിനെ സമീപിച്ചതെന്ന് സിബി-സിഐഡി ചെന്നൈയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. ഗോവര്‍ദ്ധന്‍, ബിജെപി ട്രഷറര്‍ എസ്.ആര്‍. ശേഖര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി (സംഘടന) കേശവ വിനായകന്‍ എന്നിവരുടെ പങ്കാളിത്തം കോള്‍ വിവരങ്ങള്‍ പരിശോധിച്ചതിലൂടെ വ്യക്തമായെന്നും കോടതിയില്‍ നല്‍കിയ രേഖകളില്‍ വ്യക്തമാണ്.
തിരുനെല്‍വേലി മണ്ഡലത്തില്‍നിന്നു പാര്‍ലമെന്റിലേക്കു മത്സരിച്ച നാഗേന്ദ്രനുവേണ്ടി എത്തിച്ചതാണ് പണമെന്നാണു പോലീസ് സംശയിക്കുന്നത്. 2024ല്‍ മത്സരിച്ചെങ്കിലും നാഗേന്ദ്രന്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 171 (സി), 171 (ഇ), 171 (എഫ്), 188 എന്നിവ പ്രകാരം ജൂലൈ പത്തിനു സൂരജിനു കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇയാളുടെ അറസ്‌റ്റോടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണു സൂചന.
തിരഞ്ഞെടുപ്പ് കമ്മീഷന്റെയും താംബരം പോലീസിന്റെയും ഫ്‌ലൈയിംഗ് സ്‌ക്വാഡ് 3.98 കോടി രൂപയുടെ 500 രൂപ നോട്ടുകള്‍ നെല്ലായി എക്‌സ്പ്രസിവച്ചു മൂന്നുപേരില്‍ നിന്ന് പിടിച്ചെടുത്തതോടെയാണ് കേസ് ആരംഭിച്ചത്. നാഗേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായിരുന്നു പണം എന്ന് എസ് സതീഷ്, എസ് പെരുമാള്‍, എസ് നവീന്‍ എന്നീ മൂവരും അവകാശപ്പെട്ടു. നാഗേന്ദ്രന്റെ ഉടമസ്ഥതയിലുള്ളതായി ആരോപിക്കപ്പെടുന്ന ചെന്നൈയിലെ ഹോട്ടലിന്റെ മാനേജരാണു സതീഷ്. ഇയാളുടെ പക്കല്‍നിന്ന് ബിജെപി നേതാവിന്റെ തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റു രേഖകളും പോലീസ് പിടിച്ചെടുത്തിരുന്നു.
കേസ് ആദ്യം താംബരം പോലീസാണ് കൈകാര്യം ചെയ്തതെങ്കിലും, ഏപ്രിലില്‍ അത് സിബി-സിഐഡിയുടെ മെട്രോ വിഭാഗത്തിലേക്ക് മാറ്റി. അതിനുശേഷം, നാഗേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കളെ ചോദ്യം ചെയ്യലിനായി ഏജന്‍സി വിളിപ്പിച്ചിട്ടുണ്ട്. പിടിച്ചെടുത്ത പണവുമായി യാതൊരു ബന്ധവുമില്ലെന്ന് നാഗേന്ദ്രന്‍ വ്യക്തമാക്കിയെങ്കിലും പണമിടപാടും സാക്ഷ്യങ്ങളും സംസ്ഥാനത്തെ ഉന്നത ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട ഏകോപിത ശ്രമത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് സിബി-സിഐഡി അന്വേഷകര്‍ പറയുന്നു.
Gold trail leads to revival of ‘cash-for-votes’ case against Tamil Nadu BJP chief






