കേരള കോണ്‍ഗ്രസിനോട് ഉദാര സമീപനം; ‘പ്രത്യേക സാഹചര്യം’ പരിഗണിച്ച് തര്‍ക്കം പാടില്ല, കീഴ്ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദേശം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് യുഡിഎഫിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിര്‍ണായക തീരുമാനവുമായി സിപിഎം. കേരള കോണ്‍ഗ്രസിനോട് ഉദാരസമീപനം സ്വീകരിക്കണമെന്ന് താഴേത്തട്ടിലുള്ള പ്രാദേശിക ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദേശം നല്‍കി. ‘പ്രത്യേക സാഹചര്യം’ പരിഗണിച്ച് കേരള കോണ്‍ഗ്രസിനോട് ഒരു തരത്തിലുള്ള തര്‍ക്കവും പാടില്ലെന്നാണ് കര്‍ശന നിര്‍ദേശം.
തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ച് യാതൊരു തര്‍ക്കവും പാടില്ല എന്നും എന്ത് പ്രകോപനം ഉണ്ടായാലും കഴിയുന്ന തരത്തില്‍ ഒത്തുപോകണം എന്നും നിര്‍ദേശമുണ്ട്. കേരള കോണ്‍ഗ്രസ് എം നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന ഇടങ്ങളിലെ സിപിഎം ഘടകങ്ങള്‍ക്കാണ് നിര്‍ദേശം. ‘പ്രത്യേക സാഹചര്യം’ എന്താണ് എന്ന് വിശദീകരിച്ചിട്ടില്ലെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിനെ തിരികെ എത്തിക്കാന്‍ യുഡിഎഫും കോണ്‍ഗ്രസും ശ്രമം തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ നിര്‍ണായക നീക്കം.
തദ്ദേശ തിരഞ്ഞെടുപ്പ് ഏതാണ്ട് 100 ദിവസം അകലെ നില്‍ക്കെ കേരള കോണ്‍ഗ്രസിനെ പിണക്കാനില്ലെന്ന സൂചനയാണ് സിപിഎം നല്‍കുന്നത്. പ്രാദേശിക തലത്തില്‍ കേരള കോണ്‍ഗ്രസ് എം കൂടുതല്‍ സീറ്റ് ആവശ്യപ്പെടും എന്നതാണ് ഇത്തരത്തില്‍ നിര്‍ദേശത്തിനു കാരണം. ഇത്തരത്തില്‍ മുതിര്‍ന്ന കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പ്രസ്താവനകള്‍ നടത്തിയുരുന്നു. സിപിഎമ്മിനോടും ഇടത് ഭരണത്തോടും അതൃപ്തയുള്ള സഭാ നേതാക്കളുടെ നിരന്തര സ്വാധീനത്താല്‍ അണികളിലേക്കും അത് വന്നിട്ടുണ്ട് എന്ന് കേരള കോണ്‍ഗ്രസ് എം വിലയിരുത്തുന്നു. ഇതിനെ മറികടക്കാന്‍ കൂടുതല്‍ സീറ്റ് മാത്രമാണ് പോംവഴി എന്ന് കേരള കോണ്‍ഗ്രസ് എം കണക്കാക്കുന്നു.
ഇടതുമുന്നണിയില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും ജോസ് കെ മാണി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി അണികളില്‍ ഒരു വിഭാഗത്തിന് ഇടതുമുന്നണിയില്‍ തുടരുന്നതിനോട് യോജിപ്പില്ല. സിപിഎം, സിപിഐ പാര്‍ട്ടികള്‍ പ്രാദേശിക തലത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഇത് കൂടി കണക്കിലെടുത്താണ് കേരള കോണ്‍ഗ്രസിനെ പിണക്കാതെ ഒരുമിച്ച് കൊണ്ടുപോകണമെന്ന സന്ദേശം സിപിഎം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
മുമ്പ് യുഡിഎഫില്‍ ആയിരുന്ന കേരളാ കോണ്‍ഗ്രസ് ജോസഫ്, മാണി എന്ന നിലയില്‍ പിളര്‍ന്നപ്പോള്‍ മാണി വിഭാഗത്തോട് കോണ്‍ഗ്രസ് കാട്ടിയ അതൃപ്തിയും അകല്‍ച്ചയുമാണ് പിന്നീട് അവര്‍ക്ക് തിരിച്ചടി ആയതെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്. മാണി പോയാല്‍ ഒന്നും സംഭവിക്കില്ല എന്ന തരത്തില്‍ പ്രകോപനം നേതാക്കള്‍ തന്നെ ഇപ്പോള്‍ അവരുടെ പിന്നാലെ ചെല്ലുന്ന സാഹചര്യത്തെ സൃഷ്ടിച്ചിട്ടുണ്ട് എന്നും പാര്‍ട്ടി മനസിലാക്കുന്നു.






