മലയാളത്തില്‍ സംസാരിച്ച് മന്ത്രിയെ ഞെട്ടിച്ച് അഗ്ഫാനിലെ കുരുന്നുകള്‍; മണിമണിയായി ഉത്തരം നല്‍കി; ശിവന്‍കുട്ടിയുടെ വസതിയില്‍ അപൂര്‍വ കൂടിക്കാഴ്ച!

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി കേരളത്തിലെ വിദ്യാര്‍ഥികളായ അഫ്ഗാനിസ്താന്‍ സ്വദേശികള്‍. ശ്രീകാര്യത്തെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ അഞ്ച് കുട്ടികളാണ് ഇന്ന് രാവിലെ മന്ത്രിയെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയത്.
വിദ്യാഭ്യാസ മന്ത്രിയുടെ വസതിയായ റോസ് ഹൗസില്‍ ഒരുക്കിയ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീകാര്യം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ അഫ്ഗാനിസ്താന്‍ കുട്ടികള്‍. മലയാളം നന്നായി കൈകാര്യം ചെയ്യുന്ന വിദ്യാര്‍ഥികള്‍ മന്ത്രിയുമായി ഏറെ നേരം സംസാരിച്ചു. മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മലയാളത്തിലാണ് കുട്ടികള്‍ മറുപടി നല്‍കിയത്. കുട്ടികളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി പഠനകാര്യങ്ങളും മനസ്സിലാക്കി.
കഴിഞ്ഞദിവസം ശ്രീകാര്യം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എത്തിയപ്പോഴാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുട്ടികളെ മന്ത്രി പരിചയപ്പെടുന്നത്. ആറാം ക്ലാസില്‍ പഠിക്കുന്ന മാര്‍വാ റഹീമി, അഹമ്മദ് മുസമീല്‍ റഹീമി, മൂന്നാം ക്ലാസില്‍ പഠിക്കുന്ന അഹമ്മദ് മന്‍സൂര്‍ റഹീമി എന്നിവരെയാണ് മന്ത്രി പരിചയപ്പെട്ടത്. തുടര്‍ന്ന് മന്ത്രി കുടുംബസമേതം പ്രഭാത ഭക്ഷണത്തിനായി റോസ്ഹൗസില്‍ എത്താന്‍ ക്ഷണിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ പിതാവ് ഷഫീഖ് റഹീമി, മാതാവ് സര്‍ഗോന റഹീമി എന്നിവരോടൊപ്പമാണ് കുട്ടികള്‍ എത്തിയത്. മന്ത്രിയും ജീവിതപങ്കാളി ആര്‍ പാര്‍വതി ദേവിയും ചേര്‍ന്ന് കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും സ്വീകരിച്ചു. കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും വിശേഷങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. ലിഫ്റ്റും എസിയും ഉള്ള സ്‌കൂള്‍ അടിപൊളിയാണെന്ന് കുഞ്ഞുങ്ങള്‍ മന്ത്രിയോട് പറഞ്ഞു. തുടര്‍ന്ന് മന്ത്രിക്കൊപ്പം കുഞ്ഞുങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചു. കേരള യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ റിസള്‍ച്ച് സ്‌കോളര്‍ ആണ് കുട്ടികളുടെ പിതാവ്. അഞ്ചുവയസ്സുള്ള അഹമ്മദ് മഹിന്‍ റഹീമി, മൂന്നര വയസ്സുള്ള മഹ്നാസ് റഹിമി എന്നിവരെ കൂടി പ്രീസ്‌കൂളില്‍ ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് അഫ്ഗാന്‍ ദമ്പതികള്‍.






