
കറാച്ചി: പാക്കിസ്ഥാനി നടിയും റിയാലിറ്റി ഷോ താരവുമായ ഹുമൈറ അസ്ഗര്‍ അലിയെ(32)യുടെ മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയില്‍. കഴിഞ്ഞ ദിവസമാണ് കറാച്ചിയിലെ എത്തിഹാദ് കൊമേഴ്‌സ്യല്‍ ഏരിയയിലെ ഫേസ് 6-ലെ അപ്പാര്‍ട്ട്‌മെന്റില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനാലും ഒരു അനക്കവും കേള്‍ക്കാത്തതിനാലും സംശയം തോന്നിയ അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.
2024 മുതല്‍ നടി വാടക നല്‍കിയിരുന്നില്ലെന്ന് ചൂണ്ടിക്കാടി ഉടമ കോടതിയെ സമീപിച്ചിരുന്നു. കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ പൂട്ട് പൊളിച്ച് അകത്തു കയറിയ കറാച്ചി പൊലീസാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 3.15ഓടെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ പൊലീസ് നടിയെ വിളിച്ചെങ്കിലും പ്രതികരണമില്ലാത്തതിനാലാണ് പൂട്ട് പൊളിച്ചത്.
മൃതദേഹത്തിന് രണ്ടാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് പൊലീസ് സര്‍ജന്‍ അറിയിച്ചു. അപ്പാര്‍ട്ട്‌മെന്റില്‍ ആരും അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങളില്ല. ഗേറ്റും, വാതിലും ബാല്‍ക്കണിയുമെല്ലാം അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കാണ് നടി താമസിച്ചിരുന്നത്.
പാക്കിസ്ഥാന്‍ ചാനലായ എആര്‍വൈയുടെ റിയാലിറ്റി ഷോയായ ‘തമാഷ ഘര്‍’, 2015ല്‍ പുറത്തിറങ്ങിയ ‘ജലൈബി’ എന്ന ചിത്രം എന്നിവയിലൂടെയാണ് ഹുമൈറ പ്രേക്ഷക പ്രീതി നേടിയത്.






