Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ശക്തമായ ഭരണവിരുദ്ധ തരംഗം? കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ കൂടുതല്‍പേര്‍ ഇഷ്ടപ്പെടുന്നെന്ന് സര്‍വേ റിപ്പോര്‍ട്ട്; എക്‌സില്‍ പങ്കിട്ട പോസ്റ്റിനു പിന്നാലെ ചൂടന്‍ ചര്‍ച്ച; വി.ഡി. സതീശന് തരൂരിന്റെ പകുതി പിന്തുണമാത്രം; പിണറായിയേക്കാള്‍ താത്പര്യം ശൈലജ ടീച്ചറിനോടെന്നും സര്‍വേ

തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ കോണ്‍ഗ്രസിനെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന ശശി തരൂര്‍ ലക്ഷ്യമിടുന്നതു മുഖ്യമന്ത്രി പദമോ? സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഷെയര്‍ ചെയ്ത സര്‍വേ ഫലമാണ് ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചയക്ക് ഇടയാക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലേറിയാല്‍ തരൂരിനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നെന്ന സര്‍വേഫലമാണ് അദ്ദേഹം എക്‌സില്‍ പങ്കുവച്ചത്.

സ്വകര്യ ഗവേഷണ സ്ഥാപനം നടത്തിയ ‘കേരള വോട്ട് വൈബ് സര്‍വേ 2026’ല്‍ മുഖ്യമന്ത്രി പദത്തില്‍ തരൂരിന് മുന്‍തൂക്കം നല്‍കുന്ന സര്‍വേ ഫലമാണുള്ളത്. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്.

Signature-ad

സര്‍വേ പ്രകാരം തരൂരിനെ 28.3 ശതമാനം പേരാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് 15.4 ശതമാനം പേര്‍ പിന്തുണക്കുന്നു. യു.ഡി.എഫില്‍ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായി 27 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായും സര്‍വേ പറയുന്നു.

യു.ഡി.എഫ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തരൂരിനെ പിന്തുണക്കുന്നവരില്‍ 30 ശതമാനം പുരുഷന്മാരാണ്. എന്നാല്‍, സ്ത്രീകളുടെ പിന്തുണ 27 ശതമാനം മാത്രം. 18നും 24നും ഇടയില്‍ പ്രായമുള്ളവരേക്കാള്‍ (20.3%) 55 വയസും അതില്‍ കൂടുതലുമുള്ളവരുടെ (34.2%) പിന്തുണ വളരെ കൂടുതലാണ്.

സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ 62 ശതമാനം പേരും തങ്ങളുടെ നിലവിലെ എം.എല്‍.എയെ മാറ്റാന്‍ ആഗ്രഹിക്കുന്നു. 23 ശതമാനം പേര്‍ മാത്രമാണ് സംസ്ഥാനത്ത് തല്‍സ്ഥിതി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നത്. ഇത് ഭരണവിരുദ്ധ വികാരമായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, എല്‍.ഡി.എഫില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ ജനസമ്മതിയുള്ളത് കെ.കെ. ശൈലജക്കാണെന്ന് സര്‍വേ പറയുന്നു. 24 ശതമാനം പിന്തുണയാണ് ശൈലജക്ക് ഉള്ളത്. എന്നാല്‍, പിണറായിക്ക് പിന്തുണ 17.5 ശതമാനം മാത്രമാണ്. എല്‍.ഡി.എഫിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടെന്ന് 41 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായി സര്‍വേ ഫലം പറയുന്നു.

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സര്‍വേ ഫലം പങ്കുവെച്ചുള്ള ശശി തരൂരിന്റെ പുതിയ നീക്കം. രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് തരൂര്‍ നീക്കം നടത്തിയിരുന്നു. ഇതിനായി കേരളത്തിലെ സമുദായ നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

നിയമസഭ തെരഞ്ഞടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലേറിയാല്‍ മുഖ്യമന്ത്രി പദം തരൂര്‍ ലക്ഷ്യമിടുന്നതായുള്ള വാര്‍ത്തകളും അന്ന് പ്രചരിച്ചിരുന്നു. എന്നാല്‍, തരൂരിന്റെ നീക്കം നേതാക്കള്‍ ഇടപെട്ട് മയപ്പെടുത്തുകയാണ് ചെയ്തത്.

അതേസമയം, ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനത്തില്‍ ശശി തരൂര്‍ സ്വീകരിച്ച നിലപാടില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ളത്. കേരളത്തിലെ കോണ്‍ഗ്രസിലും മുഖ്യമന്ത്രിയാരെന്ന പുതിയ ചര്‍ച്ചക്ക് വഴിവെക്കുകയാണ് സര്‍വേ ഫലം പങ്കുവെച്ചതിലൂടെ തരൂര്‍ ലക്ഷ്യമിടുന്നത്.

Back to top button
error: