
മോസ്‌കോ: ജപ്പാനും ചൈനയ്ക്കും പിന്നാലെ ജനനനിരക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തി റഷ്യ. ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും നല്‍കുമെന്ന പ്രഖ്യാപനമാണ് റഷ്യ നടത്തിയിരിക്കുന്നത്. റഷ്യയിലെ 10 പ്രവിശ്യകളില്‍ പദ്ധതി നടപ്പില്‍ വന്നുകഴിഞ്ഞു.
ജനസംഖ്യാവര്‍ധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുങ്ങുകയാണ് റഷ്യ. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. എന്നാല്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനെതിരേ വലിയ രീതിയില്‍ എതിര്‍പ്പും ഉയരുന്നുണ്ട്. പഠനവും ജോലിയുമായി മുന്നോട്ട് പോകേണ്ട കുട്ടികളെ പ്രസവത്തിലേക്ക് തള്ളിവിടുന്നത് മനുഷ്യത്വരഹിതമാണെന്നാണ് പ്രധാന വിമര്‍ശനം. കൗമാരപ്രായത്തിലുള്ള ഗര്‍ഭധാരണം കുട്ടികളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഉയരുന്ന മറ്റൊരു പ്രധാന ആശങ്ക.

2023ലെ കണനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിര്‍ത്തണമെങ്കില്‍ അത് 2.05 ആവണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
റഷ്യന്‍ റിപ്പബ്ലിക്കായ കരേലിയ പ്രായപൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്ക് നേരത്തേ ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. ആരോഗ്യമുള്ള കുഞ്ഞിന് ജന്മംനല്‍കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഒരു ലക്ഷം റൂബിള്‍ (ഏകദേശം 81,000 രൂപ) രൂപ നല്‍കുന്നതാണ് പദ്ധതി. 2025 ജനുവരി മുതല്‍ പ്രാബല്യത്തിലെത്തിയ ഈ ‘പ്രസവ പ്രോത്സാഹന’ നയത്തില്‍ പങ്കെടുക്കാന്‍ തയ്യാറാകുന്നവര്‍ 25 വയസ്സിന് താഴെയുള്ള ആളായിരിക്കണം എന്ന നിബന്ധനയുമുണ്ട്. ഒരു പ്രാദേശിക സര്‍വകലാശാലയിലോ കോളേജിലോ മുഴുവന്‍സമയ വിദ്യാര്‍ഥിയും കരേലിയയിലെ താമസക്കാരിയും ആയിരിക്കണം എന്നിങ്ങനെയാണ് പദ്ധതിയിലെ നിബന്ധനകള്‍. പ്രസവത്തില്‍ കുട്ടി മരിക്കുകയാണെങ്കില്‍ ഈ ബോണസ് കിട്ടില്ല.
യുക്രൈനുമായുള്ള യുദ്ധത്തിന് പിന്നാലെ വിദേശത്തേക്കുള്ള പൗരന്മാരുടെ പലായനവും രൂക്ഷമായ ജനസംഖ്യാപരമായ പ്രതിസന്ധിയും രാജ്യം അഭിമുഖീകരിക്കുന്നതിനിടെയാണ് റഷ്യയില്‍ ഇത്തരത്തിലുള്ള നയങ്ങള്‍ കൊണ്ടുവരുന്നത്.
റഷ്യയിലെ ജനനനിരക്ക് നിലവില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 2024-ന്റെ ആദ്യ പകുതിയില്‍ 599,600 കുട്ടികളാണ് റഷ്യയില്‍ ജനിച്ചത്. 25 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2023-ലെ കാലയളവിനെ അപേക്ഷിച്ച് 16,000 കുട്ടികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. റഷ്യയിലെ മറ്റു റിപ്പബ്ലിക്കുകളും ജനനിരക്ക് വര്‍ധിപ്പിക്കുന്നതിന് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള സമാന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
കൂടാതെ റഷ്യന്‍ സര്‍ക്കാര്‍ പ്രസവസംബന്ധമായ ആനുകൂല്യങ്ങളും ഈ വര്‍ഷം ഉയര്‍ത്തിയിട്ടുണ്ട്. ആദ്യമായി അമ്മയാകുന്നവര്‍ക്ക് 6,77,000 റൂബിള്‍ (5,69,627 രൂപ) ആണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 6,30,400 (5,30,418 രൂപ) റൂബിളായിരുന്നു. രണ്ടാമത്തെ കുഞ്ഞിന് 8,94,000 റൂബിളാണ് കിട്ടുക. 2024-ല്‍ ഇത് 8,33,000 റൂബിളായിരുന്നു.