
കൊല്ലം: ബസ് യാത്രക്കാരിയായ വയോധികയുടെ മാല പൊട്ടിച്ച് ഒാട്ടോറിക്ഷയില്‍ രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശികളായ യുവതികള്‍ ഗതാഗതക്കുരുക്കില്‍ ‘പെട്ടു’. ബസിലെ യാത്രക്കാരും പൊലീസും ചേര്‍ന്നു യുവതികളെ പിടികൂടി. മധുര പാണ്ടി കോവില്‍ തെരുവില്‍ വള്ളി(38), മധുര പാണ്ടി കോവില്‍ തെരുവ് അല്‍പാന നദിയില്‍ സിങ്കാരി(39), മധുര പാണ്ടി കോവില്‍ തെരുവില്‍ അല്‍പാന നദിയില്‍ മരിയ(39) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊട്ടിയം ജംക്ഷനിലാണ് സംഭവം. ആദിച്ചനല്ലൂരില്‍ നിന്നു കൊട്ടിയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയുടെ മാലയാണ് യുവതികള്‍ പൊട്ടിച്ചത്.
ബസ് കൊട്ടിയം ആശുപത്രി റോഡു വഴി ജംക്ഷനില്‍ എത്തി യാത്രക്കാരെ ഇറക്കുമ്പോഴാണ് മാല പൊട്ടിച്ചെടുത്തത്. വയോധിക സീറ്റില്‍ ഇരിക്കുകയായിരുന്നു. ഇവരുടെ അടുത്താണ് യുവതികള്‍ നിന്നത്. യാത്രക്കാര്‍ ഇറങ്ങുന്ന തിരക്കില്‍ യുവതികള്‍ ഒരാള്‍ വയോധികയുടെ മാല പൊട്ടിച്ചു. വയോധിക ബഹളം വച്ചതോടെ മൂന്നു പേരും പെട്ടെന്ന് ബസില്‍ നിന്നു ഇറങ്ങി അതുവഴി വന്ന ഒാട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു. എന്നാല്‍ ബസിലെ മറ്റു യാത്രക്കാര്‍ ഒാട്ടോറിക്ഷയെ പിന്തുടര്‍ന്നു. അതിനിടെ ജംക്ഷനിലെ ഗതാഗതക്കുരുക്കില്‍ ഇവര്‍ സഞ്ചരിച്ച ഒാട്ടോറിക്ഷ പെട്ടു. തൊട്ടു പിന്നാലെ വന്ന യാത്രക്കാരും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒാട്ടോ റിക്ഷയില്‍ നിന്നു 3 യുവതികളെയും പിടികൂടുകയായിരുന്നു.

കൊട്ടിയം എസ്എച്ച്ഒ: പി.പ്രദീപിന്റെ നേതൃത്വത്തില്‍ എസ്‌ഐ: നിതിന്‍ നളന്‍, സിപിഒ: സുരേഷ് ബാബു, വനിതാ സിപിഒമാരായ പ്രിയങ്ക, രമ്യ എന്നിവരുള്‍പ്പെട്ട പൊലീസ് സംഘം എത്തി യുവതികളെ അറസ്റ്റ് ചെയ്തതു. വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.