IndiaNEWS

പടക്കപ്പുര ഉഷാറാകും! 1.05 ലക്ഷം കോടി അനുവദിച്ചു; ഇന്ത്യയ്ക്ക് പുതിയ ചാരവിമാനം, മൈന്‍വാരി കപ്പലുകള്‍…

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് വന്‍ പരിഷ്‌കരണത്തിലേക്ക് ഇന്ത്യ കടക്കുന്നു. 1.05 ലക്ഷം കോടി രൂപയുടെ ആയുധം സംഭരിക്കാനാണ് ഡിഫെന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയത്. ചാരവിമാനങ്ങള്‍, മൈന്‍വാരി കപ്പലുകള്‍, പ്രതിരോധകവച മിസൈലുകള്‍, തോക്കുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. കൂടുതലും തദ്ദേശീയമായി നിര്‍മ്മിക്കും. സഖ്യരാജ്യങ്ങളായ റഷ്യ, ഫ്രാന്‍സ് എന്നിവരുമായിട്ടും ഇടപാടുകളുണ്ടാകും.

? 12 മൈന്‍ വാരി കപ്പലുകള്‍: 44,000 കോടി. 900- 1,000 ടണ്‍ ഭാരമുള്ള 12 കപ്പലുകള്‍ 10 വര്‍ഷത്തിനുള്ളില്‍ തദ്ദേശീയമായി നിര്‍മ്മിക്കും. കടലില്‍ ശത്രു മൈനുകള്‍ കണ്ടെത്തുന്നതിനും തുറമുഖങ്ങളെ ആക്രമിക്കാനും ഇവയ്ക്ക് കഴിയും. പാക്- ചൈന സമുദ്ര സഖ്യം ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇതിന് മുന്‍തൂക്കം നല്‍കുന്നത്.

Signature-ad

? ക്യുക്ക് റിയാക്ഷന്‍ മിസൈല്‍: 36,000 കോടി. കരയില്‍ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്നവ. 30 കി. മീ പരിധിക്കുള്ളില്‍ ശത്രുവിന്റെ ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവ തകര്‍ക്കും. കരസേനയുടെ മൂന്ന് റെജിമെന്റുകള്‍ക്കും വ്യോമസേനയുടെ മൂന്ന് സ്‌ക്വാഡ്രണുകള്‍ക്കും നല്‍കും. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഉപയോഗിച്ച തുര്‍ക്കി ഡ്രോണ്‍, ചൈനീസ് മിസൈല്‍ ഭീഷണിയുടെയും പശ്ചാത്തലത്തില്‍.

? ഇസ്താര്‍ ചാര വിമാനം: 10,000 കോടി. ശത്രു സൈനിക താവളങ്ങള്‍, സൈനിക നീക്കങ്ങള്‍ എന്നിവ നിരീക്ഷിക്കാന്‍. സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാറുകള്‍, ഇലക്ട്രോ- ഒപ്റ്റിക്കല്‍, ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ എന്നിവ ഘടിപ്പിച്ച ചാര വിമാനമാണ് ഇസ്താര്‍ (ഇന്റലിജന്‍സ്, സര്‍വലൈന്‍സ്, ടാര്‍ഗെറ്റ് അക്വിസിഷന്‍ ആന്റ് റീകണിസെന്‍സ്). സെന്‍സറുകള്‍ ഡി.ആര്‍.ഡി.ഒ വികസിപ്പിക്കും.

? സെമി- സബ്മേഴ്സിബിള്‍ നിരീക്ഷണ കപ്പല്‍, യുദ്ധക്കപ്പലുകളില്‍ ഘടിപ്പിക്കുന്ന 76 എംഎം സൂപ്പര്‍- റാപ്പിഡ് തോക്കുകള്‍, യുദ്ധക്കപ്പലിനെ ശബ്ദ, കാന്തിക, മര്‍ദ്ദ വ്യത്യാസം വഴി തിരിച്ചറിഞ്ഞ് തകര്‍ക്കുന്ന മൈനുകള്‍ (ഡി.ആര്‍.ഡി.ഒ), കവചിത വാഹനങ്ങള്‍ എന്നിവയും വാങ്ങും.

അപ്പാച്ചെ ഈ മാസമെത്തും

യു.എസില്‍ നിന്ന് വാങ്ങിയ ആറ് അപ്പാച്ചെ ഹെലികോപ്ടറുകളില്‍ മൂന്നെണ്ണം ഈമാസവും ബാക്കിയുള്ളവ നവംബറോടെയും എത്തും. 5,691 കോടി രൂപയ്ക്കാണ് ഹെലികോപ്ടറുകള്‍ വാങ്ങിയത്. 2020 ഫെബ്രുവരിയിലാണ് ഇന്ത്യയും യു.എസും കരാറില്‍ ഒപ്പുവച്ചത്. ‘പറക്കും ടാങ്ക്’ എന്നാണ് അപ്പാച്ചെയെ വിശേഷിപ്പിക്കുന്നത്. നിലവില്‍ 22 അപ്പാച്ചെ കോപ്ടറുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായുണ്ട്.

വരുന്നു, സൂപ്പര്‍ സുഖോയ്

പാകിസ്ഥാന്റെ പക്കലുള്ള എഫ് 16, ജെ.എഫ് 17 ഫൈറ്റര്‍ ജെറ്റുകളെ വെല്ലാന്‍ സുഖോയ്- 30 എം.കെ.ഐ അടിമുടി പരിഷ്‌കരിക്കും. 66,829 കോടിയാണ് ചെലവ്. തദ്ദേശീയമായി നിര്‍മ്മിച്ച അസ്ത്ര- 2, അസ്ത്ര- 3 മിസൈലുകളും അത്യാധുനിക വിരൂപാക്ഷ റഡാറും ഘടിപ്പിച്ച് സൂപ്പര്‍ സുഖോയ് ആക്കും. നിലവില്‍ സുഖോയിലെ ആര്‍-77 മിസൈലിന് പ്രഹര ശേഷി 100 കി.മീ മാത്രമാണ്. അസ്ത്ര എം.കെ- 2ന് 300 കി. മീ, എം.കെ- 3ന് 400 കി. മീ ശേഷിയുണ്ട്. ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച റഡാര്‍ 400 കി.മീ അകലെയുള്ള ലക്ഷ്യങ്ങള്‍ കണ്ടെത്തും. 3- 4 വര്‍ഷത്തിനുള്ളില്‍ 84 വിമാനങ്ങള്‍ പരിഷ്‌കരിക്കും. അപകടങ്ങളില്‍ തകര്‍ന്ന 12 വിമാനങ്ങള്‍ക്ക് പകരം 13,500 കോടി രൂപ ചെലവില്‍ 12 എണ്ണം എച്ച്.എ.എല്‍ നിര്‍മ്മിക്കും. 352 തേജസ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: