
ആറാം വയസ്സിൽ രാഷ്ട്രീയ സംഘർഷത്തിനിടെ സംഭവിച്ച ബോംബേറിൽ വലതുകാൽ നഷ്ടമായ കണ്ണൂർ ചെറുവാഞ്ചേരി പൂവത്തൂരിലെ ഡോക്ടർ അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അസ്നയുടെ വിവാഹം ബന്ധുക്കളും നാട്ടുകാരും ഉത്സവാന്തരീക്ഷത്തിലാണ് നടത്തിയത്. ചെറുവാഞ്ചേരി വീട്ടുമുറ്റത്ത് നടന്ന വിവാഹ ചടങ്ങിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംപിമാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, സിപിഎം നേതാവ് പി ജയരാജൻ അടക്കമുളള രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.
കോൺഗ്രസ് – ബി.ജെ.പി സംഘർഷത്തിനിടെയാണ് പോളിംഗ് ദിവസം വൈകീട്ട് വ്യാപകമായ അക്രമം നടന്നത്. ബൂത്ത് കയ്യേറ്റം ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് ബി.ജെ.പി പ്രവർത്തകർ ബോംബെറിഞ്ഞത്.

ഇത് ലക്ഷ്യം തെറ്റി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അസ്നയ്ക്കും സഹോദരൻ ആനന്ദിനും ഇടയിൽ പതിച്ചു. സഹോദരൻ രക്ഷപ്പെട്ടുവെങ്കിലും അസ്നയുടെ കാൽ ചിന്നിച്ചിതറി.
അന്നത്തെ ബോംബേറിൽ അസ്നയുടെ മാതാവ് ശാന്തയ്ക്കും പരിക്കേറ്റിരുന്നു. ഇവരുടെ പരിക്കും സാരമുള്ളതായിരുന്നു. പക്ഷേ അസ്നയുടെ ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വിദഗ്ദ്ധ ചികിത്സയായിരുന്നു അസ്നയെന്ന ബാലികയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.
അന്ന് മനസിൽ മുളപൊട്ടിയ ആഗ്രഹമാണ് ഡോക്ടറാവുക എന്നത്. തന്നെ ചികിത്സിക്കുകയും സ്നേഹപൂർവ്വം പെരുമാറുകയും ചെയ്ത ഡോക്ടർമാരിൽ നിന്നുള്ള പ്രചോദനമായിരുന്നു അസ്നയെ വൈദ്യശാസ്ത്രത്തിന്റെ വഴിയിൽ സ്റ്റെതസ്കോപ്പുമായി നടത്തിയത്.
പിതാവ് നാണുവാണ് മകൾക്ക് താങ്ങും തണലുമായി നിന്നത്. കൂലിവേലക്കാരനായ പിതാവ് വാരിയെടുത്ത് അവളെ സ്കൂളിൽ കൊണ്ടുപോയി. മികച്ച രീതിയിൽ എസ്.എസ്.എൽ.സി വിജയിച്ചു.
മെഡിസിന് കോഴിക്കോട് മെഡിക്കൽ കോളജിൽ അസ്ന ചേർന്നത് സർക്കാരിന്റെ സഹായത്തോടെയാണ്. കാലിന് വയ്യാത്ത അസ്നയ്ക്ക് സർക്കാർ ചെലവിൽ ലിഫ്റ്റ് സ്ഥാപിച്ചു നൽകി.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും 2013ൽ എംബിബിഎസ് പൂർത്തിയാക്കി. പിന്നീട് തന്റെ സ്വന്തം നാടായ ചെറുവാഞ്ചേരി പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ അസ്ന സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ വടകരയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുകയാണ്.
താൻ വിവാഹിതയായ വേളയിൽ അതു കാണാൻ പിതാവ് നാണുവില്ലാത്തതിന്റെ വേദനയിലാണ് അസ്ന കല്യാണമണ്ഡപത്തിൽ കയറിയത്. മകളെ ഡോക്ടറാക്കിയെങ്കിലും അതിനു ശേഷം നാണു മരണമടയുകയായിരുന്നു.