
തിരുവനന്തപുരം: റെയില്‍വേ 3 ദിവസം മുന്‍പു പുറത്തിറക്കിയ റെയില്‍വണ്‍ ആപ് സംബന്ധിച്ചു വ്യാപക പരാതി. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ റിസ്‌ക് ഫൗണ്ട് എന്നാണു ചില ഫോണുകളില്‍ കാണിക്കുന്നത്. വൈറസ് സ്‌കാന്‍ ചെയ്തുകഴിയുമ്പോള്‍ ആപ് കാണാതാകും. പലര്‍ക്കും പുതിയ ആപ് ഉപയോഗിച്ചു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല.
ആധാര്‍ ബന്ധിത അക്കൗണ്ടാണോ എന്ന ചോദ്യം സ്‌ക്രീനില്‍ വരുമ്പോള്‍ ‘അതേ’ എന്ന് ക്ലിക്ക് ചെയ്താലും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ കാണിക്കുന്നില്ല. അടിക്കടി ക്രാഷ് ആവുന്നതായും വീണ്ടും ആദ്യം മുതല്‍ പിന്‍ നമ്പര്‍ നല്‍കി പ്രവേശിക്കേണ്ടി വരുന്നതായും പരാതിയുണ്ട്. അതേസമയം, തുടക്കത്തിലുണ്ടായ പല പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (ക്രിസ്) അറിയിച്ചു. പരിഷ്‌കരിച്ച പതിപ്പ് ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്‌സ്റ്റോര്‍ എന്നിവയില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

ആധാറുമായി ബന്ധിപ്പിച്ചിട്ടും തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ തട്ടിപ്പ്. വ്യാജ ഐആര്‍സിടിസി ഐഡികള്‍ വില്‍ക്കുന്ന നാല്‍പതോളം റാക്കറ്റുകള്‍ വാട്‌സാപ്പിലും ടെലിഗ്രാമിലും സജീവമായി. 60 സെക്കന്‍ഡില്‍ തത്കാല്‍ ടിക്കറ്റ് എടുക്കാന്‍ സഹായിക്കുന്ന ബോട്ട് സോഫ്റ്റ്വെയര്‍, ആധാര്‍ വെരിഫൈ ചെയ്ത ഐആര്‍സിടിസി ഐഡികള്‍, ഓരോ ടിക്കറ്റ് ബുക്കിങ്ങിനും ആധാര്‍ ഒടിപി ലഭിക്കുന്ന ടെലിഗ്രാം ഗ്രൂപ്പുകള്‍ എന്നിവയാണു വില്‍പനയ്ക്കുള്ളത്. 500 രൂപ മുതലാണു വില. ബുക്കിങ് വേഗത്തിലാക്കാന്‍ ഏജന്റുമാര്‍ ബോട്ടുകളും ഓട്ടമേറ്റഡ് ബ്രൗസര്‍ എക്സ്റ്റന്‍ഷനുകളും ഉപയോഗിച്ചിരുന്നു. ഇതു തടയാനാണ് ആധാര്‍ ബന്ധിപ്പിച്ചത്. എന്നാല്‍, തട്ടിപ്പുകാര്‍ അതിനെ മറികടന്നുവെന്നാണു സൂചന.