KeralaNEWS

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: ഒരു സ്ത്രീ മരിച്ചു, മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂറിന് ശേഷം

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പുറത്തെടുത്ത് അല്‍പ സമയത്തിനകമാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.

തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. മകളുടെ ചികിത്സയ്ക്കായാണ് ബിന്ദു ആശുപത്രിയിലെത്തിയത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണു; മൂന്നുപേര്‍ക്ക് പരിക്ക്

Signature-ad

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 14-ാം വാര്‍ഡ് കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം. എന്നാല്‍, അമ്മയെ കാണാനില്ലെന്ന് ബിന്ദുവിന്റെ മകള്‍ പരാതിപ്പെട്ടതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്.

Back to top button
error: