Breaking NewsLead News

വീട് വാടകയ്ക്കെടുത്ത് ഒഎല്‍എക്സില്‍ ‘വില്‍പ്പന’; യുവാവ് അറസ്റ്റില്‍, യുവതിക്കായി അന്വേഷണം

കൊച്ചി: ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് ഉടമ അറിയാതെ ഒഎല്‍എക്സിലൂടെ ‘വില്‍പ്പന’ നടത്തുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ഒരേ ഫ്‌ളാറ്റുകള്‍ കാട്ടി മൂന്നുപേരില്‍നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ വാഴക്കാലയില്‍ വാടകയ്ക്കു താമസിക്കുന്ന മിന്റു മണി (36) യെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്.

ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണെന്നും ഒന്നാം പ്രതിയായ ആശ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. കാക്കനാട്ടെയും പരിസരപ്രദേശത്തെയും ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും മാറി മാറി വാടകയ്‌ക്കെടുത്ത ശേഷമാണ് തട്ടിപ്പ്. ഈ ഫ്‌ളാറ്റുകള്‍ ഒഎല്‍എക്സില്‍ പണയത്തിനു നല്‍കാമെന്ന് പരസ്യം നല്‍കി ആവശ്യക്കാരെ ആകര്‍ഷിക്കും. വന്‍ തുക പണയം വാങ്ങി കരാറുണ്ടാക്കും. ഒരേ ഫ്‌ളാറ്റ് കാട്ടി പരസ്പരം അറിയാത്ത പലരില്‍നിന്നായി ലക്ഷങ്ങള്‍ പണയത്തുക ഈടാക്കുകയാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

Signature-ad

കാക്കനാട് മാണിക്കുളങ്ങര റോഡ് ഗ്ലോബല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റ് 11 മാസത്തേക്ക് പണയത്തിനു ലഭിക്കാന്‍ പണം നല്‍കി തട്ടിപ്പിനിരയായവരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. 6,50,000 രൂപയ്ക്ക് ഫ്‌ളാറ്റ് പണയത്തിനെടുത്ത വ്യക്തി താമസിക്കാന്‍ എത്തിയപ്പോഴാണ് ഇതേ ഫ്‌ളാറ്റ് പണയത്തിനു നല്‍കാമെന്നു പറഞ്ഞ് മറ്റു രണ്ടു പേരില്‍നിന്നായി 8 ലക്ഷം രൂപ പ്രതികള്‍ വാങ്ങിയ കാര്യം അറിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ സമാന രീതിയില്‍ തട്ടിപ്പിനിരയായ ഇരുപതോളം പേരാണ് പോലീസില്‍ പരാതിയുമായി എത്തിയത്. തൃക്കാക്കര പോലീസ് മൂന്നു കേസുകളും ഇന്‍ഫോപാര്‍ക്ക് പോലീസ് രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തു.

Back to top button
error: