ഷമിക്ക് ഞാനൊരു വീട്ടമ്മ മാത്രമാകണമായിരുന്നു; അതു ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു; സ്വന്തമായി വരുമാനം ഇല്ലാത്തതിന്റെ കാരണം അയാള്‍; ആളുകളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഉത്തരവിടുന്ന കോടതിയോട് ആദരമെന്നും ഹസിന്‍ ജഹാന്‍

മുംബൈ: കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുന്‍ ഭാര്യ ഹസിന്‍ ജാഹാനും മകള്‍ ഐറക്കും കൂടി മാസം നാല് ലക്ഷം രൂപ നല്‍കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. ജഹാന് ഒന്നര ലക്ഷം രൂപയും മകള്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് നല്‍കേണ്ടതെന്നുമാണ് വിവാഹമോചന കേസില്‍ കോടതി ഉത്തരവിട്ടത്. ഉത്തരവിന് പിന്നാലെ ഷമിക്കെതിരെ തുറന്നടിച്ച് ജഹാന്‍ രംഗത്തെത്തി. വിവാഹത്തിന് മുമ്പ് താൻ മോഡലിങ്ങും അഭിനയവും ചെയ്തിരുന്നുവെന്നും തന്‍റെ ജോലി ഉപേക്ഷിക്കാൻ ഷമി നിർബന്ധിച്ചുവെന്നും എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തില്‍ ജഹാന്‍ പറഞ്ഞു.
‘ഞാൻ ഒരു വീട്ടമ്മയായി മാത്രം ജീവിക്കുകയാണ് അയാൾക്ക് വേണ്ടത്. എനിക്ക് ഷമിയെ അത്രയധികം ഇഷ്ടമായിരുന്നതുകൊണ്ട് ഞാൻ സന്തോഷത്തോടെ അത് അംഗീകരിച്ചു. എന്നാൽ ഇപ്പോൾ എനിക്ക് സ്വന്തമായി വരുമാനമില്ല. ഇതിന്റെ എല്ലാ ഉത്തരവാദിത്തവും ഷമിക്കാണ്. അതുകൊണ്ടാണ് ഷമി ഇത് നിഷേധിച്ചപ്പോൾ ഞങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. നമ്മുടെ രാജ്യത്ത് ആളുകളോട് അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ഉത്തരവിടുന്ന ഒരു നിയമമുണ്ടായതിൽ ദൈവത്തോട് നന്ദി പറയുന്നു.

ഒരാളുമായി ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുമ്പോൾ, അവർക്ക് മോശം സ്വഭാവമാണെന്നോ, അവർ ഒരു കുറ്റവാളിയാണെന്നോ, അല്ലെങ്കിൽ മകളുടെ ഭാവി വെച്ച് കളിക്കുമെന്നോ അവരുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ടാവില്ലല്ലോ. ഞാനും ഇതിന്റെ ഇരയായി. ഏറ്റവും വലിയ കുറ്റവാളികൾക്ക് പോലും ദൈവം മാപ്പ് നൽകുന്നു. അദ്ദേഹത്തിന് തൻ്റെ മകളുടെ സംരക്ഷണവും ഭാവിയും സന്തോഷവും കാണാൻ കഴിയുന്നില്ല. ഹസിൻ ജഹാന്റെ ജീവിതം നശിപ്പിക്കാനുള്ള വാശി ഉപേക്ഷിക്കണം. ഞാൻ നീതിയുടെ പാതയിലും അയാൾ അനീതിയുടെ പാതയിലുമാണ്. അതിനാൽ അയാൾക്ക് എന്നെ നശിപ്പിക്കാൻ കഴിയില്ല,’ ഹസിൻ ജഹാൻ പറഞ്ഞു.
ഐപിഎല്‍ കാലത്തെ പ്രണയത്തിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഒരു വര്‍ഷത്തിന് ശേഷമാണ് ഇരുവര്‍ക്കും ഐറ ജനിക്കുന്നത്. 2018ല്‍ ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്. ഷമിയെക്കാള്‍ പത്ത് വയസിന് മൂത്ത ജഹാന് മുന്‍വിവാഹത്തില്‍ വേറെയും മക്കളുണ്ട്.