Breaking NewsLead NewsSportsTRENDING

വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നുമില്ല; ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അഴിച്ചുപണി വന്നേക്കും; സായ് സുദര്‍ശനു പകരം വാഷിംഗ്ടണ്‍ സുന്ദര്‍; കരുണ്‍ നായര്‍ക്ക് സ്ഥാനക്കയറ്റം; ഗഭീറിനും നിര്‍ണായകം

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കും. ലീഡ്സില്‍ അരങ്ങേറ്റം നടത്തിയ സായ് സുദര്‍ശന് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ സ്ഥാനം പോകാനാണ് സാധ്യത. സുദര്‍ശന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ വരുമെന്നാണ് സൂചന. അതുപോലെ ഷാര്‍ദൂല്‍ ഠാക്കൂറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡി വന്നേക്കും. ബുംമ്ര കളിച്ചില്ലെങ്കില്‍ ആകാശ് ദീപ് കളത്തില്‍ ഇറങ്ങാനാണ് സാധ്യത.

ഒന്നാം ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതുകൊണ്ട് ഈ ടെസ്റ്റില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. പരമ്പര സമനിലയിലാക്കുക എന്ന ലക്ഷ്യത്തിലായിരിക്കും ടീം ഗ്രൗണ്ടില്‍ ഇറങ്ങുക. നാല് സെഞ്ച്വറികളാണ് ലീഡ്സില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ചത്. എന്നിട്ടും തോറ്റു. ബൗളിംഗിലും ഫീല്‍ഡിംഗിലും അമ്പേ പരാജയമായിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ബുംമ്രയുടെ അഞ്ച് വിക്കറ്റ് നേട്ടം മാത്രമാണ് എടുത്തു പറയാനുള്ളത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളായിരുന്നു യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നില്‍. ബാസ്ബോള്‍ ശൈലിയില്‍ ബാറ്റ് വീശുന്ന ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് ആവര്‍ത്തിച്ച് ‘ ജീവന്‍’ കൊടുക്കുകയായിരുന്നു ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍. അപകടകാരികള്‍ക്ക് അവസരം കൊടുത്താല്‍ എന്തു സംഭവിക്കുമെന്ന് ആ തോല്‍വിയില്‍ നിന്നും ഇന്ത്യന്‍ ടീമിന് മനസിലായി കാണും.

Signature-ad

സുന്ദറും റെഡ്ഡിയും ടീമിലെത്തിയാല്‍ രവീന്ദ്ര ജഡേജ ഉള്‍പ്പെടെ മൂന്ന് ഓള്‍ റൗണ്ടര്‍മാരാകും. ജഡേജയും സുന്ദറിനെയും ചേര്‍ത്ത് സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റ് ശക്തിപ്പെടുത്താനായിരിക്കും ആഗ്രഹിക്കുക. ലീഡ്സില്‍ ജഡേജയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ചൈനാമാന്‍ കുല്‍ദീപും സ്‌ക്വാഡില്‍ ഉണ്ടെങ്കിലും മോശമില്ലാതെ ബാറ്റ് ചെയ്യുമെന്നതായിരിക്കാം സുന്ദറിന് തുണയായത്. മിഡ് ഓര്‍ഡറിലോ വാലറ്റത്തോ സുന്ദറിനെ ഇറക്കിയാല്‍ ബാറ്റിംഗ് ശക്തമാക്കാം. ഇന്ത്യന്‍ വാലറ്റം കഴിഞ്ഞ ടെസ്റ്റില്‍ ബാറ്റ് കൊണ്ട് യാതൊരു പ്രയോജനവും ടീമിന് നല്‍കിയിരുന്നില്ല. രണ്ടാം ഇന്നിംഗ്സില്‍ ശക്തമായ നിലയില്‍ നിന്നിട്ടാണ് പിന്നീട് കൊഴിഞ്ഞു വീണത്. നീതീഷ് റെഡ്ഡി വന്നാല്‍ മധ്യനിരയില്‍ ഒരു ഔദ്യോഗിക ബാറ്ററുമാകും. മീഡിയം പേസര്‍ എന്ന നിലയില്‍ ബൗളിംഗ് യൂണിറ്റിനും സഹായകമാകും.

സായ് സുദര്‍ശന്‍ പുറത്താവുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മൂന്നാം നമ്പറിലേക്ക്് കരുണ്‍ നായര്‍ക്ക് സ്ഥാനക്കയറ്റം കിട്ടും. കരുണിന്റെ ആറാം നമ്പറിലേക്ക് ജഡേജ വരും. സായുടെ അരങ്ങേറ്റം ഡക്കില്‍ ആയിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കാന്‍ ആകാതെയാണ് കീപ്പറിന് ക്യാച്ച് നല്‍കി മടങ്ങിയത്. രണ്ടാം ഇന്നിംഗ്സില്‍ 48 ബോളില്‍ നിന്ന് 30 റണ്‍സ് നേടിയെങ്കിലും വലിയ സ്‌കോറിലേക്ക് പോകാന്‍ കഴിയാഞ്ഞത് വിനയായിട്ടുണ്ട്.

സായ്ക്ക് തോളിന് ചെറിയ പരിക്ക് ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നെറ്റ്സില്‍ അദ്ദേഹം ദീര്‍ഘനേരം ഫീല്‍ഡിംഗ്, ബാറ്റിംഗ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗ് യൂണിറ്റില്‍ ക്യാപ്റ്റന്‍ ഗില്ലിന് നല്ല പേടിയുണ്ട്. പ്രത്യേകിച്ച് ബുംമ്ര കളിക്കുന്നില്ലെങ്കില്‍. അമിത ജോലി ഭാരം ഒഴിവാക്കുക എന്ന ലക്ഷ്യത്തില്‍ ഇംഗ്ലണ്ടില്‍ എല്ലാ ടെസ്റ്റിലും ബുംമ്ര കളിക്കില്ലെന്ന സൂചന നേരത്തെ തന്നെ കിട്ടിയിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍, പ്രതിരോധത്തിനായി ഓള്‍ റൗണ്ടര്‍മാര്‍ എന്ന നിലയില്‍ ആളിനെ ഉള്‍പ്പെടുത്തുമെന്ന സൂചന ഗില്‍ നല്‍കിയിട്ടുണ്ടെന്നതിനാല്‍ റെഡ്ഡിയും സുന്ദറും കളത്തില്‍ ഇറങ്ങാന്‍ തന്നെയാണ് സാധ്യത

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: