കച്ചവടം പൂട്ടിച്ചു ദക്ഷിണാഫ്രിക്കയിലേക്ക് കെട്ടുകെട്ടിക്കും; പോര് കടുത്തതോടെ ഇലോണ്‍ മസ്‌കിനെതിരേ ട്രംപ്; മസ്‌കിന്റെ പൗരത്വം പരിശോധിക്കണമെന്നും അനധികൃത കുടിയേറ്റക്കാരനാണെങ്കില്‍ തിരിച്ച് അയയ്ക്കുമെന്നു ട്രംപ് അനുകൂലിയും; സ്‌പേസ് എക്സ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആഹ്വാനം

ന്യൂയോര്‍ക്ക്: വിമര്‍ശനങ്ങള്‍ കടുപ്പിച്ചതോടെ ശതകോടീശ്വരനും മുന്‍ ആത്മമിത്രവുമായ ഇലോണ്‍ മസ്കിനെ കെട്ടുകെട്ടിക്കുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് മടക്കി അയയ്ക്കുന്നതിനെ കുറിച്ച് താന്‍ സജീവമായി ആലോചിക്കുകയാണെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മസ്കിന്‍റെ പൗരത്വം സംബന്ധിച്ച് വിശദമായി പരിശോധന നടത്തണമെന്നും അനധികൃത കുടിയേറ്റക്കാരനാണെന്നും എത്രയും വേഗത്തില്‍ നാടുകടത്തണമെന്നും കടുത്ത ട്രംപ് അനുകൂലിയായ സ്റ്റീവ് ബാനനും ആവശ്യമുന്നയിച്ചിരുന്നു. മസ്കിനെ നാടുകടത്തുന്നതിന് പുറമെ സ്പേസ് എക്സ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബാനന്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങള്‍ക്കെതിരെ ട്രംപ് എടുത്ത തീരുമാനങ്ങള്‍ മസ്കിനെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തെറ്റിയത്. സ്വരച്ചേര്‍ച്ച ഇല്ലായ്മ പരസ്യമായതിന് പിന്നാലെ ട്രംപ് സര്‍ക്കാരില്‍ നിന്നും മസ്ക് പിന്‍വലിയുകയും ചെയ്തു. ‘മസ്ക് കടപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് പോകേണ്ടി വരു’മെന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. ചരിത്രത്തില്‍ ഒരു മനുഷ്യനും കിട്ടാത്തത്ര ആനുകൂല്യങ്ങള്‍ ലഭിച്ച മനുഷ്യനാണ് മസ്കെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

യുഎസ് സര്‍ക്കാര്‍ നല്‍കി വന്ന കരാറുകളും ഇളവുകളും ഇല്ലെങ്കില്‍ മസ്കിന്‍റെ കമ്പനി പൊട്ടി പൊളിയുമെന്നും റോക്കറ്റ് വിക്ഷേപണങ്ങളും ഉപഗ്രഹങ്ങളും യുഎസിലെ ഇലക്ട്രിക് കാര്‍ നിര്‍മാണവുമെല്ലാം നിലയ്ക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. എന്നാല്‍ തനിക്ക് ഔദാര്യമൊന്നും വേണ്ടെന്നും നിര്‍ത്തലാക്കാനുള്ളതെല്ലാം നിര്‍ത്തലാക്കൂവെന്നും മസ്ക് തന്‍റെ സമൂഹമാധ്യമമായ എക്സിലൂടെ തിരിച്ചടിച്ചു.
ട്രംപിന്‍റെ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് മസ്ക് ആദ്യം രംഗത്തുവന്നത്. ‘അറപ്പുളവാക്കുന്ന മ്ലേച്ഛത’യെന്നായിരുന്നു മസ്ക് ബില്ലിനെ വിളിച്ചത്. യുഎസിന്‍റെ കടബാധ്യത കൂട്ടുകയും ലജ്ജയാല്‍ ഭാവിയില്‍ തല കുനിയാനും ബില്‍ ഇടയാക്കുമെന്നും മസ്ക് കുറിച്ചിരുന്നു. ട്രംപിനെതിരായ വിമര്‍ശനങ്ങള്‍ കടുപ്പച്ചതിന് പിന്നാലെ താന്‍ ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും ഡമോക്രാറ്റിക്, റിപ്പബ്ലിക് പാര്‍ട്ടികള്‍ പരാജയപ്പെട്ടയിടത്ത് തന്‍റെ പാര്‍ട്ടിക്ക് പ്രതീക്ഷയേകാന്‍ കഴിയുമെന്നും മസ്ക് വെളിപ്പെടുത്തി.
എന്നാല്‍ മസ്ക് കാപട്യം നിറഞ്ഞയാളാണെന്നും സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങളെല്ലാം സ്വന്തമാക്കിയ ശേഷം ഇപ്പോള്‍ വിമര്‍ശിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇലക്ട്രിക് കാറുകള്‍ നല്ലതാണ്, പക്ഷേ ഒരെണ്ണം വാങ്ങാന്‍ എല്ലാവരെയും നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്നും മസ്ക് പറഞ്ഞു.