KeralaNEWS

വയനാട് ദുരന്തബാധിതര്‍ക്ക് വീടു നല്‍കാമെന്ന വാഗ്ദാനം നിറവേറ്റിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന് വിമര്‍ശനം, പിരിച്ച പണം എവിടെയെന്നും ചോദ്യം

ആലപ്പുഴ: വയനാട് ദുരന്തബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു വിമര്‍ശനം. എട്ടുലക്ഷം രൂപ വീതം ചെലവുള്ള 30 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാണ് സംഘടനയുടെ രാഷ്ട്രീയപരിശീലന ക്യാംപില്‍ വിമര്‍ശനമുയര്‍ന്നത്.

എന്നാല്‍, യോഗത്തില്‍ വിമര്‍ശനമുണ്ടായെന്ന വാര്‍ത്തകള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രസമ്മേളനത്തില്‍ തള്ളി. വയനാടിനായി പിരിച്ച പണം എവിടെയെന്ന ചോദ്യം ക്യാംപില്‍ ഉയര്‍ന്നിരുന്നു. വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ട് വഴിയാണ് പണംപിരിച്ചത്. അത്തരത്തില്‍ സമാഹരിച്ച 30വീടുകളുടെ പണം കെപിസിസിക്ക് കൈമാറുമെന്നും രാഹുല്‍ പറഞ്ഞു.

Signature-ad

2.4 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ട് വഴിയാണ് പണംപിരിച്ചത്. 84 ലക്ഷം രൂപ ലഭിച്ചത്. ഇത് കെപിസിസിക്കു കൈമാറും. സമാനപദ്ധതി പാര്‍ട്ടിയും നടത്തുന്നുണ്ട്. പ്രഖ്യാപിച്ച തുക മുഴുവന്‍ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. ഭാരവാഹികള്‍ ജനപ്രതിനിധികളായാല്‍ സ്ഥാനം ഒഴിയണമെന്ന വിമര്‍ശനം ക്യാംപില്‍ കേട്ടിട്ടില്ല. ജനപ്രതിനിധി ആവുകയെന്നത് അയോഗ്യതയല്ല. യൂത്ത് കോണ്‍ഗ്രസിന്റെ പ്രായപരിധി 40 ആക്കണമെന്ന നിര്‍ദ്ദേശം 12 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: