ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം വീണ്ടും തുറന്നു; കാമ്പസിലെ നീന്തല്‍ക്കുളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്; തീവ്രവാദികള്‍ ആക്രമണ ഉത്തരവിനായി കാത്തിരിക്കുമ്പോള്‍ ഉപയോഗിക്കുന്നതും ഇതേ കുളം; തീവ്രവാദികളുമായുള്ള ഐഎസ്‌ഐ ബന്ധം വ്യക്തമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തെ ജമാ-ഇ മസ്ജിദ് സുബ്ഹാന്‍ അല്ലാഹ് സെമിനാരി വീണ്ടു തുറന്നെന്നു വെളിപ്പെടുത്തല്‍. കാമ്പസിലെ നീന്തല്‍ക്കുളത്തില്‍ ആളുകള്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ക്ലാസുകള്‍ ആരംഭിച്ചെന്നു ജെയ്‌ഷെ മുഹമ്മദ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. സെമിനാരിയില്‍ പഠിക്കുന്ന 600 വിദ്യാര്‍ഥികള്‍ പ്രതിദിന പ്രവൃത്തികള്‍ ആരംഭിച്ചെന്നും അറിയിപ്പില്‍ പറഞ്ഞു.
ജെയ്‌ഷെ തീവ്രവാദികള്‍ അവരുടെ കശ്മീര്‍ പോലുള്ള ഓപ്പറേഷനുകള്‍ക്കുള്ള ഉത്തരവുകള്‍ക്കായി ബഹവല്‍പൂരില്‍ കാത്തിരിക്കുന്ന സമയത്തു നീന്തല്‍ക്കുളം ഉപയോഗിക്കാറുണ്ട്. 2019-ലെ പുല്‍വാമ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദിന്റെ നാലു പ്രധാന നേതാക്കളായ മുഹമ്മദ് ഉമര്‍ ഫാറൂഖ്, തല്‍ഹ റഷീദ് ആല്‍വി, മുഹമ്മദ് ഇസ്മായില്‍ ആല്‍വി, റഷീദ് ബില്ല എന്നിവര്‍ കശ്മീരിലേക്ക് പോകുന്നതിനുമുമ്പ് നീന്തല്‍ക്കുളത്തില്‍നിന്നുള്ള ചിത്രങ്ങള്‍ എടുത്തിരുന്നു.

‘ഒരു നീന്തല്‍ക്കുളം വീണ്ടും തുറക്കുന്നത് ചെറിയ കാര്യമായി തോന്നാമെങ്കിലും, ബഹാവല്‍പൂര്‍ പ്രദേശത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് ഇത് ഒരു വലിയ ആകര്‍ഷണമാണെന്നും തീവ്രവാദികള്‍ അവരുടെ കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്ന താവളമാണിതെന്നും പാക് ചാര സംഘടനയായ ഐഎസ്‌ഐയ്ക്കു തീവ്രവാദി ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ നീക്കമില്ലെന്ന സൂചനകൂടിയാണിതെന്ന്’ ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മേയില്‍ ഇന്ത്യ-പാകിസ്താന്‍ ഏറ്റുമുട്ടലിനുശേഷമുള്ള ആഴ്ചകളില്‍ ജെയ്‌ഷെ മുഹമ്മദ് നേതൃത്വം പരസ്യമായി ഇന്ത്യക്കെതിരേ രംഗത്തുവന്നിരുന്നു. അമീര്‍ മസൂദ് അസ്ഹര്‍ ആല്‍വി തന്റെ പ്രസംഗങ്ങളില്‍ രാമക്ഷേത്രം തകര്‍ക്കുമെന്നും അഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മൂത്ത സഹോദരി, ഭര്‍ത്താവ്, അനന്തരവന്‍, ഭാര്യ, ഒരു മരുമകള്‍, അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവരുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കു സംഘടന സ്വന്തം നിലയ്ക്കാണു പണം ചെലവിട്ടതെന്ന് അസ്ഹര്‍ നേരത്തേ അവകാശപ്പെട്ടിരുന്നു.
യുദ്ധവിരാമത്തിനുശേഷം സംഘടന പാകിസ്താനില്‍ ഉടനീള നിരവധി റാലികള്‍നടത്തി. എന്നാല്‍, മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടാനുള്ള പരമാവധി കുറയ്ക്കുന്നതില്‍ അവര്‍ ശ്രദ്ധാലുക്കളാണ്. ജൂണ്‍ ഒമ്പതിനു പുറത്തുവന്ന സന്ദേശത്തില്‍ ജെയ്‌ഷെ തങ്ങളുടെ പ്രവര്‍ത്തന വീഡിയോള്‍ നിര്‍മിക്കരുതെന്നും മതനിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും പറഞ്ഞിരുന്നു.
ജൂണില്‍, ഗസ്വ-ഇ-ഹിന്ദ് അല്ലെങ്കില്‍ ഇന്ത്യയ്ക്കെതിരായ വിശുദ്ധ യുദ്ധം പോലുള്ള വിദ്വേഷകരമായ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട പുരോഹിതനായ അബ്ദുള്‍ ഐസാസ് ഇസാറിന്റെ ശവസംസ്‌കാര ചടങ്ങുകളും ജെയ്ഷെ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തി. ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാനിലെ മര്‍കസ് തലീമിന്റെ (വിദ്യാഭ്യാസ കേന്ദ്രം) ചുമതല ഇസാറായിരുന്നു,
മെയ് 7 ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സമുച്ചയത്തിന്റെ ഒരു ഭാഗം തകര്‍ന്നതിനെത്തുടര്‍ന്ന് ജാമിയ മസ്ജിദ് സുബ്ഹാന്‍ അല്ലാഹ് സെമിനാരി അടച്ചുപൂട്ടി. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനു പ്രതികാരമായി ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായിരുന്നു ഈ ആക്രമണം.
പുല്‍വാമ ആക്രമണത്തിനുശേഷം പാകിസ്താന്‍ പഞ്ചാബ് പ്രവിശ്യയുടെ ആഭ്യന്തര മന്ത്രാലയം കാമ്പസിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് അവകാശപ്പെട്ടിരുന്നു. ആറാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവും മതേതരവുമായ വിദ്യാഭ്യാസവും ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസ നിലവാരത്തിന് തുല്യമായ ക്ലറിക്കല്‍ ദര്‍ശ്-ഇ-നിസാമി കോഴ്സുകളും കാമ്പസ് നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.
സെമിനാരിക്ക് ഒരു തീവ്രവാദ ഗ്രൂപ്പുമായും ബന്ധമില്ലെന്ന് ഉദ്യോഗസ്ഥര്‍ തറപ്പിച്ചുപറഞ്ഞു. ഇതൊരു സാധാരണ സെമിനാരി മാത്രമാണെന്നും ജെയ്‌ഷെ മുഹമ്മദുമായി ബന്ധമില്ലെന്നും ബഹാവല്‍പുര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഷോസേബ് സയീദ് സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞിരുന്നു. ഏകദേശം 600 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്, അവരില്‍ ആരും തന്നെ നിരോധിത സംഘടനയുമായി ബന്ധമുള്ളവരല്ലെന്നും അദ്ദേഹം പറഞ്ഞു.
ജമാ-ഇ-മസ്ജിദ് സുബ്ഹാന്‍ അല്ലാഹ് സെമിനാരി ഉള്‍പ്പെട്ട 18 ഏക്കര്‍ ഭൂമി 2019 ല്‍ അസ്ഹറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ് റഷീദ് ആല്‍വി 80 ലക്ഷം രൂപയ്ക്കാണു വാങ്ങിയത്. 12,000 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ഹോസ്റ്റല്‍, കായിക സൗകര്യങ്ങള്‍, പ്രാര്‍ത്ഥനാ സ്ഥലങ്ങള്‍ എന്നിവ ഈ സമുച്ചയത്തില്‍ ഉണ്ടായിരുന്നു.
ജെയ്ഷെ മുഹമ്മദ് പാകിസ്ഥാനില്‍ നിരോധിത സംഘടനയാണെങ്കിലും, 1974-ല്‍ ജനിച്ച റൗഫ് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നേരിടുന്നുണ്ടെങ്കിലും, പ്രാദേശിക അധികാരികള്‍ അദ്ദേഹത്തെ ഒരിക്കലും വിചാരണയ്ക്കു വിധേയമാക്കിയിട്ടില്ല. ഐക്യരാഷ്ട്രസഭ റൗഫിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളെ ചൈന പലതവണ തടയുകയും ചെയ്തു.
ജമാഅത്ത്-ഉദ്-ദവയെയും ജെയ്ഷെ-ഇ-മുഹമ്മദിനെയും നിരോധിത സംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇനി അവര്‍ക്ക് പ്രവിശ്യയില്‍ ഒരു പ്രവര്‍ത്തനവും നടത്താന്‍ കഴിയില്ലെന്നും’ പഞ്ചാബ് മുന്‍ നിയമമന്ത്രി റാണ സനാഉല്ല ഖാന്‍ 2016 ല്‍ പറഞ്ഞിരുന്നു. പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സുമായുള്ള (ഐഎസ്‌ഐ) അവര്‍ക്കു ബന്ധമുണ്ടെന്ന വാദവും തള്ളിക്കളഞ്ഞിരുന്നു.