KeralaNEWS

തമ്മില്‍ ഭേദം! യുപിഎസ്‌സി നല്‍കിയ മൂന്ന് പേരുകള്‍ വായിച്ച് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത് ഇങ്ങനെ; രവതയ്ക്ക് ഇനി വേണ്ടത് അമിത് ഷായുടെ അനുമതി

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ ആദ്യ അജണ്ടയായിരുന്നു പോലീസ് മേധാവിയുടെ നിയമനം. യുപിഎസ് സി അയച്ച ചുരുക്കപ്പട്ടികയിലെ മൂന്ന് പേരുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വായിച്ചു. ഇതിന് ശേഷം ഇവരുടെ സര്‍വ്വീസ് ചരിത്രം. കൂത്തുപറമ്പ് പോലുള്ള വിവാദങ്ങളൊന്നും പരാമര്‍ശിച്ചില്ല. പേരുകള്‍ മൂന്ന് വായിച്ച് ശേഷം മൂന്ന് പേരില്‍ ഭേദം രവതാ ചന്ദ്രശേഖറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരും എതിര്‍ത്തില്ല. ഒന്നും പറഞ്ഞതുമില്ല. ഇതോടെ തീരുമാനം മന്ത്രിസഭ അംഗീകരിച്ചു. അതിന് ശേഷം സര്‍ക്കാര്‍ ഉത്തരവ് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചു. പോലീസ് മേധാവിയായി രവതാ ചന്ദ്രശേഖറിന് ഉടന്‍ ചുമതലയേല്‍ക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനും അറിയാം.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ ഒഴിവാക്കിയാല്‍ മാത്രമേ ഐബിയില്‍ സ്‌പെഷ്യല്‍ ഡയറക്ടറായ രവതയ്ക്ക് കേരളത്തില്‍ എത്താനാകൂ. അതിന് വേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനുമതിയാണ്. രവതയെ കേന്ദ്ര സെക്രട്ടറിയേറ്റില്‍ സുരക്ഷാ ചുമതലയുള്ള സെക്രട്ടറിയായി അമിത് ഷാ നേരത്തേ നിയമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അമിത് ഷാ തന്റെ വിശ്വസ്തനെ കേരളത്തിലേക്ക് അയക്കുമോ എന്നതാണ് നിര്‍ണ്ണായകം. എന്നാല്‍ രവതയുടെ പോലീസ് മേധാവി മോഹത്തിന് അമിത് ഷാ എതിരു നില്‍ക്കില്ലെന്നാണ് സൂചന. അങ്ങനെ എങ്കില്‍ കേന്ദ്രത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രവത താമസിയാതെ കേരളത്തിലെത്തും. അതുവരെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് പോലീസ് മേധാവിയുടെ താല്‍കാലിക ചുമതല സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. എത്രയും വേഗം കേരളത്തിലെത്തുമെന്ന് രവത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം.

Signature-ad

രവതാ ചന്ദ്രശേഖര്‍ പോലീസ് മേധാവിയാകുമ്പോള്‍ എംആര്‍ അജിത് കുമാറിന് ഡിജിപി പദം കിട്ടുന്നതും വൈകും. രവതയ്ക്ക് നറുക്ക് വീഴുമ്പോള്‍ അജിത് കുമാര്‍ നിരാശനാകും. നിധിന്‍ അഗര്‍വാളാണ് പോലീസ് മേധാവിയായി ചുമതലയേല്‍ക്കുന്നതെങ്കില്‍ ഒഴിവുവരുന്ന ഡിജിപി തസ്തികയില്‍ എം.ആര്‍. അജിത്കുമാറിന് ഉടന്‍തന്നെ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുമായിരുനന്നു. രവതാ ചന്ദ്രശേഖറിനെ നിയമിക്കണമെങ്കില്‍ അജിത്കുമാറിന് സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ നിധിന്‍ അഗര്‍വാള്‍ വിരമിക്കുംവരെ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയുണ്ട്. സംസ്ഥാനത്തിന് നാല് ഡിജിപി തസ്തികമാത്രമാണ് അനുവദിച്ചിട്ടുള്ളത് എന്നതിനാലാണിത്.

നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള രവതാ തിരിച്ചു വന്നാല്‍ കേരളത്തിന് അനുവദിച്ച ഡിജിപി തസ്തികകളില്‍ ഒന്ന് നല്‍കണം. അതുകൊണ്ട് അജിത് കുമാറിന് നിയമനം കിട്ടില്ല. അഗര്‍വാളും ഷെയ്ഖ് ദര്‍വേശ് സാഹിബും യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമുമാണ് ഡിജിപി റാങ്കുള്ളവര്‍. ഇതില്‍ സാഹിബ് വരിമിച്ചു. രവതയ്ക്ക് ഡിജിപി റാങ്ക് നല്‍കിയിട്ടുണ്ടെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിലായതിനാല്‍ അത് കേരളത്തിന്റെ പട്ടികയില്‍ വരില്ല. രവത പോലീസ് മേധാവിയാകുമ്പോള്‍ സ്വാഭാവികമായും രവതയും അഗര്‍വാളും ഗുപ്തയും മനോജും ഡിജിപി തസ്തിക നിറയ്ക്കും. അതുകൊണ്ട് മറ്റാരേയും ഡിജിപി റാങ്കിലേക്ക് നിയമിക്കാന്‍ കഴിയില്ല.

അതു കഴിഞ്ഞ് അഗര്‍വാള്‍ വിരമിക്കുമ്പോള്‍ മാത്രമേ ഡിജിപി പദവി ഒഴിവു വരൂ. അല്ലാത്ത പക്ഷം യോഗേഷ് ഗുപ്ത കേന്ദ്ര ഡെപ്യുട്ടേഷനില്‍ പോകണം. എങ്കിലും അജിത് കുമാറിന് ഡിജിപി പദവി കിട്ടും. കേന്ദ്ര ഡെപ്യൂട്ടേഷന് വേണ്ടിയുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ സമീപിച്ചെങ്കിലും കൊടുത്തില്ല. നിലവിലെ സാഹചര്യത്തില്‍ അജിത് കുമാറിന് വേണ്ടി അത് കൊടുത്തേക്കും. ഇതെല്ലാം നടക്കും മുമ്പ് സുരേഷ് രാജ് പുരോഹിത് സംസ്ഥാന സര്‍വ്വീസിലേക്ക് മടങ്ങിയെത്തിയാലും അജിത് കുമാറിന് നിരാശനാകേണ്ടി വരും. അജിത് കുമാറിനേക്കാള്‍ സീനിയര്‍ പുരോഹിതാണ്.

കേരളാ കേഡറില്‍ അദ്ദേഹം തിരിച്ചെത്തിയാല്‍ അടുത്തു വരുന്ന ഡിജിപി ഒഴിവ് പുരോഹിതിന് അര്‍ഹതപ്പെട്ടതാകും. അങ്ങനെ അജിത് കുമാറിന് മുന്നില്‍ പലവിധ വെല്ലുവിളികളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: