
ചെന്നൈ: തമിഴ്നാട് തിരുപ്പൂരില്‍ കാറിനുള്ളില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ത്രീധനപീഡനമെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. തിരുപ്പൂരിലെ വസ്ത്രവ്യാപാരി അണ്ണാദുരയുടെ മകളായ റിതന്യ(27)യെ ആണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹത്തിന്റെ ആദ്യനാളുകള്‍ മുതല്‍ റിതന്യയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കവിന്റെ ലൈംഗിക പീഡനവും ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനവും താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് 27കാരി സ്വന്തം വീട്ടിലേക്ക് മടങ്ങി പോയത്. 500 പവന്‍ നല്‍കിയില്ലെന്നതായിരുന്നു ഭര്‍തൃവീട്ടുകാരുടെ പരാതി.

സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുത്ത ആഡംബര വിവാഹത്തിനായി 2.5 കോടി രൂപയോളമാണ് റിധന്യയുടെ വീട്ടുകാര്‍ ചെലവഴിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ വിളക്ക് തെളിയിക്കാന്‍ പോലും യുവതിക്ക് അനുവാദമുണ്ടായിരുന്നില്ല. വിളക്കില്‍ തൊട്ടാല്‍ ശിക്ഷയായി ഒരു മണിക്കൂറോളം നില്‍ക്കേണ്ടതായും വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍തൃവീട്ടുകാര്‍ പതിവായി ശാപവാക്കുകള്‍ പറഞ്ഞ് യുവതിയെ വലിയ മനോവിഷമത്തിലേക്ക് തള്ളിവിടുകയും ചെയ്തു.
ലൈംഗിക അതിക്രമങ്ങളെ കുറിച്ച് സംസാരിച്ചാല്‍ റിതന്യയുടെ പേര് വിശദമാക്കി ആത്മഹത്യ ചെയ്യുമെന്ന് കവിന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് തെങ്ങിന് ഉപയോഗിക്കുന്ന കീടനാശിനി കുടിച്ച് യുവതി ജീവനൊടുക്കിയത്. റിതന്യയുടെ മൃതദേഹമുണ്ടായിരുന്ന അവനാശി സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിയ കവിനെയും കുടുംബത്തെയും യുവതിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇേതാടെ ഭര്‍തൃവീട്ടുകാര്‍ കാറില്‍ മോര്‍ച്ചറി പരിസരത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിന് ശേഷമാണ് കവിന്‍ കുമാറിനെയും പിതാവ് ഈശ്വര മൂര്‍ത്തിയേയും അമ്മ ചിത്രാദേവിയേയും പോലീസ് പിടികൂടിയത്.
അതേസമയം, ഏപ്രിലില്‍ ആണ് കവിന്‍ കുമാറു(28)മായി റിതന്യയുടെ വിവാഹം കഴിഞ്ഞത്. കല്യാണവുമായി ബന്ധപ്പെട്ട് കവിന്റെ കുടുംബത്തിന് നൂറ് പവന്‍ സ്വര്‍ണാഭരണങ്ങളും 70 ലക്ഷം രൂപ വിലമതിക്കുന്ന വോള്‍വോ കാറും സ്ത്രീധനമായി നല്‍കിയിരുന്നു. ഞായറാഴ്ച തിരുപ്പൂരിനടുത്തുള്ള ചെട്ടിപുത്തൂരിലാണ് സ്വന്തം കാറിനുള്ളില്‍ റിതന്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരിക്കുന്നതിന് തൊട്ടുമുമ്പ് റിതന്യ അച്ഛന്‍ അണ്ണദുരൈക്ക് വാട്സാപ്പില്‍ ഏഴ് ശബ്ദസന്ദേശങ്ങള്‍ അയച്ചിരുന്നു. താനെടുത്ത തീരുമാനത്തിന് ക്ഷമ ചോദിക്കുന്നുവെന്നും ഭര്‍ത്തൃവീട്ടിലെ അതിക്രമങ്ങള്‍ ഇനി സഹിക്കാന്‍ കഴിയില്ലെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. ‘ദിവസവുമുള്ള മാനസിക പീഡനങ്ങള്‍ സഹിക്കാന്‍ കഴിയുന്നില്ല. ആരോടാണ് പറയേണ്ടതെന്ന് അറിയില്ല. കേള്‍ക്കുന്നവരൊക്കെ ജീവിതം ഇങ്ങനെയാണ് എന്ന് പറഞ്ഞ് എന്നെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു. ആരും എന്നെ മനസിലാക്കുന്നില്ല’, ശബ്ദസന്ദേശത്തില്‍ റിതന്യ പറഞ്ഞു.