
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് കല്‍ക്കട്ട ലോ കോളേജില്‍ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കോളേജില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനിയുടെ പരാതിയിലെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതായി പോലീസ് അറിയിച്ചു. ഇരയായ വിദ്യാര്‍ഥിനിയെ പ്രതികള്‍ കോളേജിലെ സുരക്ഷാ ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴയ്ക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. മൂന്ന് പ്രതികളുടെയും സുരക്ഷാ ജീവനക്കാരന്റെയും ഇരയുടെയും നീക്കങ്ങള്‍ ലഭിച്ച ദൃശ്യങ്ങളിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇവ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
വിദ്യാര്‍ഥി യൂണിയന്‍ മുറിയില്‍ നിന്നും ശുചിമുറിയില്‍ നിന്നും സുരക്ഷാ ജീവനക്കാരന്റെ മുറിയില്‍ നിന്നും മുടിയിഴകള്‍, ഹോക്കി സ്റ്റിക്ക് തുടങ്ങിയ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. മൂന്ന് മുറികളിലും ബലപ്രയോഗത്തിന്റെ വ്യക്തമായ സൂചനകളുണ്ട്. സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രധാന പ്രതിയുടെ ഫോണില്‍നിന്ന് കുറ്റകൃത്യത്തിന്റെ വീഡിയോ കണ്ടെടുത്തതായി പോലീസ് അറിയിച്ചിരുന്നു. ലഭിച്ച ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലൈംഗികാതിക്രമം പ്രതി ഫോണില്‍ പകര്‍ത്തിയിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പ്രതി ഈ ദൃശ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിട്ടിട്ടുണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം, കേസ് അന്വേഷിക്കാന്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അഞ്ചംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.
സംഭവത്തില്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനും അറസ്റ്റിലായിരുന്നു. പിനാകി ബാനര്‍ജി എന്ന 55-കാരനാണ് അറസ്റ്റിലായിരിക്കുന്നത്. കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് ബാനര്‍ജി. ചോദ്യംചെയ്യലില്‍ ഇയാളുടെ മറുപടികള്‍ പരസ്പരവിരുദ്ധമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസമയത്ത് അയാള്‍ പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. മനോജിത് മിശ്ര (31), സായിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരാണ് നേരത്തേ അറസ്റ്റിലായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജൂലായ് ഒന്നുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.