
കുമിളി: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് (ശനി) തുറക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് 5 മണിവരെ ജലനിരപ്പ് 135.28 ആണ്. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.
ആനവിലാസം, പെരിയാർ, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 893 കുടുംബങ്ങളിലെ 3246 പേരെ ഇന്നലെ രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കളക്ടർ വി വിഗ്നേശ്വരി റവന്യൂ പോലീസിന് നിർദേശം നൽകിയിരുന്നു. ഇവർക്കായി 25 ഓളം ക്യാമ്പുകൾ ഒരുക്കി കഴിഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്നാടിനോട് അഭ്യർഥിച്ചതായി കളക്ടർ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണ്. റവന്യൂ- പൊലീസ് അധികാരികളുടെ നിർദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അഭ്യർഥിച്ചു.
കേരളത്തിൽ മഴ കനക്കുന്നതിനാൽ വിവിധ ജില്ലകളിൽ കേന്ദ്രാ കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ ഇടുക്കി ജില്ലയിലും മഴ കനക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാനുള്ള നീക്കം നടക്കുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഉയർന്ന തോതിലാണ്. ദിവസങ്ങളായി നീരൊഴുക്ക് വർധിച്ചിരുന്നു. ഇതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം കൊണ്ടുപൊകുന്ന തമിഴ്നാടിൻ്റെ വൈഗ അണക്കെട്ടിലും ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
വൈഗ അണക്കെട്ടിൻ്റെ പരാമാവധി സംഭരണശേഷി 72 അടിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ആശങ്കയുണ്ടാക്കുന്ന തരത്തിൽ ഉയരുമ്പോൾ വൈഗ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോയി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതാണ് തമിഴ്നാടിൻ്റെ രീതി. കഴിഞ്ഞ ദിവസം വൈഗ അണക്കെട്ട് തുറന്ന് ജലനിരപ്പ് ക്രമീകരിച്ചിരുന്നു. മുല്ലപ്പെരിയാറിലെ വെള്ളം സ്വീകരിക്കുന്നതിനാണ് വൈഗയിലെ ജലനിരപ്പ് കുറച്ചത്.