
ഇസ്ലാമബാദ്: ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയതെന്ന് അവകാശപ്പെടുന്ന പാക് സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ തെക്കന്‍ വസീരിസ്ഥാന് സമീപം സരാരോഗയില്‍ പാക് താലിബാനുമായുള്ള ഏറ്റുമുട്ടലിലാണ് മേജര്‍ സയ്യിദ് മോയിസ് അബ്ബാസ് ഷാ കൊല്ലപ്പെട്ടതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍ പുറത്ത് വിട്ട പ്രസ്താവനയിലാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി വ്യക്തമാക്കിയിട്ടുള്ളത്.
റാവല്‍പിണ്ടിയിലെ ചക്ലാല ഗാരിസണില്‍ നടന്ന മേജര്‍ ഷായുടെ സംസ്‌കാര പ്രാര്‍ത്ഥനകളില്‍ പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ പങ്കെടുത്തതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഞ്ചാബിലെ ചക്വാളിലെ ജന്മനാട്ടിലാണ് മേജര്‍ സയ്യിദ് മോയിസ് അബ്ബാസ് ഷായുടെ മൃതദേഹം സംസ്‌കരിച്ചത്. പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ബലാകോട്ട് ആക്രമണത്തിന് പിന്നാലെ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലായതിന് പിന്നാലെ ജിയോ ടിവിയുമായി മേജര്‍ സയ്യിദ് മോയിസ് അബ്ബാസ് ഷാ നടത്തിയ പ്രതികരണം വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

2019 ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെ, പാകിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനം മിഗ് 21 ഉപയോഗിച്ച് തകര്‍ത്തതിന് പിന്നാലെയാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലായത്. പാക് അധിനിവേശ കശ്മീരിന്റെ ഭാഗങ്ങളിലൂടെ പറക്കുമ്പോള്‍ മിഗ് 21ന് വെടിയേല്‍ക്കുകയും അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് അതിര്‍ത്തിയില്‍ ഇറങ്ങേണ്ടി വരുകയുമായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം പാക് സൈന്യം അഭിനന്ദനെ തിരിച്ച് ഇന്ത്യയിലേക്ക് അയച്ചു. അല്‍ ഖ്വയ്ദയുമായി അടക്കം അടുത്ത ബന്ധം പുലര്‍ത്തുന്ന പാക് താലിബാന്‍ പാക് സൈന്യത്തിന് നേരെ നിരവധി ആക്രമണങ്ങളാണ നടത്തിയിട്ടുള്ളത്.