ഷൗക്കത്തിന്റെ വിജയത്തിന് അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്തു; പ്രതികരിച്ച് ഡിസിസി പ്രസിഡന്റ്

മലപ്പുറം: ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിന് പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്തെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. ശക്തി കേന്ദ്രങ്ങളില്‍പ്പോലും എല്‍ ഡി എഫിന് തിരിച്ചടിയുണ്ടാകാന്‍ കാരണം അന്‍വറിന്റെ സാന്നിദ്ധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അന്‍വര്‍ നല്ല രീതിയില്‍ വോട്ട് പിടിക്കുമെന്ന് നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. യുഡിഎഫിന്റെ വോട്ടല്ല ചോര്‍ന്നത്. പ്രതിഫലിച്ചത് ഭരണവിരുദ്ധവികാരമാണ്. നിലമ്പൂരിലെ ജനങ്ങള്‍ക്ക് ആര്യാടന്‍ ഷൗക്കത്തിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ഒമ്പത് വര്‍ഷത്തിനുശേഷം ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂരില്‍ നേടിയ വിജയം യു ഡി എഫിന് രാഷ്ട്രീയ കരുത്തായി. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുന്നത് ആദ്യമാണ്.
ആര്യാടന്‍ ഷൗക്കത്ത് 11,077 വോട്ടിന്റെ മിന്നുംജയമാണ് നേടിയത്. ഷൗക്കത്തിന് 77,737 വോട്ടും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിന് 66,660 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് 19,970 വോട്ടും ലഭിച്ചു. എന്‍ ഡി എ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8,648 വോട്ടുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എസ് ഡി പി ഐക്ക് 2,075 വോട്ടുകിട്ടി. നോട്ടയ്ക്ക് 630 വോട്ടുണ്ട്.
2016ല്‍ 11,504 വോട്ടിന് ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. വി. അന്‍വറിനോട് തോറ്റ ആര്യാടന്‍ ഷൗക്കത്ത് ഏകദേശം അത്രയും വോട്ടുകള്‍ക്കാണ് ഇക്കുറി വിജയം കുറിച്ചത്. പി വി അന്‍വര്‍ സി പി എമ്മുമായി ഇടഞ്ഞ് രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മുന്‍മന്ത്രിയും ഷൗക്കത്തിന്റെ പിതാവുമായ ആര്യാടന്‍ മുഹമ്മദ് മൂന്ന് പതിറ്റാണ്ടോളം കുത്തകയാക്കിയ മണ്ഡലത്തില്‍ 2021ലും അന്‍വറാണ് വിജയിച്ചത്. അന്ന് വി വി പ്രകാശിനെ 2,700 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇത്തവണ മൂന്ന് മുന്നണികള്‍ക്കെതിരെയും സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ പരാജയപ്പെട്ടെങ്കിലും കരുത്തറിയിച്ചു.