Breaking NewsKeralaLead NewsNEWS

ജയിച്ചെങ്കിലും തര്‍ക്കം തുടരും! അന്‍വറിന്റെ കാര്യത്തില്‍ സതീശന് തെറ്റുപറ്റിയോ? കോണ്‍ഗ്രസില്‍ പുതിയ വിവാദം

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച ജയം സ്വന്തമാക്കിയിട്ടും, പിവി അന്‍വര്‍ പിടിച്ച വോട്ടുകളെച്ചൊല്ലി കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിനു വഴി തുറക്കുന്നു. ഇരുപതിനായിരത്തോളം വോട്ടുകള്‍ പിടിച്ച അന്‍വറിനെ കൂടെനിര്‍ത്തേണ്ടതായിരുന്നുവെന്ന വിലയിരുത്തലിലാണ് നല്ലൊരു വിഭാഗം നേതാക്കളും. ഇവരുടെ ഈ വിലയിരുത്തലിന്റെ വിമര്‍ശന മുന നീളുന്നതാവട്ടെ, പ്രതിപക്ഷ നേതാവ് വിഡി സതീശനു നേര്‍ക്കും.

ഉപതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ആഞ്ഞുവീശുമെന്നും അതില്‍ വന്‍ വിജയം കരസ്ഥമാക്കുമെന്നും യു ഡി എഫ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്ന ഒന്നാണ്. സിറ്റിങ് എംഎല്‍എ ആയിരുന്ന പിവി അന്‍വര്‍ ഭരണകക്ഷിയുമായി തെറ്റി 2025 ജനുവരിയില്‍ രാജിവെച്ചു. അടുത്ത തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഒരുവര്‍ഷം തികച്ച് ഇല്ലാതിരിക്കെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

Signature-ad

പിവി അന്‍വര്‍, യുഡിഎഫിനൊപ്പം ഉറച്ചു നിന്ന് സര്‍ക്കാരിനെതിരെ പോരാടുകയായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരെ. എന്നാല്‍, അതിനു ശേഷം കാര്യങ്ങള്‍ പൊടുന്നനെ മാറിമറിഞ്ഞു. പി വി അന്‍വറിനെ യു ഡി എഫില്‍ അസോസിയേറ്റ് അംഗമാക്കാമെന്നുള്ള ഉറപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കം അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എത്തി. അന്‍വറിനെ ഒഴിവാക്കരുതെന്നും അത് കോണ്‍ഗ്രസിന് ലഭിക്കാവുന്ന ജയത്തിന്റെ തിളക്കം കുറയ്ക്കുമെന്നും ഒരു വിഭാഗം കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, ഭരണകക്ഷി എംഎല്‍എ ആയിരിക്കെ മുതല്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള അന്‍വറിനെ കൂടെ കൂട്ടാന്‍ സതീശന് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. ഭരണവിരുദ്ധ വികാരം കത്തി നില്‍ക്കുന്നത് കൊണ്ട് ആരെ നിര്‍ത്തിയാലും ജയിക്കുമെന്ന വിശ്വാസം യു ഡി എഫിനുണ്ടായിരുന്നു താനും. മാത്രമല്ല, അന്‍വര്‍ സ്വതന്ത്രനായി നിന്ന് വോട്ട് പിടിച്ചാല്‍ അത് ബാധിക്കുക ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെയായിരിക്കും എന്നും അവര്‍ കണക്കുകൂട്ടി.

യുഡിഎഫില്‍ നിന്ന് അന്‍വറിന് വോട്ട് കിട്ടാന്‍ സാധ്യതയുള്ള ഏകപ്രദേശം വഴിക്കടവ് പഞ്ചായത്താണ്. ലീഗിന്റെ കോട്ടയാണെങ്കിലും അവിടെ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലെന്ന പോലെ ഈ തെരഞ്ഞെടുപ്പിലും അന്‍വര്‍ മോശമല്ലാത്ത വോട്ട് നേടി. അന്‍വറിന് അവിടെയുള്ള വ്യക്തിപരമായ ബന്ധമായിരുന്നു അതിന് അടിസ്ഥാനം. അതുപക്ഷേ, ആര്യാടന്‍ ഷൗക്കത്തിന് അവിടെ ഭൂരിപക്ഷം നേടുന്നതിന് തടസ്സമായില്ലെന്ന് ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

അന്‍വര്‍ പിടിക്കുന്ന ഇടതുപക്ഷ വോട്ടുകള്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം കൂട്ടുമെന്നായിരുന്നു സതീശന്റെയും കൂട്ടരുടെയും കണക്ക്. എന്നാല്‍, അന്‍വര്‍ പിടിച്ച വോട്ട് ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം കുറയ്ക്കുകയായിരുന്നുവെന്ന് വോട്ട് കണക്കുകള്‍ വ്യക്തമാക്കുന്നു. 25,000 മുതല്‍ 30,000 വോട്ട് വരെ ഭൂരിപക്ഷമാണ് ആര്യാടന്‍ ഷൗക്കത്തിന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലഭിച്ചത് 12,000 വോട്ടിന് താഴെ ഭൂരിപക്ഷം, 11,077 വോട്ട്.

ഇതേസമയം അന്‍വര്‍ പിടിച്ചത്, 19,946 വോട്ട്. അന്‍വര്‍ പിടിച്ച വോട്ടില്‍ ചെറിയൊരു ശതമാനം യുഡിഎഫ് വോട്ടുകള്‍ ഉണ്ടാകും. അത് ഏറിയാല്‍ രണ്ടായിരം വോട്ടിന് താഴെ മാത്രമേ വരുകയുള്ളൂ. അന്‍വറിന് സ്വന്തമായി അയ്യായിരം വോട്ടെങ്കിലും ഈ മണ്ഡലത്തില്‍ പിടിക്കാന്‍ കഴിയും. ഇത് രണ്ടും മാറ്റി നിര്‍ത്തിയാല്‍ അദ്ദേഹം പിടിച്ച 12,000ഓളം വോട്ട് എല്‍ ഡി എഫിന് ലഭിക്കേണ്ടതായിരുന്നു. അത് അന്‍വര്‍ യുഡിഎഫിനൊപ്പം നിന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ ലഭിച്ചതിനേക്കാള്‍ 17,000 മുതല്‍ 19,000 വോട്ട് വരെ കൂടുതല്‍ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമായിരുന്നു. അതായത് അങ്ങനെ വന്നുവെങ്കില്‍ എല്‍ ഡി എഫിന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്ത ആഘാതം നല്‍കാന്‍ സാധിക്കുമായിരുന്നു. ആര്യാടന്‍ മുഹമ്മദ് നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷമാകുമായിരുന്നു അത് – ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

കോണ്‍ഗ്രസ് കേരളത്തില്‍ 100 സീറ്റ് നേടി അധികാരത്തിലെത്തിയ 2001 ലാണ് നിലമ്പൂരില്‍ ആര്യാടന്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയത്. 21,620 വോട്ട്. ഇടതുപക്ഷം 2006 ല്‍ വലിയ തരംഗത്തില്‍ ജയിച്ചപ്പോഴും ആര്യാടന്‍ മുഹമ്മദിന്റെ ഭൂരിപക്ഷം 18,000 ആയിരുന്നു. മണ്ഡലത്തിന്റെ ഭൂമിശാസ്ത്രം മാറിയിട്ടും 2011ലും അദ്ദേഹത്തിന് അയ്യായിരത്തിലേറെ ഭൂരിപക്ഷം നേടാനായി. ഇതെല്ലാം മറികടന്നുള്ള വിജയത്തിളക്കം ഷൗക്കത്തിനും യു ഡി എഫിനും കിട്ടുമായിരന്നു, അന്‍വര്‍ കൂടെയുണ്ടായിരുന്നുവെങ്കില്‍. അതുകൊണ്ടാണ് കെ പി സി സി പ്രസിഡന്റ് സണ്ണിജോസഫ് അന്‍വറിന് മുന്നില്‍ വാതിലുകള്‍ അടഞ്ഞിട്ടില്ല എന്ന് വ്യക്തമായി പറഞ്ഞത്. അതായത് അന്‍വറിന്റെ കാര്യത്തില്‍ സതീശന്‍ സ്വീകരിച്ച കടുംപിടുത്തം തെറ്റായിപ്പോയി എന്ന് തന്നെയാണ് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ക്കുള്ള അഭിപ്രായം. അന്‍വര്‍ പിടിച്ച വോട്ടുകള്‍ സതീശന്റെ നിലപാട് തെറ്റായിരുന്നുവെന്നു തന്നെയാണ് വ്യക്തമാക്കുന്നത്- അദ്ദേഹം പറഞ്ഞു.

അന്‍വര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഇതിനേക്കാള്‍ വലിയ മാര്‍ജിനിലുള്ള വിജയം യുഡിഎഫിന് ലഭിക്കുമായിരുന്നു. 25,000 വോട്ടിന്റെ ഭൂരിപക്ഷമാണ് താന്‍ പറഞ്ഞത്. അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ അതിലേക്ക് എത്തിയേനെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് ഈ വിവാദത്തിലേക്ക് വെളിച്ചം വീശുന്ന പ്രസ്താവനയായിരുന്നു. അന്‍വറിനെ യുഡിഎഫിനൊപ്പം കൂട്ടാന്‍ താനും പി കെ കുഞ്ഞാലിക്കുട്ടിയും അവസാനം വരെ ശ്രമിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിനായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ശ്രമം നടക്കാതെ പോയി എന്നും അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂരില്‍ ഭൂരിപക്ഷം കിട്ടി വിജയിച്ചു. ഇതു യു ഡി എഫിന്റെ കൂട്ടായ പരിശ്രമത്തിന്റെ ജയമാണ്. ഇക്കാര്യങ്ങള്‍ യു ഡി എഫ് നേതാക്കള്‍ പറയുന്നുണ്ട്. പക്ഷേ, കെ പി സിസി പ്രസിഡന്റും യു ഡി എഫ് കണ്‍വീനറും നടത്തിയ ശ്രമങ്ങള്‍ കാണാതിരിക്കരുത്. പ്രതിപക്ഷ നേതാവും യുഡി എഫ് ചെയര്‍മാനുമായ സതീശന്‍ നടത്തിയ നീക്കങ്ങളുണ്ടാക്കിയ പ്രതിസന്ധികളും പ്രശ്‌നങ്ങളുമൊക്കെ പരിഹരിച്ചത് പ്രസിഡന്റും കണ്‍വീനറും നടത്തിയ സമയോചിത ഇടപെടലുകളായിരുന്നു. പ്രത്യേകിച്ച് ക്രൈസ്തവ മേഖലകളിലും ബി ഡി ജെ എസിന് സ്വാധീനമുള്ള മേഖലകളിലും. ഈ ഇടപെടല്‍ നടത്തിയില്ലായിരുന്നുവെങ്കില്‍ ഫലം മറ്റൊന്നായേനെ- അദ്ദേഹം അവകാശപ്പെട്ടു.

ഇതിലേറ്റവും വലിയ ഘടകമായി പ്രവര്‍ത്തിച്ചത് ലീഗ് പ്രവര്‍ത്തകരും നേതാക്കളുമാണ്. അവര്‍ താഴെത്തട്ടില്‍ വളരെയധികം പണിയെടുത്തു. ജമാഅത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും അതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനകളും അത് മുസ്ലിം സമുദായത്തില്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളും മാറ്റാന്‍ ലീഗ് അണികള്‍ നടത്തിയ പ്രവര്‍ത്തനമാണ് ഷൗക്കത്തിനെ വിജയിപ്പിച്ചത്. അത് കാണാതിരിക്കാനാവില്ല- അദ്ദേഹം പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ജയം സ്വന്തമാക്കാനാണ് സതീശന്‍ ആദ്യം മുതല്‍ നടത്തിയ ശ്രമങ്ങളെന്ന ആരോപണം കോണ്‍ഗ്രസിനുള്ളില്‍ തന്നെ പുകയുന്നുണ്ട്. ഇതുകൊണ്ടാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് ജയവും പരാജയവും ഒരു വ്യക്തിയുടേതല്ല എന്ന് വ്യക്തമാക്കിയത്. സണ്ണി ജോസഫ് ഇന്ന് ഇക്കാര്യം മറ്റൊരു രീതിയില്‍ പറഞ്ഞു. സതീശനിസം എന്നൊന്നില്ല എന്ന് കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടതും നിലമ്പൂരിലെ ക്രെഡിറ്റ് ഒരാള്‍ കൊണ്ടുപോകുന്നത് അനുവദിക്കാന്‍ പറ്റില്ലെന്ന നിലപാടില്‍ നിന്നാണ്- കെ പി സി സിയുടെ ഒരു മുന്‍പ്രസിഡന്റുമായി അടുപ്പമുള്ള നേതാവ് അഭിപ്രായപ്പെട്ടു.

വിജയത്തി?ന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്നുള്ള സതീശന്റെ പ്രസ്താവനെയയും സംശയത്തോടെ തന്നെയാണ് എതിര്‍ഭാഗത്തുള്ള നേതാക്കള്‍ കാണുന്നത്. കാരണങ്ങള്‍ പലതാണ്, അന്‍വറിനെ, യു ഡി എഫിനോട് അടുപ്പിക്കണമെന്ന് മറ്റ് നേതാക്കള്‍ പറഞ്ഞു കഴിഞ്ഞ ശേഷവും അന്‍വറി?ന്റെ കാര്യം ചോദിച്ചപ്പോള്‍ നോ കമന്റസ് എന്നായിരുന്നു സതീശന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി.

 

Back to top button
error: