റഷ്യ പിന്തുണച്ചാല്‍ തിരിച്ചടി; പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍; ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാതിരിക്കാന്‍ ചൈനയുടെ പിന്തുണ തേടി അമേരിക്ക; കുവൈത്തിലും ബഹറൈനിലും കടുത്ത ജാഗ്രത

ടെഹ്‌റാന്‍: മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനികകേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണത്തിന് ഒരുങ്ങുന്നെന്നു സൂചന. പിന്തുണതേടി ഇറാന്‍ വിദേശകാര്യമന്ത്രി മോസ്‌കോയിലെത്തി. ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കാന്‍ യുഎസ് ചൈനയുടെ സഹായം തേടി. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 950 പേര്‍ കൊല്ലപ്പെട്ടു.
ഇറാഖ്, സിറിയ, ജോര്‍ദാന്‍, കുവൈത്ത്, ബഹറൈന്‍, എന്നിവിടങ്ങളിലെ യുഎസ് ക്യാംപുകളിലാണ് ഇറാന്‍ ആക്രമണത്തിന് സാധ്യത. നേരിട്ടുള്ള സൈനീകനീക്കത്തിന് പകരം ഇറാഖിലെ സായുധസംഘം കതൈബ് ഹിസ്ബുല്ല വഴിയാകും ആക്രണണമെന്നാണ് സൂചന. ഇറാനിലെ അമേരിക്കന്‍ നീക്കത്തെ അപലപിച്ച ശക്തമായി അപലപിച്ച റഷ്യയുടെ പിന്തുണതേടി ഇറാന്‍ വിദേശകാര്യമന്ത്രി മോസ്‌കോയിലെത്തി. യുക്രെയിനില്‍ ശ്രദ്ധിക്കുന്ന റഷ്യ, ഇറാന് സൈനീകസഹായം നല്‍കിയേക്കില്ല.

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണവ്യാപാരം തടയാനുള്ള നീക്കത്തില്‍ നിന്ന് ഇറാനെ തടയാന്‍ യുഎസ് ചൈനയുടെ സഹായം തേടി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ചൈനീസ് അധികൃതരോട് സംസാരിച്ചു. ഇറാനുമായി വളരെ അടുത്ത് ബന്ധം സൂക്ഷിക്കുന്ന ചൈനയിലേക്കുള്ള എണ്ണയുടെ 50 ശതമാനവും ദ്രവീകൃത പ്രകൃതി വാതകങ്ങളുടെ 10 ശതമാനവും ഹോര്‍മൂസ് വഴിയാണ്.
ഇറാന്‍ ആണവകേന്ദ്രങ്ങളിലെ യുഎസ് ആക്രമണത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, സൂക്ഷ്മതയുള്ള ബുള്‍സ് ഐ അറ്റാക്ക് എന്നായിരുന്നു, ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എന്നാല്‍ അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് സാരമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ആക്രമണം മുന്‍കൂട്ടി കണ്ട്, സമ്പൂഷ്ടീകരിച്ചതടക്കം 400 കിലോ യുറേനിയും ഇറാന്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്ന് ഇസ്രയേല്‍ സൈനീകനേതൃത്വം പറയുന്നു. ഐക്യരാഷ്ട്രസുരക്ഷാ സമിതി വിളിച്ച അടിയന്തരയോഗത്തിലും യുഎസ്, ഇറാന്‍ പ്രതിനിധികള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരുണ്ടായി. ഇസ്രയേലും ഇറാനും തമ്മിലുള്ള വ്യോമാക്രമണം ശക്തമായിത്തന്നെ തുടരുകയാണ്.
എന്നാല്‍, ഇറാന്റെ ആക്രമണം പശ്ചിമേഷ്യയെ യുദ്ധക്കളമാക്കുമെന്നു വ്യക്തമാണ്. യുദ്ധ വിമാനങ്ങളിലേറെയും ഇസ്രയേല്‍ തകര്‍ത്ത സാഹചര്യത്തില്‍ മിസൈല്‍ ആക്രമണങ്ങള്‍തന്നെയാകും ഇറാന്‍ ഉദ്ദേശിക്കുക. ഇതു കൃത്യമായ ലക്ഷ്യങ്ങള്‍ ഭേദിക്കുമോ എന്നു കണ്ടറിയണം. ബഹ്‌റൈന്‍ അടക്കമുള്ള രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം പൗരന്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു.