
നിലമ്പൂർ യുഡിഎഫിന്. ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു.. യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു. 2016നുശേഷം ഇപ്പോഴാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്.
എൽഡിഎഫിന് മണ്ഡലത്തിൽ വീണ്ടും അടിതെറ്റി. സ്വതന്ത്രനും സിറ്റിങ് എംഎൽഎയുമായിരുന്ന പി.വി.അൻവറിനും വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.

മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡ് ലഭിച്ചു. നിലമ്പൂർ നഗരസഭയിലും യുഡിഎഫിന് ലീഡ് കിട്ടി. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലിൽ ഇടയ്ക്ക് സ്വരാജ് ലീഡ് ചെയ്തെങ്കിലും അവസാനം യുഡിഎഫ് പിടിച്ചു. എം.സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ യുഡിഎഫിനു 800 വോട്ട് ലീഡ്. കഴിഞ്ഞ തവണ 506 വോട്ടിനു എൽഡിഎഫ് ലീഡ് ചെയ്തിരുന്നു. പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്. വഴിക്കടവിൽ മാത്രമാണ് പ്രതീക്ഷിച്ച വോട്ടുകൾ യുഡിഎഫിന് ലഭിക്കാത്തത്. ലീഡ് പതിനായിരം കഴിഞ്ഞതോടെ യുഡിഎഫ് പ്രവർത്തകർ വിജയാഘോഷം തുടങ്ങി.
ആര്യാടൻ ഷൗക്കത്ത് നല്ല ലീഡ് നേടിയെങ്കിലും യുഡിഎഫിന് പ്രതീക്ഷിച്ചത്ര വോട്ടു ലഭിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. യുഡിഎഫ് വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് വിലയിരുത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
എം.സ്വരാജ് (എല്‍ഡിഎഫ്, ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), മോഹന്‍ ജോര്‍ജ് (എൻ.ഡി.എ), സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ എന്നിവരടക്കം 10 സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലെ ഫലങ്ങളും ഇന്നറിയാം. ഗുജറാത്തിലെ കാഡി, വിസാദര്‍, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ജ് എന്നീ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം. പഞ്ചാബിൽ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും വിജയം അഭിമാന പ്രശ്നമാണ്. എഎപി എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ബംഗാളിലെ കാളിഗഞ്ചിൽ തൃണമൂൽ – ബിജെപി – കോൺഗ്രസ് ത്രികോണ മത്സരമായിരുന്നു. തൃണമൂൽ എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. കാളിഗഞ്ചിൽ ഇടത് പിന്തുണ കോൺഗ്രസിനാണ്. വോട്ടെണ്ണൽ നടക്കുന്ന ഗുജറാത്തിലെ രണ്ട് സിറ്റിങ് സീറ്റിൽ ഒന്ന് ബിജെപിയുടേതും മറ്റൊന്ന് ആം ആദ്മി പാർട്ടിയുടേതുമാണ്.