
ചണ്ഡീഗഡ്: വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പഞ്ചാബിലെ പട്യാല ജില്ലയില്‍ തെപ്ലാ ബാനൂറില്‍ ദേശീയ പാതയോട് ചേര്‍ന്നാണ് ഫോര്‍ച്യൂണര്‍ കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്. മൊഹാലിയിലെ റിയല്‍എസ്‌റ്റേറ്റ് ബിസിനസ്‌കാരനായ സന്ദീപ് സിംഗ് (45), ഭാര്യ മന്‍ദീപ് കൗര്‍ (42), മകന്‍ അഭയ് (15) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
സംഭവം ആത്മഹത്യയെന്ന് സംശയിക്കുന്നെന്നും എല്ലാ വഴിയിലൂടെയുള്ള അന്വേഷണവും നടത്തുമെന്നും പൊലീസ് അറിയിച്ചു. വിഴിയാത്രക്കാരാണ് പാര്‍ക്ക് ചെയ്ത വാഹനവും അതില്‍ മൃതദേഹങ്ങളും ആദ്യം കണ്ടത്. ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂവരുടെയും ശരീരത്തില്‍ വെടിയേറ്റതിന്റെ പാടുകളുണ്ട്. വാഹനത്തിലാകെ ചോര തെറിച്ചിട്ടുമുണ്ട്. ഡ്രൈവര്‍ സീറ്റിലായിരുന്നു സന്ദീപിന്റെ മൃതദേഹം. തൊട്ടടുത്ത സീറ്റില്‍ ഭാര്യ മന്‍ദീപിന്റെ മൃതദേഹവും കണ്ടു. അഭയുടെ മൃതദേഹം പിന്‍സീറ്റിലാണ് ഉണ്ടായിരുന്നത്.

പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക നിരീക്ഷണം അനുസരിച്ച് ഭാര്യയെയും മകനെയും വെടിവച്ച് കൊന്നശേഷം സന്ദീപ് സിംഗ് ആത്മഹത്യ ചെയ്തതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭട്ടിന്‍ഡയിലെ സിഖ്വാല സ്വദേശിയാണ് സന്ദീപ്. ഒരു സഹോദരനും വിദേശത്ത് ഒരു സഹോദരിയുമാണുള്ളത്. ഇവരെ സംഭവത്തിന്റെ വിവരം അറിയിച്ചിട്ടുണ്ട്. മകന്റെ മാനസിക പ്രശ്നങ്ങള്‍ കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചനകള്‍.