ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക; മൂന്ന് ആണവകേന്ദ്രങ്ങളില്‍ ബോംബിങ് നടത്തിയെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്ന് അമേരിക്ക. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടത്.
ഇറാനിലെ തന്ത്രപ്രധാനമായ ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് യു.എസ് ആക്രമണം നടത്തിയത്. ആണവകേന്ദ്രങ്ങളില്‍ ബോംബര്‍ വിമാനങ്ങള്‍ ബോംബിട്ടെന്നും എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമമേഖലയില്‍ നിന്ന് ആക്രമണം നടത്തി മടങ്ങിയെന്നും ട്രംപ് പറഞ്ഞു.

യു.എസിനല്ലാതെ ലോകത്ത് ഒരുസൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്ന് എടുത്ത് പറഞ്ഞാണ് ട്രംപ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം യു.എസ് ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫോര്‍ഡോയില്‍ ആക്രമണം നടത്തണമെങ്കില്‍ ശക്തിയേറിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യമാണ്. ഇതിനെ വഹിക്കാന്‍ കഴിയുന്ന യുദ്ധവിമാനങ്ങളെ യു.എസ് ഗുവാമിലെ സൈനിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
എത്രവിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കൈടുത്തതെന്നും നാശനഷ്ടങ്ങള്‍ എത്രത്തോളമെന്നും വെളിവായിട്ടില്ല. സംഘര്‍ഷം തുടങ്ങി 10-ാം നാളിലാണ് യു.എസ് നേരിട്ട് യുദ്ധത്തിലിടപെടുന്നത്. നേരത്തെ ആക്രമണത്തില്‍ പങ്കുചേരുന്നത് സംബന്ധിച്ച് രണ്ടാഴ്ച സമയം വെച്ചിരുന്നതാണ്. എന്തുകൊണ്ടാണ് പെട്ടെന്ന് ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.