IndiaNEWS

ബ്രിട്ടീഷ് യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റിയില്ല, എയര്‍ ഇന്ത്യയുടെ വാഗ്ദാനം നിരസിച്ചു; നീക്കം സാങ്കേതിക രഹസ്യം ചോരാതിരിക്കാന്‍

തിരുവനന്തപുരം: സാങ്കേതിക തകരാര്‍ മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം ഹാങ്ങറിലേക്ക് (വിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന കെട്ടിടം) മാറ്റാതെ ബ്രിട്ടീഷ് നാവികസേന. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ഏറ്റവും വിലയേറിയ യുദ്ധവിമാനങ്ങളില്‍ ഒന്നായ അമേരിക്കന്‍ നിര്‍മിത ‘എഫ് 35 ബി’ വിമാനത്തിന്റെ സാങ്കേതിക രഹസ്യങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാനാവാം ബ്രിട്ടീഷ് നാവികസേന ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് കരുതുന്നത്.

വിമാനം പാര്‍ക്ക് ചെയ്യാന്‍ എയര്‍ ഇന്ത്യ ഹാങ്ങര്‍ സൗകര്യം വാഗ്ദാനം ചെയ്തിരുന്നു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നത് ബ്രിട്ടന്‍ താല്‍പര്യപ്പെടുന്നുണ്ടാകില്ല എന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൂടിയാലോചനകള്‍ക്കു ശേഷം മാത്രമേ അവസാനവട്ട പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി വിമാനം ഹാങ്ങറിലേക്കു നീക്കുന്ന കാര്യം പരിഗണിക്കൂ.

Signature-ad

ഇന്തോ പസിഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ ‘എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സി’ല്‍നിന്നു പറന്നുയര്‍ന്ന യുദ്ധവിമാനം കഴിഞ്ഞ ശനിയാഴ്ച രാത്രിയാണു തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണി ഇവിടെ നടക്കാതെ വന്നാല്‍ യുകെയിലേക്കു വിമാനം കൊണ്ടുപോകും. സൈന്യത്തിന്റെ ചരക്കു വിമാനത്തില്‍ യുദ്ധവിമാനം തിരികെ കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് ആലോചന. വിമാനത്തില്‍ തകരാര്‍ സംഭവിച്ച ഹൈഡ്രോളിക് സംവിധാനത്തിലെ ഏതാനും ഭാഗം മാറ്റേണ്ടതുണ്ട്. യുകെയില്‍നിന്ന് ആദ്യമെത്തിയ എന്‍ജിനീയര്‍മാര്‍ക്കു തകരാര്‍ പരിഹരിക്കാനായില്ല. വിദഗ്ധ എന്‍ജിനീയര്‍മാരെ എത്തിക്കുന്നുണ്ട്. ഇതും നടക്കാതെ വന്നാലാണു സൈന്യത്തിന്റെ ചരക്കുവിമാനത്തെ ആശ്രയിക്കുക.

എഫ് 35 ബി ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധവിമാനങ്ങളിലൊന്നാണ്. യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ എഫ് 35 ഐ അദീര്‍ യുദ്ധവിമാനമാണു നിലവില്‍ ഇറാനെതിരായ ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ മുന്‍നിരയിലുള്ളത്. എഫ് 35 ലേക്ക് ഇസ്രയേല്‍ സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച പതിപ്പാണിത്. ഇസ്രയേലിനും ബ്രിട്ടീഷ് നാവികസേനയ്ക്കും പുറമേ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സ്, യുഎസ് മറീന്‍ കോര്‍ എന്നിവയും നിലവില്‍ എഫ് 35 ഉപയോഗിക്കുന്നുണ്ട്. എഫ് 35 വിമാനങ്ങള്‍ ഇന്ത്യയ്ക്കു വില്‍ക്കാനുള്ള സന്നദ്ധത ഈ വര്‍ഷമാദ്യം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.

Back to top button
error: