Breaking NewsIndiaLead NewsNEWSWorld

ഇറാനിലെ ബുഷെഹര്‍ ആണനിലയം തകര്‍ത്താല്‍ വന്‍ ദുരന്തം; സൂക്ഷിച്ചിരിക്കുന്നത് ആയിരക്കണക്കിനു കിലോ ഇന്ധനം; റേഡിയേഷനില്‍നിന്ന് രക്ഷപ്പെടാന്‍ നൂറു കണക്കിന് കിലോമീറ്ററുകള്‍ ഒഴിപ്പിക്കേണ്ടിവരും; ഗള്‍ഫ് രാജ്യങ്ങളും പരിധിയില്‍; കടുത്ത മുന്നറിയിപ്പുമായി ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍

ന്യൂയോര്‍ക്ക്: ഇറാന്റെ ബുഷെഹര്‍ ആണവനിലയത്തെ ഇസ്രായേല്‍ ലക്ഷ്യമിട്ടാല്‍ വരാനിരിക്കുന്നത് വന്‍ ആണവ ദുരന്തമെന്ന മുന്നറിയിപ്പുമായി യുഎന്‍ ആണവ നിരീക്ഷണ സമിതിയുടെ തലവന്‍. ഇതുവരെ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണങ്ങളൊന്നും ആണവച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ബുഷെഹറിനെതിരായ ആക്രമണം വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി അടിയന്തര യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞതാനായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ കഴിഞ്ഞ മണിക്കൂറുകളില്‍ നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ടെന്നും ബുഷെഹര്‍ ആണവ നിലയത്തെക്കുറിച്ച് ഗുരുതര ആശങ്കയറിയിച്ചിട്ടുണ്ടെന്നും ഗ്രോസി പറഞ്ഞു. നിലയത്തിനെതിരേ നേരിട്ടുള്ള ആക്രമണമുണ്ടായാല്‍ അത് ഉയര്‍ന്നതോതിലുള്ള ആണവ വികിരണത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 13ന് ആക്രമണം ആരംഭിച്ചശേഷം സംഘര്‍ഷം അതിവേഗം വര്‍ധിക്കുകയാണ്. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളെയും ഉന്നത ജനറല്‍മാരെയുമാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്.

Signature-ad

വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇറാനിയന്‍ മനുഷ്യാവകാശ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് 263 സാധാരണക്കാര്‍ ഉള്‍പ്പെടെ 657 പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തിലധികം പേര്‍ക്കു പരിക്കേറ്റു. ഇസ്രയേലിലേക്കു 450ല്‍ കൂടുതല്‍ മിസൈലുകളും ആയിരത്തിലേറെ ഡ്രോണുകളും അയച്ചു. 24 പേര്‍ മരിച്ചു. നൂറുകണക്കിനു പേര്‍ക്കു പരിക്കേറ്റു.

ഇറാന്റെ ബുഷെഹര്‍ റിയാക്ടര്‍ ആക്രമിക്കപ്പെട്ടാല്‍

തെക്കന്‍ ഇറാനില്‍ സ്ഥിതി ചെയ്യുന്ന ബുഷെഹര്‍, മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ സിവിലിയന്‍ ആണവ റിയാക്ടറാണ്. ആയിരക്കണക്കിന് കിലോഗ്രാം ആണവ വസ്തുക്കള്‍ ഇവിടെ സൂക്ഷിക്കുന്നു എന്നാണ് ഐഎഇഎ മേധാവി പറയുന്നത്. ഒരു ആക്രമണമോ റിയാക്ടറിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങുന്ന സാഹചര്യമോ ഉണ്ടായാല്‍ റിയാക്ടറിന്റെ താപം വര്‍ധിച്ച് ഇന്ധനം ഉരുകുന്നതിലേക്കു നയിച്ചേക്കാം. അങ്ങനെ സംഭവിച്ചാല്‍ ബുഷെഹറിനു നൂറുണകണക്കിനു കിലോമീറ്റര്‍ പരിധിയിലുള്ളവരെ ഒഴിപ്പിക്കേണ്ടിവരും. ഇതിന്റെ പ്രത്യാഘാതം ഗള്‍ഫ് മേഖലകളിലടക്കമുണ്ടാകും. ആഗോള എണ്ണവ്യാപാരത്തിന്റെ കേന്ദ്രമെന്ന നിലയില്‍ അത്യന്തം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. റേഡിയേഷന്‍ എക്‌സ്‌പോഷറിനെ ചെറുക്കാന്‍ ജനങ്ങള്‍ അയോഡിന്‍ കഴിക്കേണ്ടിവരും. കൂടാതെ ഭക്ഷ്യ വിതരണത്തില്‍ നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരും. വൈദ്യുത ലൈനുകള്‍ പോലുള്ള നേരിട്ടുള്ള ആഘാതങ്ങളില്‍ കുറവുള്ള ആക്രമണങ്ങള്‍ പോലും തണുപ്പിക്കല്‍ സംവിധാനങ്ങളെ പ്രവര്‍ത്തനരഹിതമാക്കുകയും റിയാക്ടറിലെ കോര്‍ ഉരുകുന്നതിന് ഇടയാക്കുമെന്നും ഗ്രോസി മുന്നറിയിപ്പ് നല്‍കി.

ഠ നെതന്യാഹുവിന്റെ പ്രതിജ്ഞ

ഇറാന്റെ ആണവ പദ്ധതികളെല്ലാം അടിമുടി നശിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം ആണവ ദുരന്തമുണ്ടാക്കുമെന്ന ഭീതി വര്‍ധിപ്പിച്ചിരിക്കുകയാണ്. അറുപതു ശതമാനം ആണവ സമ്പുഷ്ടീകരണം നടത്തുന്ന രാജ്യമായി ഇറാന്‍ തുടരുകയാണ്. ആയുധ നിലവാരത്തിനു തൊട്ടുതാഴെയാണിത്. റിയാക്ടറുകള്‍ക്ക് രണ്ടുമുതല്‍ മൂന്നു ശതമാനംവരെ മതിയാകുമെന്നിരിക്കേയാണ് ഇത്തരത്തില്‍ ഉയര്‍ന്നതോതില്‍ സമ്പുഷ്ടീകരിക്കുന്നത്.

യുറേനിയം സമ്പുഷ്ടീകരണ പദ്ധതി പൂര്‍ണ്ണമായും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ടെഹ്റാനോട് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടലിന് കാരണമാകുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. നെതന്യാഹുവിനെ ഫോണില്‍ വിളിച്ചതിന് ശേഷം, ബുഷെര്‍ പ്ലാന്റില്‍ ജോലി ചെയ്യുന്ന റഷ്യന്‍ ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്ന് ഇസ്രായേല്‍ ഉറപ്പ് നല്‍കിയതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. ഇറാന്റെ ആണവോര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളില്‍ മോസ്‌കോയ്ക്ക് വളരെക്കാലമായി തന്ത്രപരമായ പങ്കുണ്ട്.

 

Back to top button
error: