Breaking NewsCrimeLead NewsNEWS

സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ടവിചാരണ, മര്‍ദനം; മനംതൊന്ത് യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: പിണറായി കായലോട് പറമ്പായിയില്‍ ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മന്‍സിലില്‍ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ പിണറായി പോലീസ് അറസ്റ്റ്ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്‌നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ തലശ്ശേരി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

Signature-ad

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈല്‍ഫോണും ടാബും പിടിച്ചെടുത്ത് 8.30-ഓടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്.

യുവാവിന്റെ കൈയില്‍നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ഫോണും വിട്ടുനല്‍കാന്‍ സംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളില്‍നിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തി. കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇന്‍സ്പെക്ടര്‍ എന്‍. അജീഷ് കുമാര്‍ പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍ ബി.എസ്. ബാവിഷിനാണ് അന്വേഷണച്ചുമതല. റസീനയുടെ പിതാവ്: എ. മുഹമ്മദ്. മാതാവ്: സി.കെ. ഫാത്തിമ. ഭര്‍ത്താവ്: എം.കെ. റഫീഖ്. മക്കള്‍: മുഹമ്മദ് റാഫി, റസാന, നൂറ മെഹറിന്‍.

Back to top button
error: