Breaking NewsIndiaLead NewsNEWS

ദുരന്തഭൂമിയില്‍നിന്ന് കിട്ടിയത് 70 പവന്‍ സ്വര്‍ണം; മരിച്ച 162 പേരെ തിരിച്ചറിഞ്ഞു; അഹമ്മദാബാദ് വിമാനാപകടത്തില്‍ ഇന്‍ഷുന്‍സ് ക്ലെയിം 4000 കോടി കടക്കും

ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 162 പേരെ തിരിച്ചറിഞ്ഞു. 120 മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറിയതായി ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി അറിയിച്ചു. വിമാനാപകടമുണ്ടായ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ പരിസരത്തുനിന്ന് പോലീസിന് ലഭിച്ചത് എഴുപത് പവനോളം സ്വര്‍ണം. കെട്ടിടനിര്‍മാതാവായ രാജു പട്ടേലും സുഹൃത്തുക്കളുമാണ് അപകടദിവസം എഴുപത് പവനോളം ആഭരണങ്ങള്‍ കണ്ടെത്തി പോലീസിന് കൈമാറിയത്. ആഭരണങ്ങള്‍ക്കു പുറമെ, 80000 രൂപയും പാസ്‌പോര്‍ട്ടുകളും മതഗ്രന്ഥങ്ങളുമൊക്കെ ലഭിച്ചിരുന്നു.

അതേസമയം, അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 47.5 കോടി ഡോളര്‍ (ഏകദേശം 4967 കോടി രൂപ) വരെയാകാമെന്ന് റിപ്പോര്‍ട്ട്. ഇത് വിമാനത്തിന്റെ മൂല്യത്തിന്റെ 2.5 മടങ്ങിലധികം വരുമെന്ന് ഇന്ത്യയിലെ ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖരായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (GIC Re) വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ചെലവേറിയ ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ ഒന്നായിരിക്കും അഹമ്മദാബാദ് വിമാനാപകടത്തിലുണ്ടാകുകയെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Signature-ad

വിമാനത്തിന്റെ ബാധ്യത ഏകദേശം 12.5 കോടി ഡോളറും യാത്രക്കാരുടെ ബാധ്യത, മൂന്നാം കക്ഷി ബാധ്യത, മറ്റ് വ്യക്തിഗത ബാധ്യതാ ക്ലെയിമുകള്‍ ഏകദേശം 35 കോടി ഡോളറും ആയിരിക്കുമെന്നും ജിഐസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാമസ്വാമി നാരായണനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റാ ഗ്രൂപ്പ് ഒരുകോടി രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെയാണ് ഇന്‍ഷുറന്‍സ് തുകകൂടി ലഭിക്കുക.

230 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേരുമായി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയില്‍ തകര്‍ന്നുവീണത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേഷ് എന്ന ഒരു യാത്രക്കാരന്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മേഘാനി നഗര്‍ മേഖലയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്ക് വിമാനം ഇടിച്ചിറങ്ങിയതിനെ തുടര്‍ന്ന് 38 പേരും മരിച്ചു.

അപകടത്തിന്റെ കാരണം ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷിച്ചുവരികയാണ്. യുകെയുടെ എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും യു.എസ്. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും (എന്‍ടിഎസ്ബി) അന്വേഷണത്തിന് പിന്തുണ നല്‍കുന്നുണ്ട്.

 

 

Back to top button
error: