ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം: 6 രാജ്യങ്ങളിലേക്ക് വിമാനസര്‍വീസ് നിര്‍ത്തി യുഎഇ കമ്പനികള്‍

ദുബായ്/അബുദാബി/ഷാര്‍ജ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ യുഎഇയില്‍നിന്ന് ജോര്‍ദാന്‍, ലബനന്‍, ഇറാഖ്, ഇറാന്‍, ഇസ്രയേല്‍, സിറിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യാത്രക്കാര്‍ ബന്ധപ്പെട്ട എയര്‍ലൈനുകളിലോ ട്രാവല്‍ ഏജന്റുമാരുമായോ വിമാന കമ്പനി വെബ്‌സൈറ്റിലൂടെയോ ബുക്കിങ് പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും സര്‍വീസ് റദ്ദാക്കിയതുമൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എയര്‍ലൈനുകള്‍ അറിയിച്ചു.
ദുബായ്, അബുദാബി, ഷാര്‍ജ സെക്ടറുകളില്‍നിന്ന് മധ്യപൂര്‍വദേശ രാജ്യങ്ങളിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തവര്‍ യാത്ര പുറപ്പെടുന്നതിന് മുന്‍പ് വിമാന സമയംമാറ്റം പരിശോധിച്ച് ഉറപ്പാക്കണമെന്നും അത്യാവശ്യമില്ലാത്തവര്‍ യാത്ര പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു.

എമിറേറ്റ്‌സ്
എമിറേറ്റ്‌സ് എയര്‍ലൈന്‍ അമ്മാന്‍, ബെയ്‌റൂട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ 22 വരെയും ടെഹ്‌റാന്‍, ബഗ്ദാദ്, ബസ്‌റ എന്നിവിടങ്ങളിലേക്ക് 30 വരെയുമാണ് നിര്‍ത്തിവച്ചത്. ഒരു അറിയപ്പുണ്ടാകുന്നതുവരെ ഈ രാജ്യങ്ങളിലേക്ക് ദുബായ് വഴിയുള്ള കണക്ഷന്‍ സര്‍വീസും നിര്‍ത്തിവച്ചു.ടെല്‍ അവീവിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും തിരിച്ചെടുക്കാനോ മറ്റൊരു ദിവസത്തേക്കു ബുക്ക് ചെയ്യാനോ അവസരമുണ്ട്.
ഇത്തിഹാദ്
അബുദാബിയില്‍നിന്ന് ടെല്‍ അവീവിലേക്കുള്ള സര്‍വീസ് 22 വരെ നിര്‍ത്തിയതായി ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു. എന്നാല്‍ ഇന്നു മുതല്‍ പുതുക്കിയ സമയക്രമത്തില്‍ അമ്മാന്‍ (ജോര്‍ദാന്‍), ബെയ്‌റൂട്ട് (ലെബനന്‍) എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തും.
റദ്ദാക്കിയ റൂട്ടിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടു. ഇസ്രയേല്‍, ഇറാന്‍ വ്യോമ പാത അടച്ചതിനാല്‍ വിമാന സര്‍വീസ് വഴി തിരിച്ചുവിടുന്നുണ്ടെന്നും വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയിലൂടെ പരിശോധിച്ച് വിമാന സമയം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഫ്‌ലൈ ദുബായ്
ഇറാന്‍, ഇറാഖ്, ഇസ്രയേല്‍, സിറിയ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ 20 വരെയും മിന്‍സ്‌ക്, സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്നും ഉണ്ടാകില്ല. ഇന്നു മുതല്‍ ജോര്‍ദാന്‍, ലബനന്‍ സെക്ടറുകളിലേക്ക് പകല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും.
എയര്‍ അറേബ്യ
ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ സെക്ടറുകളില്‍നിന്ന് ഇറാന്‍, ഇറാഖ് എന്നിവിടങ്ങളിലേക്ക് ഈ മാസം 30 വരെയുള്ള എയര്‍ അറേബ്യ സര്‍വീസ് നിര്‍ത്തിവച്ചു. ടെഹ്‌റാന്‍, മഷാദ്, ഷിറാസ്, ലാര്‍ എന്നിവ ഉള്‍പ്പെടെ ഇറാനിലെ സെയില്‍ ഓഫിസുകളും താല്‍ക്കാലികമായി അടച്ചു. പ്രശ്‌നബാധിത മേഖലകളിലേക്കുള്ള കണക്ഷന്‍ വിമാന സര്‍വീസുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിയതായും അറിയിച്ചു.