
ആലപ്പുഴ: അമ്പലപ്പുഴയ്ക്കടുത്ത് വളഞ്ഞവഴി കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു. പറവൂര്‍ അറപ്പപ്പൊഴി തീരത്ത് ഒരു ലൈഫ്ബോട്ടും അടിഞ്ഞിട്ടുണ്ട്. ഇതില്‍ വാന്‍ ഹായ് 503 എന്ന് എഴുതിയിട്ടുണ്ട്. അതിനാല്‍ തന്നെ തീപിടിച്ച കപ്പലില്‍ നിന്നുള്ളതാണെന്ന് ഉറപ്പാണ്. ആലപ്പുഴ ജില്ലയില്‍ അടിഞ്ഞ കണ്ടെയ്നര്‍ എവിടെനിന്നാണെന്ന് വ്യക്തമല്ല. ഇതും സിംഗപ്പൂര്‍ കപ്പലായ വാന്‍ ഹായില്‍ നിന്നുള്ളതാണെന്നാണ് കരുതുന്നത്. പ്രദേശവാസികളായ മത്സ്യതൊഴിലാളികള്‍ വിവരം അധികൃതരെ അറിയിച്ചു. ഇതുവരെ പരിശോധന ആരംഭിച്ചിട്ടില്ല.
കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത് നിന്നും 44 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സിംഗപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503ല്‍ പൊട്ടിത്തെറി ഉണ്ടായത്. കഴിഞ്ഞദിവസം കപ്പലിനെ കേരള തീരത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ആയിരം മീറ്ററിലധികം ആഴമുള്ള കടലില്‍ എത്തിച്ചതോടെ ആശങ്ക ഒഴിഞ്ഞു. കപ്പലിലെ കനത്ത പുക അടങ്ങിയിട്ടില്ലെങ്കിലും തീ നിയന്ത്രണ വിധേയമായി. രണ്ട് ടഗ്ഗുകള്‍ ഉപയോഗിച്ച് കപ്പലിനെ വലിച്ചുനീക്കുന്നതിനൊപ്പം തീകെടുത്തല്‍ ശ്രമവും തുടരുകയാണ്. കപ്പലില്‍ പരിശോധന നടത്തിയെങ്കിലും കാണാതായ നാലു ജീവനക്കാരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഒരാഴ്ച നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് കോസ്റ്റ് ഗാര്‍ഡും നാവികസേനയും കപ്പലിനെ സുരക്ഷിതമേഖലയില്‍ എത്തിച്ചത്. തീയണയ്ക്കാനും ഉരുക്കുചട്ടക്കൂടിനെ തണുപ്പിച്ച് ഇന്ധന ടാങ്കിലേക്ക് തീപടരുന്നത് ഒഴിവാക്കാനുമുള്ള ദൗത്യമാണ് തുടരുന്നത്. കോസ്റ്റ് ഗാര്‍ഡ്, നാവികസേന എന്നിവയുടെ കപ്പലുകളും വിമാനങ്ങളുമാണ് തീയണയ്ക്കുന്നതിന് ശ്രമിക്കുന്നത്.