Breaking NewsLead NewsNEWSNewsthen SpecialWorld

ഇസ്രായേലിന്റെ ആത്യന്തിക ലക്ഷ്യം ഇറാനിലെ ഭരണകൂട അട്ടിമറി; സൈനിക, ശാസ്ത്ര മേധാവികളെ ലക്ഷ്യമിട്ടതും ആക്രമണങ്ങളുടെ വ്യാപ്തിയും നല്‍കുന്നത് വ്യക്തമായ സൂചനകള്‍; എഴുന്നേറ്റുനിന്ന് ശബ്ദം ഉയര്‍ത്താനുള്ള അവസരമെന്ന് നെതന്യാഹു; ലക്ഷ്യം മറ്റൊന്നല്ലെന്ന് വിദഗ്ധരും

ജറുസലേം/വാഷിംഗ്ടണ്‍: ഇറാന്റെ ആണവ പദ്ധതികള്‍ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇസ്രയേല്‍ ടെഹ്‌റാനില്‍ ആക്രമണങ്ങള്‍ നടത്തിയതെന്നു പറയുന്നെങ്കിലും ആത്യന്തിക ലക്ഷ്യം ഭരണകൂട അട്ടിമറിയെന്ന് സൂചന. അതിന്റെ വ്യാപ്തിയും ലക്ഷ്യങ്ങളുടെ തെരഞ്ഞെടുപ്പും ഇസ്രായേല്‍ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളും പരിശോധിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണങ്ങള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളെയും മിസൈല്‍ ഫാക്ടറികളെയും മാത്രമല്ല, രാജ്യത്തിന്റെ സൈനിക ശൃംഖലയിലെ പ്രധാന വ്യക്തികളെയും ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യമിട്ടു. ഇറാന്റെ വിശ്വാസ്യതയും ശക്തിയും സഖ്യകക്ഷികള്‍ക്കിടയില്‍ അസ്ഥിരപ്പെടുത്തുന്നതിനൊപ്പം ഇറാനിയന്‍ നേതൃത്വത്തെയും അസ്ഥിരമാക്കുകയെന്ന ലക്ഷ്യവും ഇസ്രയേലിനുണ്ടെന്നു വിദഗ്ധര്‍ പറയുന്നു.

Signature-ad

‘അവര്‍ ഒരു ഭരണമാറ്റം പ്രതീക്ഷിക്കുന്നു’ എന്നാണു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ കീഴിലുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥനും വാഷിംഗ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയിലെ വിദഗ്ധനുമായ മൈക്കല്‍ സിംഗ് പറയുന്നത്. ‘ഇറാനിലെ ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പു കാണാന്‍ ആഗ്രഹിക്കുന്നു’ എന്നും പരിമിതമായ സിവിലിയന്‍ നാശങ്ങളും വിശാലമായ ലക്ഷ്യത്തെയാണു ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്- ‘ഏകദേശം 50 വര്‍ഷമായി നിങ്ങളെ അടിച്ചമര്‍ത്തുന്ന ഇസ്ലാമിക ഭരണകൂടം ഇസ്രായേല്‍ രാഷ്ട്രത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ആണവ, ബാലിസ്റ്റിക് മിസൈല്‍ ഭീഷണി ഇല്ലാതാക്കുക എന്നതായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുമ്പോള്‍, നിങ്ങളുടെ സ്വാതന്ത്ര്യം നേടുന്നതിനുള്ള പാത ഞങ്ങള്‍ ഒരുക്കുകയാണ്. ഭരണകൂടത്തിന് അവര്‍ക്ക് എന്താണു സംഭവിച്ചതെന്നോ, എന്തു സംഭവിക്കുമെന്നോ അറിയില്ല. എഴുന്നേറ്റുനിന്ന് ശബ്ദം ഉയര്‍ത്താനുള്ള അവസരമാണു നിങ്ങള്‍ക്കു കൈവന്നിരിക്കുന്നത്’ എന്നും നെതന്യാഹു പറയുന്നു.

എന്നാല്‍, ഇതത്ര എളുപ്പമാകില്ല. ഇസ്ലാമിക ആശയങ്ങളുടെ ബലത്തിലാണ് ടെഹ്‌റാനിലെ രാഷ്ട്രീയ നേതൃത്വം ജനങ്ങളെ നയിക്കുന്നത്. ഇതിനു വ്യാപക പിന്തുണയുമുണ്ട്. വിശ്വസ്തരായ സുരക്ഷാ സേനയുടെ പിന്തുണയും ഭരണകൂടത്തിനുണ്ട്. നേതൃത്വത്തെ പുറത്താക്കാന്‍ ആവശ്യമായ ബഹുജന പിന്തുണ ലഭിക്കുകയെന്നത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇറാനില്‍ പ്രതിപക്ഷത്തിന് ഒന്നിച്ചു നില്‍ക്കാന്‍ എന്തു സാഹചര്യങ്ങള്‍ ആവശ്യമാണെന്ന് ആര്‍ക്കും അറിയില്ല.

ആക്രമണത്തിലൂടെ ഇറാന്റെ ആണവ പദ്ധതികളും ബോംബ് നിര്‍മാണവും വൈകിപ്പിക്കാന്‍ കഴിയുമെങ്കിലും അത് പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇസ്രായേലിനു കഴിവില്ല. സിവിലിയന്‍ ആവശ്യങ്ങള്‍ക്കാണ് ആണവ പദ്ധതിയെന്നാണ് ഇറാന്റെ നിലപാട്. എന്നാലിത് ആഗോള ആണവ നിര്‍വ്യാപന കരാറുകളുടെ ലംഘനമാണിതെന്നു യുഎന്‍ ആണവ നിരീക്ഷണ സംഘം വിലയിരുത്തിയിരുന്നു.

ഇറാന്റെ സൈനിക, ശാസ്ത്ര സ്ഥാപനങ്ങളിലെ മുതിര്‍ന്ന വ്യക്തികളെ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ആദ്യ ആക്രമണങ്ങള്‍ നടന്നത്. രാജ്യത്തിന്റെ വ്യോമ പ്രതിരോധ മാര്‍ഗങ്ങളില്‍ ഭൂരിപക്ഷവും തകര്‍ത്തു. ഭൂമിക്കു മുകളിലുള്ള ഇറാന്റെ ആണവ സമ്പുഷ്ടീകരണ പ്ലാന്റ് നശിപ്പിച്ചു. ഇതിനു പിന്നാലെ വാഷിംഗ്ടണിലെ ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥന്റെ പ്രതികരണം ശ്രദ്ധേയമാണ്- ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയം രൂപപ്പെടുത്തേണ്ടതും അവരുടെ സര്‍ക്കാരിനെ തെരഞ്ഞെടുക്കേണ്ടതും ഉത്തരവാദിത്വമാണെന്ന് ഇസ്രയേല്‍ കരുതുന്നു. ഇറാന്റെ ഭാവി ഇറാനിയന്‍ ജനതയ്ക്ക് മാത്രമേ നിര്‍ണയിക്കാന്‍ കഴിയൂ’ അദ്ദേഹം പറഞ്ഞു. സെപ്റ്റംബറില്‍ നെതന്യാഹുവിന്റെ വാക്കുകളിലും ഈ മാറ്റം പ്രകടമാണ്.

ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്കു പിന്തുണ നല്‍കുകയും ഇറാന്റെ മിസൈല്‍ ആക്രമണങ്ങളെ ചെറുക്കാന്‍ സഹായം നല്‍കുകയും ചെയ്ത അമേരിക്ക പക്ഷേ, അധികാരമാറ്റത്തെക്കുറിച്ചു സൂചന നല്‍കിയിട്ടില്ല. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പൊളിക്കണമെങ്കില്‍ ഇസ്രായേലിന് ഏറെദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. ഇറാനുചുറ്റുമുള്ള പ്രതിരോധക്കോട്ടകള്‍ പൂര്‍ണമായും പൊളിച്ചുനീക്കുക എളുപ്പമല്ല. സൈനിക നീക്കത്തിലൂടെ ഇറാന്റെ ആണവ പദ്ധതികള്‍ നശിപ്പിക്കാന്‍ കഴിയില്ലെന്നും അതിനു ഭരണമാറ്റമാണു വേണ്ടതെന്നും ഇസ്രയേല്‍ പ്രതിരോധവകുപ്പും ചൂണ്ടിക്കാട്ടു.

ഈ സാഹചര്യത്തിലാണ് ഇറാന്റെ ഏറ്റവും ഉന്നത വ്യക്തിത്വങ്ങളെക്കൂടി ഇസ്രയേല്‍ ലക്ഷ്യമിട്ടത്. ഇറാനിയന്‍ സുരക്ഷാ സംവിധാനത്തെ ആശയക്കുഴപ്പത്തിലേക്കും ആശങ്കയിലേക്കും തള്ളിവിടാന്‍ ഇതു സഹായിക്കുമെന്ന് മൊസാദിന്റെ മുന്‍ ചീഫ് അനലിസ്റ്റ് സിമ ഷൈന്‍ പറയുന്നു. ‘കൊല്ലപ്പെട്ടവര്‍ വിവിധ രംഗങ്ങളിലെ വിദഗ്ധരാണ്. വര്‍ഷങ്ങളായി ഭരണകൂടത്തിന്റെ വിശ്വസ്തരാണ്. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ഇവരെ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചത്. ഇവരെ ഇല്ലാതാക്കുന്നതിലൂടെ ഇസ്രയേല്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്നു വ്യക്തമാണെന്നും ഷൈന്‍ പറയുന്നു.

അപ്പോഴും അടുത്തതായി അധികാരത്തിലെത്തുന്ന പിന്‍ഗാമികളുടെ സ്വഭാവവും നിര്‍ണായകമാണെന്നും ഇവര്‍ ഇസ്രയേലിനെ പിന്തുണയ്ക്കുമെന്ന് ഉറപ്പു പറയാന്‍ കഴിയില്ലെന്നും അറ്റ്‌ലാന്റിക് കൗണ്‍സിലിലുള്ള മിഡില്‍ ഈസ്റ്റിലെ മുന്‍ യുഎസ് ഡെപ്യൂട്ടി നാഷണല്‍ ഇന്റലിജന്‍സ് ഓഫീസറായ ജോനാഥന്‍ പാനിക്കോഫ് പറഞ്ഞു.

ഫാല്‍ക്കണ്‍ റോക്കറ്റിലെ പിഴവു കണ്ടെത്തിയത് ഐഎസ്ആര്‍ഒ; ആദ്യം സ്‌പേസ് എക്‌സ് അവഗണിച്ചു; ഓക്‌സിജന്‍ ചോര്‍ച്ച പരിഹരിച്ചത് ശുഭാംശുവിനെ പിന്‍വലിക്കുമെന്ന് അറിയിച്ചപ്പോള്‍; വിക്ഷേപണം മാറ്റിയത് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ ഇടപെടലില്‍; ഒഴിവായത് വന്‍ ബഹിരാകാശ ദുരന്തം; ഞെട്ടിച്ച് വെളിപ്പെടുത്തല്‍

 

Back to top button
error: