Breaking NewsCareersFeatureKeralaLead NewsLIFELife StyleNEWSNewsthen SpecialpoliticsSocial MediaTRENDING

‘ചാനല്‍ ചര്‍ച്ചകള്‍ കാണാറില്ല; കോടതിയോ മാധ്യമങ്ങളോ എന്റെ ഭാഗം കേട്ടില്ല; സിബിഐ അന്വേഷണം വരട്ടെ; എല്ലാ സ്വത്തുക്കളും സുതാര്യം; മൂന്നാര്‍ ഇതുവരെ കണ്ടിട്ടില്ല; മസാല ബോണ്ടില്‍ എന്താണ് കുറ്റമെന്ന് ഇഡിക്കു പോലും അറിയില്ല; കിഫ്ബി പ്രതിയായാല്‍ റിസര്‍വ് ബാങ്കും പ്രതിയാകും; പിണറായി വിജയന്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി; ആദ്യമായി തുറന്നു പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാം

എനിക്ക് ഒന്നിലധികം ജോലികളുണ്ട്. ഈ പറയുന്ന അധിക ശമ്പളം മൂന്നു ജോലി എടുത്തിട്ടു കിട്ടുന്നതാണ്. മൂന്നുപേരെ നിയമിച്ചാല്‍ മൂന്നിരട്ടി സര്‍ക്കാരിനു ചെലവാകുമായിരുന്നു. ആറു മുഖ്യമന്ത്രിമാര്‍ക്കൊപ്പമെങ്കിലും ജോലി ചെയ്തിട്ടുണ്ട്. പക്ഷേ, പിണറായി വിജയന്‍ വ്യത്യസ്തനാണ്. അദ്ദേഹം വളരെ കുറച്ചു മാത്രമാണ് സംസാരിക്കുക. അദ്ദേഹം ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ അതു നടപ്പാക്കാനുള്ള സാഹചര്യവും ഒരുക്കിത്തരും

തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇഡി അന്വേഷണം മുതല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയടക്കം ആദ്യമായി മറുപതി നല്‍കി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം. കിഫ്ബി അടുത്ത അമ്പതു വര്‍ഷത്തില്‍ കേരളത്തിനുണ്ടാക്കുന്ന മാറ്റം എന്താണെന്നു കാട്ടിത്തരുന്നെന്നും ഇഡി എന്തിനാണ് അന്വേഷിക്കുന്നതെന്ന് അവര്‍ക്കു പോലും അറിയില്ലെന്നും അദ്ദേഹം വിവാദങ്ങള്‍ക്കുശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചാനല്‍ ചര്‍ച്ചകള്‍ കാണാറില്ലെന്നും വിവാദങ്ങളുണ്ടായപ്പോള്‍ ആരും തന്റെ ഭാഗം ചോദിച്ചു വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റിട്ടയേഡ് ജഡ്ജിയായ കെമാല്‍ പാഷയുടെ പരാമര്‍ശങ്ങള്‍ വിഷമിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിനു വക്കീല്‍ നോട്ടീസ് നല്‍കിയത്. വിരമിച്ച ഒരു ജഡ്ജിയുടെ ഭാഗത്തുനിന്നു വരാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് അദ്ദേഹം യുട്യൂബ് ചാനലിലൂടെ പറഞ്ഞത്. അതു വസ്തുതാപരമല്ലായിരുന്നു. സിവില്‍ ആയിട്ടും ക്രിമിനല്‍ ആയിട്ടും മുന്നോട്ടു പോകാന്‍ തീരുമാനിച്ചപ്പോഴാണ് അദ്ദേഹം വീഡിയോ പിന്‍വലിച്ച് മാപ്പു പറഞ്ഞത്. ‘എക്ട്രീം റിഗ്രറ്റ്’ എന്നു പറഞ്ഞാണ് അദ്ദേഹം വീഡിയോകള്‍ ഡിലീറ്റ് ചെയതതെന്നും ഓഫ് ബീറ്റ് കണ്‍സേണ്‍സ് എന്ന യുട്യൂബ് ചാനലില്‍ കെ.കെ. ഷാഹിനയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഠ ചാനല്‍ ചര്‍ച്ചകള്‍ കാണാറില്ല

Signature-ad

ചാനല്‍ ചര്‍ച്ചകള്‍ എന്റ രീതിക്കു സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടാണ് കാണാതിരുന്നത്. ഞാന്‍ മുഖ്യമന്ത്രിക്കൊപ്പമുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു ചാനലും വിശദീകരണം ചോദിച്ചില്ല. എനിക്ക് പറയാനുള്ള വേദിയുണ്ടായിരുന്നില്ല. പ്രമാദമായ ഒരുപാടു കേസുകള്‍ അന്വേഷിച്ചിട്ടുള്ളയാളാണു ഞാന്‍. സഹാറ ഉള്‍പ്പെടെ നിരവധി റിപ്പോര്‍ട്ടുകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അതിന്റെ പേരില്‍ പലര്‍ക്കും എന്നോട് അതൃപ്തിയുണ്ട്. സോഷ്യല്‍ മീഡിയക്കാലത്തിനു മുമ്പായതിനാല്‍ പലര്‍ക്കും അതേക്കുറിച്ച് അറിയില്ല. കശുവണ്ടി വികസന കോര്‍പറേഷന് എതിരായ അഴിമതി കേസിലെ അന്വേഷണവും ഇപ്പോഴത്തെ സ്വത്തു സമ്പാദനക്കേസുമായി ബന്ധമുണ്ടെന്നു പറഞ്ഞാല്‍ സംശയിക്കാതിരിക്കാന്‍ വകുപ്പില്ലെന്നും ഇതിനുള്ള തെളിവുകളുണ്ടെങ്കിലും പുറത്തുവിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ ബാന്‍സ് ഷീറ്റ് ഉണ്ടായിരുന്ന സഹാറ ഗ്രൂപ്പിലെ അക്കൗണ്ടില്‍ സംശയാസ്പദമായ കാര്യങ്ങള്‍ കണ്ടതോടെയാണ് അന്വേഷിച്ചത്. 24,000 കോടിയുടെ പിഴ അടപ്പിക്കാന്‍ കഴിഞ്ഞു. കണക്കില്ലാത്ത ഒരുപാടു പണം ബാലന്‍സ് ഷീറ്റില്‍ കണ്ടു. ഇന്ത്യയുടെ സമ്പദ്ഘടന സംശുദ്ധമാക്കാന്‍ ആ അന്വേഷണം സഹായിച്ചു. സെബിയിലെ ചില കാര്യങ്ങള്‍ ശരിയല്ലെന്നു പറഞ്ഞു അന്നത്തെ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. ഇതിനുശേഷം ഏറെക്കാലം പോലീസ് സംരക്ഷണയിലാണ് കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു.

ഠ സ്വത്ത് സമ്പാദനം, ഹൈക്കോടതി വിധി

കൊല്ലത്തുള്ള കെട്ടിടമടക്കം അനധികൃതമായി പണം സമ്പാദിച്ചു എന്നാണ് കേസ്. നേരത്തെയും പരാതിക്കാരന്‍ രംഗത്തുവന്നിരുന്നു. വിജിലന്‍സ് പരാതിയില്‍ കഴമ്പില്ലെന്നു കണ്ടെത്തി. 2009നുശേഷമുള്ള കാര്യങ്ങള്‍ അന്വേഷിച്ചില്ല എന്നു പറഞ്ഞാണ് വീണ്ടും രംഗത്തുവന്നത്. എന്നാല്‍, അതു സത്യമല്ല. ഞാന്‍ ജനിച്ചുവളര്‍ന്ന ചെറിയ പ്രോപ്പര്‍ട്ടിയാണ് കൊല്ലത്തുണ്ടായിരുന്നത്. ഓടിക്ക കെട്ടിടം. അതു പൊളിച്ചുപണിയാന്‍ സഹോദരങ്ങള്‍ക്കാപ്പം തീരുമാനിച്ചത്. മാതാപിതാക്കള്‍ കോളജ് പ്രഫസര്‍മാരായിരുന്നു. അവരുടെ കാലശേഷമാണ് കെട്ടിട നിര്‍മിക്കണമെന്നും മൂന്നു സഹോദരന്‍മാരും തുല്യമായി ചെലവെടുക്കണമെന്നും തീരുമാനിച്ചത്. അവര്‍ വിദേശത്താണ്. അവരുടെ ഭാര്യമാര്‍ വിദേശത്ത് ഡോക്ടര്‍മാരാണ്.

ഫിനാന്‍സ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമായിരിക്കുമ്പോഴാണ് കെട്ടിടം പണി നടന്നത്. ഒരു ഇളവും നഗരസഭയോട് ആവശ്യപ്പെട്ടിട്ടില്ല. താഴത്തെ ഗ്രൗണ്ട് മുഴുവന്‍ പാര്‍ക്കിംഗ് ആക്കി. ബാക്കിയുള്ളത് 6000 സ്‌ക്വയര്‍ഫീറ്റ് സ്ഥലമാണ്. ഈ സ്ഥലത്തിന്റെ ആസ്തിയെക്കുറിച്ചു വെളിപ്പെടുത്തിയില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍, 2013 മുതല്‍ സര്‍ക്കാരിനു സമര്‍പ്പിക്കുന്ന പ്രോപ്പര്‍ട്ടി സ്‌റ്റേറ്റ്‌മെന്റില്‍ ഇക്കാര്യം പറയുന്നുണ്ട്. കെട്ടിടം പണി നടക്കുന്നുണ്ടെന്നും അതു സഹോദരന്‍മാരാണ് ചെയ്യുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേസ് വന്നപ്പോള്‍ പെട്ടെന്ന് ഓര്‍ത്തെടുത്ത ഉപാധിയല്ല. 2016ല്‍ അന്വേഷിക്കുമ്പോള്‍ ഇതു സംബന്ധിച്ച കരാര്‍ അവര്‍ പരിശോധിച്ചിട്ടുണ്ട്.

എന്നാല്‍, ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ ഇതു പിന്നീടു തയാറാക്കിയതാണെന്ന സംശയമാണ് ഉയര്‍ത്തിയത്. പ്രോപ്പര്‍ട്ടി സ്‌റ്റേറ്റ്‌മെന്റിന് അര്‍ഹിക്കുന്ന പരിഗണന കോടതിയില്‍ ലഭിച്ചില്ല. 2000 ചതുരശ്രയടി പാര്‍ക്കിംഗ് അടക്കം 8000 ചതുരശ്രയടി കെട്ടിടമാണ് നിര്‍മിച്ചത്. കോണ്‍ട്രാക്ടര്‍മാര്‍ക്കു പണം നല്‍കിയതും ഫീസുകള്‍ അടച്ചതും ബാങ്ക് വഴിയാണ്. ഇപ്പോഴും 4000 ചതുരശ്രയടി വാടകയ്ക്കു പോകാനുണ്ട്. ഇന്നത്തെ ചെലവനുസരിച്ച്, 2500 രൂപ ചതുരശ്രയടിക്കു നിര്‍മാണ ചെലവു വന്നാലും രണ്ടു കോടിയാണ് കെട്ടിടം നിര്‍മിക്കാന്‍ ചെലവു വരിക. പക്ഷേ, കോടതി വിധിയിലടക്കം എട്ടു കോടിയെന്നാണു പറഞ്ഞത്. ഇതു നിരാശപ്പെടുത്തി. വിധിയില എന്റെ പക്ഷം പരിഗണിച്ചിട്ടില്ല.

വിധിക്കു പിന്നാലെ ഭാര്യയുടെ എല്ലാ അക്കൗണ്ട് വിവരങ്ങളും മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിട്ടുണ്ട്. ഇതു പബ്ലിക്കില്‍ ഇപ്പോള്‍ ലഭ്യമാണ്. സംശയാസ്പദമായ പണമിടപാടുകള്‍ നടന്നെന്നാണു ഹര്‍ജിക്കാരന്‍ ആരോപിച്ചത്. ഹര്‍ജിക്കാരന്‍ ഇങ്ങനെ ആരോപിച്ചതു കൊണ്ട് അന്വേഷിക്കാതെ എഫ്‌ഐആര്‍ ഇടണമെന്നാണ് വിധിയില്‍ പറഞ്ഞത്. പണമിടപാടുകളെക്കുറിച്ചു ജഡ്ജി പരിശോധിച്ചു എന്നു വിധിയില്‍ പറയുന്നില്ല.

ഠ വിദേശത്തുനിന്നു വന്ന പണം

സഹോദരന്‍മാര്‍ വിദേശത്തുനിന്ന് എന്റെ ഭാര്യയുടെയും അവരുടെ അമ്മയുടെയും ജോയിന്റ് അക്കൗണ്ടിലേക്കാണ് അയച്ചത്. നിര്‍മാണ ഘട്ടത്തില്‍ എല്ലാ പണവും കോണ്‍ട്രാക്ടര്‍മാര്‍ ചെക്കുവഴിയാണു നല്‍കിയത്. 1.7 കോടി ആണ് ഇത്തരത്തില്‍ വന്നത്. ചെക്ക് ബൈ ചെക്ക് വിവരങ്ങള്‍ കോടതിയില്‍ നല്‍കി. നേരത്തേ, വിജിലന്‍സ് ഇതു പരിഗണിച്ചതാണ്. 1.85 കോടിയോളം സഹോദരങ്ങള്‍ക്കു ചെലവായി. 10 ലക്ഷം രൂപ അമ്മ കൊടുത്തു. ബാക്കി 5 ലക്ഷം സഹോദരങ്ങള്‍ സ്ഥലത്തു നേരിട്ടെത്തിയപ്പോഴും പണിക്കാര്‍ക്കു നല്‍കി. ഇതില്‍ കൂടുതല്‍ സുതാര്യമായി കെട്ടിടം കഴിയില്ല. കോടതിക്ക് ഇതില്‍ ഏതിലാണു സംശയമെന്ന് എനിക്കു മനസിലായിട്ടില്ല. ചെക്ക് വഴിയാണു പണം ലഭിച്ചതെന്നു കോണ്‍ട്രാക്ടര്‍മാരും മൊഴി നല്‍കിയിട്ടുണ്ട്. വിജിലന്‍സ് ബാങ്ക് രേഖകളടക്കം പരിശോധിച്ചിട്ടുമുണ്ട്.

വിദേശത്തുനിന്നുവരുന്ന പണം ഫോറിന്‍ എക്‌സ്‌ചേഞ്ച് മണിയാണ്. അങ്ങനെയാണ് അന്വേഷണ ഏജന്‍സികള്‍ ചെക്കിന്റെ വിവരത്തിനു ബാങ്കിനെ സമീപിച്ചത്. ബാങ്ക് ഇടപാടുകള്‍ അന്വേഷിച്ചില്ല എന്നു പറയുന്നതില്‍ അര്‍ഥമില്ല. അന്വേിഷിച്ചില്ല എന്നു പറയണമെങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കണമല്ലോ? അന്വേഷിച്ചില്ല എന്നു വിധിയില്‍ പറയുകയും പ്രാഥമിക അന്വേഷണം പോലുമില്ലാതെ സിബിഐക്കു കേസ് കൈമാറുകയുമാണ് ചെയ്തത്. അന്വേഷണം നടന്നില്ലെങ്കില്‍ അന്വേഷണം നടത്തണമെന്ന ഉത്തരവല്ലേ ഇടേണ്ടത്? പകരം അന്വേഷണം നടത്താതെ നേരിട്ട് എഫ്‌ഐആര്‍ ഇടാനാണ് ഉത്തരവില്‍ പറയുന്നത്.

ഠ വിധിക്കുശേഷമുള്ള നിലപാട്

അപ്പീലിനു പോകണ്ടന്നും സിബിഐ അന്വേഷിക്കട്ടെ എന്നുമായിരുന്നു എന്റെ നിലപാട്. പക്ഷേ, എഫ്‌ഐആര്‍ ഇട്ട ഒരാള്‍ എങ്ങനെ പദവിയില്‍ തുടരുമെന്ന പ്രശ്‌നമുണ്ട്. എഫ്‌ഐആര്‍ ഇട്ടാല്‍ സ്വാതന്ത്ര്യം കുറയും. ജോലിയില്‍ തുടരണമെന്നും ബാങ്കി എന്താണെന്നുവച്ചാല്‍ ആലോചിച്ചു ചെയ്യൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. അത്രയും വിശ്വാസ്യത ഒരു ഭരണകൂടം എന്നില്‍ കാണിക്കുമ്പോള്‍ തിരിച്ചും ഉണ്ടാകണമല്ലോ. ഉത്തരവാദിത്വം സംരക്ഷിക്കാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിന്റെ മെറിറ്റിലേക്ക് എത്രയും വേഗം എത്തണമെന്നാണ് ആഗ്രഹം. സിബിഐ ആണെങ്കിലും വിജിലന്‍സ് ആണെങ്കിലും വരട്ടെ. ഇപ്പോഴും അന്വേഷണം നടക്കണമെന്നാണ് എന്റെ ആഗ്രഹം.

ഠ ഹര്‍ജിക്കു പിന്നില്‍

സഹാറ കേസ് പോലെ കശുവണ്ടി വികസന കോര്‍പറേഷന്‍ കേസും എന്നിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴത്തെ കേസിനു പിന്നില്‍ അതിലെ കുറ്റാരോപിതരുടെ പങ്ക് ഉണ്ടോ എന്ന് അറിയില്ല. എന്റെ പ്രശ്‌നങ്ങള്‍ തുടങ്ങിയത് അന്നു മുതലാണ്. സെബിയില്‍ ടവര്‍ ലൊക്കേഷനും ഫോണ്‍കോളും അടക്കം പരിശോധിച്ച് കേസ് തെളിയിച്ചയാളാണ് ഞാന്‍. ഇപ്പോഴത്തെ കേസുമായും ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ എന്റെ പക്കലുണ്ട്. പക്ഷേ, അതൊക്കെ പ്രഫഷണലായി പോകട്ടെ എന്നാണ് ആഗ്രഹിക്കുന്നത്.
ഇപ്പോഴും ഹര്‍ജിക്കാരനു പിന്നിലുള്ള വിവരങ്ങള്‍ അറിയാന്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ മതി. ഇതിനു സഹായിക്കുന്ന മൊഴി തരാമെന്ന് ഒന്നുരണ്ടുപേര്‍ എനിക്കു വാക്കു തന്നിട്ടുണ്ട്. 2015നുശേഷം ഇത്തരം അന്വേഷണം ഞാന്‍ നടത്താത്തത് എനിക്കതിനു സമയവും താത്പര്യവും ഇല്ലാത്തതുകൊണ്ടാണ്.

ഠ മൂന്നാര്‍ കണ്ടിട്ടില്ല

ഓഫീസില്‍ വന്നാല്‍ വൈകീട്ടു വീട്ടില്‍ പോകുന്നയാളാണ്. 45 മിനുട്ട് ഉണ്ണാന്‍ പോകാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പക്ഷേ, ഉച്ചയ്്ക്ക് ഊണുകഴിക്കുന്നയാളല്ല ഞാന്‍. ഉണ്ണാന്‍ പോകാതെ ജോലി ചെയ്യുമ്പോള്‍ ജനങ്ങളെയാണു ഞാന്‍ സേവിക്കുന്നത് എന്നെനിക്കറിയാം. ഞാന്‍ മൂന്നാര്‍ പോലുള്ള പല സ്ഥലങ്ങളും കണ്ടിട്ടില്ല. വില്ലേജ് ഓഫീസില്‍ പോകുമ്പോള്‍ എന്റെ വീട്ടില്‍നിന്നു കൊണ്ടുവരുന്ന ചായയുമായിട്ടാണ് പോയിരുന്നത്. പിന്നീടു പലരും വിമര്‍ശിച്ചപ്പോഴാണ് അതു നീക്കിയത്. 2017ല്‍ റിട്ടയര്‍ ചെയ്തു. 9 കൊല്ലം മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

ഠ ഫ്‌ളാറ്റ് ലോണ്‍ വിവാദം

ബോംബെയിലുള്ള ഫ്‌ളാറ്റിന്റെ ലോണ്‍ അടച്ചത് കിട്ടിയ ശമ്പളത്തേക്കാള്‍ കൂടുതലാണെന്ന ആരോപണം ഉന്നയിച്ചത് പരാതിക്കാരാനാണ്. ഇതേക്കുറിച്ച് അന്വേഷിക്കാതെ വിധിയില്‍ ഉള്‍പ്പെടുത്തി എന്നതാണു സങ്കടകരം. രേഖകള്‍ പരിശോധിച്ചാല്‍ ശമ്പളത്തിന് അകത്തുനില്‍ക്കുന്ന തുകയാണ് എന്നു വ്യക്തമാകും. എന്റേത് കൂട്ടുകുടുംബമായിരുന്നു. എന്റെ മാതാപിതാക്കള്‍ റിട്ട. പ്രഫസര്‍മാരാണ്. ഇവര്‍ക്കൊപ്പമാണ് ഞാന്‍ താമസിച്ചത്. യൂണിവേള്‌സിറ്റി ഓഫ് മിഷിഗണില്‍നിന്ന് ടെക്‌നോളജി പോളിസിയിലാണ് പിച്ചഡി എടുത്തത്. അന്നത്തെ കാലത്ത് ഏറ്റവും മോഡേണ്‍ ആയ ടെക്‌നോളജി ആയിരുന്നു. അന്നു അമേരിക്കയില്‍ നില്‍ക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ചാണു തിരിച്ചെത്തിയത്. ഐഎസില്‍ വന്നതോടെ എന്റെ സേവനം രാജ്യത്തിനു നേട്ടമുണ്ടാക്കണമെന്ന് ആഗ്രിച്ചത്.

ഠ പെന്‍ഷനും ശമ്പളവും വാങ്ങുന്നു

ചീഫ് സെക്രട്ടറിയുടെ ശമ്പളവും പെന്‍ഷനും വാങ്ങിക്കുന്നു എന്നായിരുന്നു മറ്റൊരു ആരോപണം. റൂള്‍ 100 എന്നൊരു വകുപ്പുണ്ട്. കേരള സര്‍വീസ് റൂള്‍സിന്റെ പാര്‍ട്ട്-3 ല്‍ വരുന്ന കാര്യമാണ്. ഒരു വ്യക്തി റീ-എംപ്ലോയ്‌മെന്റിലേക്കു വരുമ്പോള്‍ എങ്ങനെയാണു ശമ്പളം നല്‍കേണ്ടത് എന്നതാണ് അതില്‍ പറയുന്നത്. പെന്‍ഷന്‍ എന്റെ 37 വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പെന്‍ഷന്‍ പറ്റിയവരെ ജോലിക്കെടുത്തപ്പോഴാണ് അങ്ങനെ നിയമം കൊണ്ടുവന്നത്. വീണ്ടും നിയമനം ലഭിക്കുമ്പോള്‍ പെന്‍ഷന്‍ കിഴിച്ചുള്ള ശമ്പളമാണ് നല്‍കേണ്ടത് എന്നാണ് റൂള്‍ 100. ഞാന്‍ പക്ഷേ, റീ-എംപ്ലോയ്‌മെന്റ് ആഗ്രഹിച്ചില്ല. പകരം കരാര്‍ ജീവനക്കാരനായി. അതില്‍ സ്വാതന്ത്ര്യം കൂടുതലുണ്ട്. പക്ഷേ, ചീഫ് സെക്രട്ടറിയുടെ നിലവാരത്തിലുള്ള സേവനം നല്‍കുമ്പോള്‍ ആ ശമ്പളവും ലഭിക്കണം.

എനിക്ക് ഒന്നിലധികം ജോലികളുണ്ട്. ഈ പറയുന്ന അധിക ശമ്പളം മൂന്നു ജോലി എടുത്തിട്ടു കിട്ടുന്നതാണ്. മൂന്നുപേരെ നിയമിച്ചാല്‍ മൂന്നിരട്ടി സര്‍ക്കാരിനു ചെലവാകുമായിരുന്നു. വിമര്‍ശനം വരുമ്പോള്‍ നമ്മുടെ ഭാഗം പറയാന്‍ അവസരം കിട്ടാത്തതു കൊണ്ടാണ് ഇതൊന്നും വെളിയില്‍ വരാത്തത്. അത് വലിയ പ്രശ്‌നമാണ്. ശമ്പളത്തെക്കുറിച്ച് നിയമസഭയിലും ധനമന്ത്രി വ്യക്തമാക്കി.

ചീഫ് സെക്രട്ടറിയുടെ വകുപ്പിനു പുറമേ, മറ്റു വകുപ്പുകളില്‍ ശമ്പളം വാങ്ങുന്നില്ല എന്നും അദ്ദേഹം എഴുതി. ഇക്കാര്യം ആരും പറഞ്ഞില്ല. അവിഹിതമാണെന്നാണ് എല്ലാവരും പറഞ്ഞു നടന്നത്. സംസാരിക്കാന്‍ കഴിയാത്ത ആട്ടിന്‍കുട്ടിയുടെ അവസ്ഥയിലായിരുന്നു ഞാന്‍. സിവില്‍ സര്‍വന്റ് വിശസ്തനായിരിക്കണം. നിഷ്പക്ഷനും അദൃശ്യനുമായിരിക്കണം. ഇതു ഞാന്‍ പാലിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് 100 മീറ്റര്‍ ഓട്ടമല്ല. 42 കിലോമീറ്റര്‍ മാരത്തണാണ്. എന്റെ ഫിലോസഫി ജീവിതത്തില്‍ പാലിച്ചതിന്റെ നെഗറ്റീവ് വശമാണ് കേസുകളെന്നു കരുതാനാണ് ഇഷ്ടം.

ഠ കിഫ്ബിയും കേരളവും

കിഫ്ബിയാണ് ഇന്നത്തെ കേരളത്തിന്റെ മാറ്റത്തിന് ഇടയാക്കിയത്. അതിനെതിരായ ഇഡി അന്വേഷണം എന്തിനാണെന്ന് ഇന്നും വ്യക്തമല്ല. കിഫ്ബി മസാല ബോണ്ട് എടുത്തത് റിസര്‍വ് ബങ്കിന്റെ അനുമതിയിലാണ്. ഇഡി അന്വേഷണത്തില്‍ കിഫ്ബി നടത്തിയ കുറ്റമെന്തെന്ന് ഇതുവരെ വ്യക്മാക്കിയിട്ടില്ല. എന്നെയും ജീവനക്കാരെയും അനാവശ്യമായി വിളിച്ചുവരുത്തുന്നതിനും ജീവനക്കാരിയോടു മോശമായി പെരുമാറിയതും കോടതിയില്‍ ചോദ്യം ചെയ്തത് അതുകൊണ്ടാണ്. കിഫ്ബിയുടെ റൂള്‍സ് തയാറാക്കിയത് ഞാനാണ്. അതിന്റെ എല്ലാ വശങ്ങളും എനിക്കറിയാം. ഇഡി കേസെടുത്താല്‍ റിസര്‍വ്് ബാങ്കിനെയും പ്രതിയാക്കേണ്ടിവരും. മസാല ബോണ്ട് എടുത്ത വേറെ ആര്‍ക്കെങ്കിലും എതിരേ പോയിട്ടുണ്ടോ എന്നു ചോദിച്ചത് സുപ്രീം കോടതിയാണ്. ഇല്ല എന്നായിരുന്നു മറുപടി. ആര്‍ബിഐയും നിയമപ്രകാരമാണ് കേരളത്തിന്റെ നടപടിയെന്നാണ് അറിയിച്ചത്. പക്ഷേ, ഡോക്കുമെന്റ് തരുന്നുണ്ടെങ്കിലും അന്വേഷണ അധികാരം ഇഡിക്കാണെന്നു പറഞ്ഞ് ഒഴിഞ്ഞു. 60 മാസം ഫയല്‍ ചെയ്ത മന്ത്‌ലി റിപ്പോര്‍ട്ട് അനുസരിച്ച് ചെലവാക്കിയ ‘നയാ പൈസ’ അടക്കമുള്ള കണക്ക് റിസര്‍വ് ബാങ്കിലുണ്ട്.

ഇപ്പോള്‍ 4 കൊല്ലം കഴിഞ്ഞിട്ടും ഇഡി ഒരിഞ്ച് മുന്നോട്ടു പോയിട്ടില്ല. ഇഡി എന്തിനാണ് അന്വേഷിക്കുന്നതെന്ന് ഇഡിക്കുപോലും അറിയില്ല. എന്നെയും ജീവനക്കാരെയും നിരന്തരം വിളിച്ചുവരുത്തി. എട്ടുമണിക്കൂര്‍ കഴിഞ്ഞു തിരിച്ചയയ്ക്കും. വനിതാ ജീവനക്കാരിയോടു മോശമായി പെരുമാറിയതോടെ പരാതിയും നല്‍കി. 2021ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇതെല്ലാം തുടങ്ങിയത്. അതില്‍ രാഷ്ട്രീയ കാരണമുണ്ടോ എന്ന് അറിയില്ല. റോഡ് മുതല ശബരി റെയില്‍വരെ കിഫ്ബിയുടെ ഭാഗമാണ്. ജലപാത വരുന്നതോടെ ജലയാത്രകള്‍ സുഗമമാകും. ഇത് വിനോദ സഞ്ചാരത്തിനു നല്‍കുന്ന പങ്കാളിത്തം വലുതാണ്. കേരളം അടുത്ത അമ്പതു വര്‍ഷത്തിനുള്ളില്‍ കാണാന്‍ പോകുന്നത് അസാമാന്യമായ പുരോഗതിയാണെന്നും അദ്ദേഹം പറഞ്ഞു. എഡിബി ബാങ്ക് വായ്പയുടെ പേരിലുള്ള വിവാദങ്ങള്‍ കേരളത്തിന്റെ വികസനം 20 വര്‍ഷമെങ്കിലും പിന്നോട്ടടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഠ മുഖ്യമന്ത്രിക്കൊപ്പമുള്ള പ്രവര്‍ത്തനം

2026ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലാവധി അവസാനിക്കും. പിന്നെ അടുത്ത തെരഞ്ഞെടുപ്പ് വരും. അതുവരെ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നാണു കരുതുന്നത്. എന്റെ കാലാവധിയും അതുവരെയാണ്. സര്‍ക്കാരിനുവേണ്ടി എത്രത്തോളം പ്രവര്‍ത്തിക്കാമോ അതു ചെയ്യും. പിണറായി വിജയനെപ്പോലെ ഒരു മുഖ്യമന്ത്രിക്കൊപ്പം ഇതുവരെ ജോലി ചെയ്തിട്ടില്ല. ആറു മുഖ്യമന്ത്രിമാര്‍ക്കൊപ്പമെങ്കിലും ജോലി ചെയ്തിട്ടുണ്ട്. പക്ഷേ, പിണറായി വിജയന്‍ വ്യത്യസ്തനാണ്. അദ്ദേഹം വളരെ കുറച്ചു മാത്രമാണ് സംസാരിക്കുക. അദ്ദേഹം ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ അതു നടപ്പാക്കാനുള്ള സാഹചര്യവും ഒരുക്കിത്തരും. എന്നെ സംബന്ധിച്ച് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചത് വലിയൊരു അവസരമായിരുന്നു. 2017ല്‍ റിട്ടയര്‍ ചെയ്തയാളാണ് ഞാന്‍. ബോംബെയില്‍ സെക്യൂരിറ്റി മാര്‍ക്കറ്റില്‍ കണ്‍സള്‍ട്ടന്‍സി തുടങ്ങണമെന്നായിരുന്നു ആഗ്രഹം. അതിന് വീടു വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തിക്കാനായിരുന്നു നീക്കം. അപ്പോഴാണ് പിണറായി വിജയന്‍ തുടരണമെന്ന് ആവശ്യപ്പെട്ടത്. അത് അംഗീകാരമായിട്ടാണ് തോന്നിയതെന്നും കെ.എം. എബ്രഹാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: