29-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് നിക്കോളാസ് പുരാന്‍; ആരാധകരെ ഞെട്ടിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപനം; മുഴങ്ങുന്ന ദേശീയ ഗാനത്തിനൊപ്പം ജഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയ നിമിഷങ്ങള്‍ മറക്കില്ല, കഠിന കാലത്തും ഒപ്പം നിന്നതിന് ആരാധകരേ നിങ്ങള്‍ക്കെന്റെ നന്ദി’

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ നിക്കോളസ് പുരാന്‍ . 29കാരനായ പുരാന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. ‘ മുഴങ്ങുന്ന ദേശീയഗാനത്തിനൊപ്പം, ജഴ്സിയണിഞ്ഞ് ഓരോ തവണയും ഗ്രൗണ്ടിലേക്കിറങ്ങുന്നതും ഓരോ തവണയും എന്‍റെ കഴിവിന്‍റെ പരമാവധി നല്‍കുന്നതും എനിക്കെങ്ങനെയായിരുന്നുവെന്ന് എഴുതിഫലിപ്പിക്കുക അസാധ്യമാണ്.
ടീമിനെ നയിക്കാന്‍ സാധിച്ചത് ഏറ്റവും അമൂല്യമായ നിമിഷങ്ങളായി ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കും. ആരാധകരേ, നിങ്ങളുടെ അകമഴിഞ്ഞ സ്നേഹത്തിന് നന്ദി. കഠിനകാലത്ത് ഒപ്പം നിന്നത് നിങ്ങളാണ്. എന്‍റെ ഓരോ വിജയവും നിങ്ങള്‍ സമാനതകളില്ലാതെ ആഘോഷമാക്കി. ഈ യാത്രയില്‍ ഒപ്പം നടന്നതിന് കുടുംബത്തോടും സുഹൃത്തുക്കളോടും ഞാന്‍ നന്ദിയുള്ളവനാണ്. നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസവും നല്‍കിയ പിന്തുണയുമാണ് ഇതുവരെ എത്തിച്ചത്.

രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുകയാണെങ്കിലും വിന്‍ഡീസിനോടുള്ള എന്‍റെ സ്നേഹം ഒരിക്കലും മായില്ല. മുന്നോട്ടുള്ള പാതയിലേക്ക് ടീമിന് എല്ലാ ആശംസകളും.. ഏറ്റവും സ്നേഹത്തോടെ നിക്കി’- എന്നായിരുന്നു ആരാധകരെ അമ്പരപ്പിച്ച് പുരാന്‍റെ കുറിപ്പ്. അതീവ കഠിനമായിരുന്നുവെങ്കിലും സുദീര്‍ഘമായ ആലോചനയ്ക്കൊടുവിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് പുരാന്‍ വെളിപ്പെടുത്തി.
മിന്നുന്ന ഫോമില്‍ നില്‍ക്കവെയുള്ള പുരാന്‍റെ വിരമിക്കല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 170 സിക്സറുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ട്വന്‍റി20യില്‍ പുരാന്‍ അടിച്ചു കൂട്ടിയത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 500 റണ്‍സാണ് താരം സ്കോര്‍ ചെയ്തത്. ടൂര്‍ണമെന്‍റിലെ ഏറ്റവുമധികം സിക്സറുകളും (40) പുരാന്‍റെ പേരിലാണ്.
View this post on Instagram
2016 സെപ്റ്റംബറിലാണ് ട്വന്‍റി20യില്‍ പുരാന്‍റെ അരങ്ങേറ്റം. ടെസ്റ്റ് മാച്ചുകളൊന്നും പുരാന്‍ കളിച്ചിട്ടില്ല. 2019 ഫെബ്രുവരിയിലാണ് ഏകദിന അരങ്ങേറ്റം. 106 ട്വന്‍റി 20 മല്‍സരങ്ങളില്‍ നിന്നായി 2275 റണ്‍സാണ് പുരാന്‍ നേടിയത്. വിന്‍ഡീസിനായി 61 ഏകദിനങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചറികളും താരം നേടി. 2019 ല്‍ അഫ്ഗാനെതിരായ മല്‍സരത്തില്‍ പന്ത് ചുരണ്ടിയതിനെ തുടര്‍ന്ന് പുരാന്‍ വിലക്ക് നേരിട്ടിരുന്നു.
ട്വന്‍റി20 വൈസ് ക്യാപ്റ്റനായിരുന്ന പുരാന്‍, കീറണ്‍ പൊള്ളാര്‍ഡ് കളിക്കാതിരുന്നതിനെ തുടര്‍ന്ന് ഓസീസ് പര്യടനത്തില്‍ ടീമിനെ നയിച്ചു. 4–1ന്‍റെ ഉജ്വല വിജയമാണ് അന്ന് വിന്‍ഡീസ് നേടിയത്. 2022 ല്‍ ക്യാപ്റ്റനായി. അക്കൊല്ലം നടന്ന ട്വന്‍റി 20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെ നയിച്ചെങ്കിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതോടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. ഗെയിം ചെയ്ഞ്ചറായിരുന്നു നിക്കോളാസ് പുരാനെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് കുറിച്ചു. ഫീല്‍ഡിലും ടീമിലും പുരാന്‍റെ പ്രകടനവും പെരുമാറ്റവും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് എക്കാലവും മുതല്‍ക്കൂട്ടാകുമെന്നും വിന്‍ഡീസ് ബോര്‍ഡ് പ്രശംസിച്ചു.