
കാസർകോട്: വീട്ടില്‍ ‘ബെവ്‌കോ ഔട്ട് ലെറ്റി’ന് സമാനമായ രീതിയില്‍ അനധികൃതമായി മദ്യവില്‍പന നടത്തിയ യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് മേൽപ്പറമ്പ് സ്വദേശി 36 കാരി വിനീതയാണ് അറസ്റ്റിലായത്. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി-നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ 20 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 175.68 ലിറ്റര്‍ ഗോവന്‍ മദ്യം വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.
കേസിലെ രണ്ടാം പ്രതി ഹൊസ്ദുര്‍ഗ് സ്വദേശിയും യുവതിയുടെ ഭര്‍ത്താവുമായ വിനോദ് കുമാര്‍ (42) ഒളിലാണ്. പ്രതി പെട്ടികണക്കിന് മദ്യം വീട്ടിലെത്തിച്ച് ആളുകള്‍ക്ക് ആവശ്യാനുസരണം വില്‍പന നടത്തുകയായിരുന്നു എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിനോദിന് മറ്റൊരു കുടുംബമുണ്ട് എന്നും അന്വേഷണത്തില്‍ കണ്ടെത്തി.

അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സി.കെ.വി. സുരേഷിന്റെയും സംഘത്തിൻ്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കേസ് കാസർകോട് എക്‌സൈസ് റേഞ്ചിന് കൈമാറി.
യുവതിയുടെ ഭർത്താവ് വിനോദ് കുമാർ മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റിലൂടെ 2484 ലിറ്റർ ഗോവൻ മദ്യം കടത്താൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണെന്നും എക്‌സൈസ് പറഞ്ഞു.