ജമാ-അത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് അസോസിയേറ്റ് ഘടക കക്ഷി? തീവ്ര മുസ്ലിം സംഘടനയുടെ പിന്തുണ ആര്യാടന്‍ ഷൗക്കത്തിന്; കാന്തപുരത്തിനും അനുഭാവ നിലപാട്; പിഡിപി പിന്തുണ ഇടതിന്; എല്‍ഡിഎഫിന്റെ പരമ്പരാഗത മുസ്ലിം വോട്ടുകളില്‍ വിള്ളല്‍; ക്രിസ്ത്യന്‍, ഹിന്ദു വോട്ടുകളും വിഘടിക്കും

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനും പിഡിപി ഇടതുമുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചു. മണ്ഡലത്തില്‍ നിര്‍ണായക വോട്ടുള്ള കാന്തപുരം എ.പി. വിഭാഗത്തിന്റെ മനസ് യു.ഡി.എഫിനൊപ്പം. മുന്‍കാലങ്ങളില്‍ എല്‍.ഡി.എഫിനൊപ്പമായിരുന്ന കാന്തപുരം വിഭാഗം ആര്യാടന്‍ മുഹമ്മദിനോടുള്ള അടുപ്പവും സംസ്ഥാന സര്‍ക്കാരിന്റെ ചില പ്രവൃത്തികളിലെ അതൃപ്തിയും മൂലമാണു യു.ഡി.എഫ്. അനുകൂല നിലപാടെടുക്കുന്നത്. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് കാന്തപുരം വിഭാഗത്തിന്റെ തീരുമാനം.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നടന്ന സന്ദര്‍ഭത്തില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരെ യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. ‘ആര്യാടന്റെ മകനെ തള്ളിക്കളയരുത്’ എന്ന ആവശ്യം അന്നത്തെ സൗഹൃദ സംഭാഷണത്തില്‍ അനൗപചാരികമായി ഉയര്‍ന്നുവന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

മുന്‍കാലങ്ങളില്‍ സമസ്ത-എ.പി-ഇ.കെ. വിഭാഗങ്ങള്‍ തര്‍ക്കമുണ്ടാകുമ്പോള്‍ ആര്യാടന്‍ മുഹമ്മദ് അനുകൂല നിലപാടെടുത്തിരുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ സഹായം നല്‍കിയതുമാണ് എ.പി. വിഭാഗത്തിന്റെ, ആര്യാടന്‍ ഷൗക്കത്ത് അനുകൂല നിലപാടിനു പിന്നില്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പി.വി. അന്‍വറിനായിരുന്നു ഇവര്‍ പിന്തുണ നല്‍കിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഷൗക്കത്തിനാണു ഇവര്‍ പ്രധാന്യം നല്‍കുന്നത്. ഷൗക്കത്തില്‍നിന്നു പിന്തുണയും സഹായവും തിരിച്ചുലഭിക്കുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്നതാണ് എക്കാലത്തും കാന്തപുരം സ്വീകരിക്കുന്ന നിലപാട്.
വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കു പരസ്യപിന്തുണയാണു പ്രഖ്യാപിച്ചത്. ഇത് യുഡിഎഫിന്റെ അസോസിയേറ്റ് അംഗത്വം നല്‍കുന്നതിന്റെ ഭാഗമാണെന്നാണു കരുതുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് സഹകരിക്കാവുന്ന കക്ഷിയായി മുന്നണിയോഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും പങ്കാളിയാക്കും. പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഖ്യകക്ഷിക്ക് തുല്യപരിഗണനയില്‍ സീറ്റും നല്‍കും. ധാരണയെക്കുറിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വെല്‍ഫെയര്‍ പാര്‍ടി നേതാക്കള്‍ വിസമ്മതിച്ചു. അതേസമയം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് നിഷേധിച്ചില്ല.
ജമാഅത്തെ ഇസ്ലാമി നേതാക്കളുമായടക്കം കൂടിയോലോചിച്ചാണ് യുഡിഎഫ് നേതൃത്വം അസോസിയേറ്റ് അംഗത്വം അംഗീകരിച്ചത്. പി വി അന്‍വര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും അംഗത്വം നിഷേധിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ജമാഅത്തെയുമായുള്ള ധാരണയ്ക്ക് മുന്‍കൈയെടുത്തത്. സംഘപരിവാറിന്റെ ഇസ്ലാംപതിപ്പായി അറിയപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആശയാടിത്തറ മതമൗലികവാദവും വര്‍ഗീയതയുമാണ്. ഇവരുടെ പിന്തുണ സ്വീകരിക്കുന്നതിലും വെല്‍ഫെയര്‍ പാര്‍ടിക്ക് അസോസിയേറ്റ് അംഗത്വം നല്‍കുന്നതിലും ഒരുവിഭാഗം കോണ്‍ഗ്രസ്- മുസ്ലിംലീഗ് നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്.
നിലമ്പൂരില്‍ ഉണ്ടാകുന്നത് ഇടതു സര്‍ക്കാരിനെതിരായ വിധിയെഴുത്താകണമെന്നു പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് സംഘപരിവാര്‍ സഹായ വകുപ്പായി മാറിയെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിച്ചു.
അതേസമയം, ഇടതുമുന്നണിക്കു നല്‍കുന്ന പിന്തുണ തുടരുമെന്നു പി.ഡി.പി. വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പ് പിന്തുണ തുടരാന്‍ തീരുമാനിച്ചത്. ഇടതുമുന്നണിക്ക് നല്‍കിവരുന്ന പിന്തുണ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും തുടരുമെന്ന് പിഡിപി വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇടതുമുന്നണിക്ക് പിന്തുണ തുടരാന്‍ തീരുമാനിച്ചത്.
രാജ്യത്തിന്റെ മഹാവിപത്തായ വര്‍ഗീയ ഫാസിസത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും ശക്തമായ നിലപാട് എക്കാലവും സ്വീകരിച്ചുവരുന്ന ഇടതുമുന്നണിക്കൊപ്പമാണ് ആശയപരമായി കൂടുതല്‍ ചേര്‍ന്നുനില്‍ക്കാന്‍ പിഡിപിക്ക് കഴിയുന്നത്. ആ നിലപാടാണ് കേരളത്തില്‍ വര്‍ഗീയ ഫാസിസം പിന്തള്ളപ്പെടുന്നത്. മണ്ഡലത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ടാകും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഇടത് മുന്നണിയോടൊപ്പം പി.ഡി.പി. ഫലപ്രദമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലമ്പൂരില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലമായി സംസ്ഥാനത്തെ വികസനത്തിന് കാര്യമായ പങ്ക് വഹിച്ചു. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ സാഹചര്യമാണ് നിലമ്പൂര്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി. നിലമ്പൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വ്യാപാര ഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു നാസര്‍.
അന്‍വറിനെ തള്ളി തൃണമൂല്‍ ഭാരവാഹികള്‍
സ്വതന്ത്ര സ്‌ഥാനാര്‍ഥിയായ പി.വി. അന്‍വറിനെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്‌ഥാന ഭാരവാഹികള്‍ രംഗത്തുവന്നു. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും പാര്‍ട്ടി പതാകയും ചിഹ്നഹ്നവും ഉള്‍പ്പെടെ ദുരുപയോഗം ചെയ്യുകയാണെന്നു കാണിച്ചു പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റി മലപ്പുറം കലക്‌ടര്‍ക്കു പരാതി നല്‍കി.
തൃണമൂല്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായി പി.വി. അന്‍വര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയതാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും നേതാക്കളുടെ ചിത്രങ്ങളും ചിഹ്നവും പതാകയും അന്‍വര്‍ ഉപയോഗിക്കുന്നത് പാര്‍ട്ടിക്ക് അവമതിപ്പും വോട്ടര്‍മാരില്‍ തെറ്റിദ്ധാരണയും ഉണ്ടാകാന്‍ കാരണമായെന്നും സംസ്‌ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.