Breaking NewsCrimeIndiaLead NewsNEWS

ഇഡിക്കെതിരായ കൈക്കൂലി കേസ്: പരാതി വിജിലന്‍സിന് കൈമാറിയത് സിബിഐ; കേസെടുക്കാതെ സമാന്തര അന്വേഷണം തുടങ്ങി; സഹകരിക്കേണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശം; ഹൈക്കോടതിയെ സമീപിക്കാന്‍ വിജിലന്‍സ്; അന്വേഷണ ഏജന്‍സികള്‍ പരസ്യമായ നിയമ യുദ്ധത്തിലേക്ക്

നിലവില്‍ വിജിലന്‍സ് അന്വേഷണത്തോടു സഹകരിക്കേണ്ടതില്ലെന്നാണു ഇഡിക്കു ലഭിച്ച കേന്ദ്ര നിര്‍ദേശം. വിശാലമായ അധികാരങ്ങളുള്ള ഇഡിക്കെതിരേ കോടതിയെ സമീപിക്കുകയാണു വിജിലന്‍സിനു മുന്നിലുള്ള മാര്‍ഗം

കൊച്ചി: കേസൊതുക്കാന്‍ കശുവണ്ടി വ്യവസായിയില്‍നിന്ന് ഇഡി ഉദേ്യാഗസ്ഥര്‍ രണ്ടുകോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസില്‍ നിസഹകരണം തുടരുന്നതിനെതിരേ വിജിലന്‍സ് ഹൈക്കോടതിയിലേക്ക്. കേസ് വിജിലന്‍സിനു കൈമാറിയത് സിബിഐയുടെ കൊച്ചി യൂണിറ്റാണെന്നും വെളിപ്പെടുത്തല്‍. കേസ് അന്വേഷിക്കാനുള്ള അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചെങ്കിലും രണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിലെ ഔചിത്യമില്ലായ്മ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും വിജിലന്‍സിനു കൈമാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

നിലവില്‍ വിജിലന്‍സ് അന്വേഷണത്തോടു സഹകരിക്കേണ്ടതില്ലെന്നാണു ഇഡിക്കു ലഭിച്ച കേന്ദ്ര നിര്‍ദേശം. വിശാലമായ അധികാരങ്ങളുള്ള ഇഡിക്കെതിരേ കോടതിയെ സമീപിക്കുകയാണു വിജിലന്‍സിനു മുന്നിലുള്ള മാര്‍ഗം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇഡി ഓഫീസില്‍ നേരിട്ടെത്തി വിജിലന്‍സ് കേസ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടത്. ഇതുവരെ രേഖകള്‍ കൈമാറിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈയാഴ്ചതന്നെ ഹൈക്കോടതിയെ സമീപിക്കും. പരാതിക്കാരന്‍ അനീഷ് ബാബുവിനെതിരേ ഇഡി രജിസ്റ്റര്‍ ചെയ്ത കേസിന്റെയും അയച്ച സമന്‍സിന്റെയും വിശദാംശങ്ങള്‍ തേടിയാണ് ഇഡിക്കു രണ്ടുവട്ടം നോട്ടീസ് നല്‍കിയത്.

Signature-ad

കഴിഞ്ഞ മൂന്നു മാസത്തിനിടെ മൂന്നുകേസുകള്‍ സിബിഐക്കു ലഭിച്ചിരുന്നു. ഇതു മൂന്നും വിജിലന്‍സിനു കൈമാറിയിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശം പരിഗണിച്ചാണ് അന്വേഷണത്തോടു സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഇഡി എത്തിയത്. വിജിലന്‍സ് ആവശ്യപ്പെടുന്ന തെളിവുകളൊന്നും കൈമാറില്ലെന്ന തീരുമാനത്തിലാണ് ഇഡി. വിജിലന്‍സ് നിരന്തരം നോട്ടീസ് നല്‍കിയിട്ടും തെളിവുകള്‍ നല്‍കാത്തത് ഈ സാഹചര്യത്തിലാണ്. നോട്ടീസിന് ഇ.ഡിയില്‍നിന്നു പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് വിജിലന്‍സ് മധ്യമേഖല എസ്.പി: എസ്. ശശിധരനും വ്യക്തമാക്കിയിരുന്നു.

ഇ.ഡി. നിസഹകരണം തുടരുന്ന വിവരം വിജിലന്‍സ് സിബിഐയെ അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നു സിബിഐയും വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇഡി സഹകരിക്കാത്ത സാഹചര്യത്തില്‍ കേസ് ഒരുപക്ഷേ കോടതിയോ കേന്ദ്ര ആഭ്യന്തരമന്ത്രാലയമോ സിബിഐയ്ക്കു വിടാന്‍ സാധ്യതയുണ്ട്. ഇതും കണക്കിലെടുത്താണു സിബിഐയും കേസെടുക്കാതെ അന്വേഷിക്കുന്നത്. നിസഹകരണം കോടതിയെ അറിക്കാനുള്ള നീക്കവും ഇതോടൊപ്പമുണ്ട്. പോലീസ് നിര്‍ദേശ പ്രകാരമാണ് ഇഡി കേസെടുത്തതെന്നും ഇതിന്റെ വിശദാംശങ്ങള്‍ ഇഡിയോടു ചോദിക്കുന്നത് പരിഹാസ്യമാണെന്നുമാണ് ഇഡി ഉദ്യോഗസ്ഥരുടെ നിലപാട്. കശുവണ്ടി വ്യവസായിയുടെ പോലീസ് കേസ് എല്ലാ അര്‍ഥത്തിലും അട്ടിമറിച്ചെന്നും ഇഡി ആരോപിക്കുന്നു. ഇതിലും കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തും.

അതിനിടെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ സമാനപരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും വിജിലന്‍സ് നീക്കമാരംഭിച്ചു. പുതിയ പരാതികളില്‍ വസ്തുതകളുണ്ടെന്ന, പ്രാഥമിക പരിശോധനയിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇഡി. നല്‍കിയ സമന്‍സ് പരാതിക്കാരനില്‍ നിന്നും വിജിലന്‍സിനു കിട്ടിയിട്ടുണ്ടെന്നാണു ഇഡിയുടെ വാദം.

കൈക്കൂലിക്കേസിലെ ഒന്നാംപ്രതി ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിന്റെ അറസ്റ്റ് 11 വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ 11ന് പരിഗണിക്കും. അന്വേഷണത്തിനായി വിജിലന്‍സ് സംഘം വീണ്ടും മഹാരാഷ്ട്രയിലേക്കു പോകും. താനെയിലെ ബോറോ കമോഡിറ്റീസ് കമ്പനിയുടെ അക്കൗണ്ടിലാണു കൈക്കൂലിപ്പണം നിക്ഷേപിച്ചതെന്നു കണ്ടെത്തിയിരുന്നു. താനെയില്‍ ഇങ്ങനെ ഒരു കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്നും വ്യക്തമായി. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണു വിജിലന്‍സ് നീക്കം.

എന്നാല്‍, അന്വേഷണ വിവരങ്ങള്‍ വിജിലന്‍സ് തേടുന്നത് അനീഷ് ബാബു കേസിനെ ബാധിക്കുമെന്നാണ് ഇഡി നിലപാട്. ഓഫീസിലെത്തിയ വിജിലന്‍സ് സംഘം, തങ്ങള്‍ക്കു വേണ്ട രേഖകളുടേയും തെളിവുകളുടേയും പട്ടിക ഇഡി ഉദ്യോഗസ്ഥര്‍ക്കു കൈമാറിയിരുന്നു. ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള നീക്കമാണു വിജിലന്‍സ് നടത്തിയത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് ഇഡിയും അന്വേഷിക്കുമെന്നാണു വിവരം. ഇതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയെന്നും ചില കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: