
വാഷിങ്ടന്‍: യു.എസിലെ കൊളറാഡോയില്‍ ഇസ്രയേല്‍ അനുകൂല റാലിയില്‍ പങ്കെടുത്തവര്‍ക്കുനേരെ ബോംബേറ്. ആറുപേര്‍ക്ക് പൊള്ളലേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന് എഫ്ബിഐ അറിയിച്ചു. ഗാസയില്‍ ഹമാസ് തടവിലുള്ള ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു നടന്ന കൂട്ടായ്മയിലേക്ക് അക്രമി സ്‌ഫോടക വസ്തു എറിയുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യന്‍ വംശജനായ മുഹമ്മദ് സാബ്രി സുലൈമാന്‍ (45) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്.
അക്രമി പലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ആക്രമണത്തിന്റെ കാരണം പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അക്രമി പലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവസ്ഥലത്തെത്തുമ്പോള്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റിരുന്നതായി പൊലീസ് പറഞ്ഞു. പൊള്ളലേറ്റവരും അല്ലാതെ പരുക്കേറ്റവരും കൂട്ടത്തിലുണ്ടായിരുന്നു. അക്രമിയെ സംഭവ സ്ഥലത്തുനിന്നു തന്നെ പിടികൂടിയതായും പൊലീസ് പറഞ്ഞു. ഭീകരാക്രമണമാണ് നടന്നതെന്ന് അമേരിക്കയിലെ ഇസ്രയേല്‍ അംബാസഡറും പ്രതികരിച്ചു.

ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത് യു.എസിലെത്തിയ പ്രതി മുഹമ്മദ് സാബ്രി വിസ കാലാവധി കഴിഞ്ഞും രാജ്യത്തു തുടരുകയാണെന്ന് യു.എസ് എമിഗ്രേഷന്‍ വിഭാഗം സൂചിപ്പിച്ചു. കഴിഞ്ഞയാഴ്ച യുഎസ് തലസ്ഥാനനഗരത്തിലെ ജൂത മ്യൂസിയത്തിനു മുന്നില്‍ ഇസ്രയേല്‍ എംബസിയിലെ 2 ജീവനക്കാര്‍ വെടിയേറ്റു മരിച്ചിരുന്നു. വൈറ്റ് ഹൗസില്‍നിന്ന് 2 കിലോമീറ്റര്‍ അകലെ ക്യാപ്പിറ്റല്‍ ജ്യൂയിഷ് മ്യൂസിയത്തിലെ പരിപാടി കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോഴാണു വെടിവയ്പുണ്ടായത്. യാറോണ്‍ ലിസ്ചിന്‍സ്‌കി (30), സാറാ ലിന്‍ മില്‍ഗ്രം (26) എന്നിവരാണു കൊല്ലപ്പെട്ടത്.