Breaking NewsSports

ഐപിഎൽ രണ്ടാം ക്വാളിഫയറിൽ മുംബൈയ്ക്കു മുന്നിൽ വില്ലനായി മഴ, കളി ഉപേക്ഷിച്ചാൽ മുംബൈ പുറത്ത്

അഹമ്മദാബാദ്: തോറ്റ് തോറ്റ് തോൽവിക്കൊടുവിൽ ഫീനിക്സ് പക്ഷിയെപ്പോലുള്ള വിജയക്കുതിപ്പായിരുന്നു ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റേത്. ആദ്യ മത്സരങ്ങളിലെല്ലാം അമ്പേ പരാജയപ്പെട്ട് പിന്നീടങ്ങോട്ട് മുംബൈയുടെ തേരോട്ടമായിരുന്നു. അത് ചെന്നെത്തിനിൽക്കുന്നതോ ഫൈനലിനു തൊട്ടു മുൻപിലും. എന്നാൽ മുംബൈയ്ക്ക് ഇനിയൊരു സ്റ്റെപ്പ് മുന്നോട്ടു വയ്ക്കണമെങ്കിൽ മഴ കനിയണം.
ഐപിഎൽ ക്വാളിഫയർ 2 ൽ മുംബൈയ്ക്കു മുന്നിൽ വില്ലനായി അവതരിച്ചിരിക്കുകയാണു മഴ. ടോസിന് ശേഷം മഴയെത്തിയതോടെ പഞ്ചാബ് കിങ്‌സ് -മുംബൈ ഇന്ത്യൻസ് പോരാട്ടം . ഇതുവരെ തുടങ്ങിയിട്ടില്ല. താരങ്ങൾ ഗ്രൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് മഴയെത്തിയത്. അതേസമയം ടോസ് നേടിയ പഞ്ചാബ് ഫീൽഡിങ്ങാണ് തിരഞ്ഞെടുത്തത്.

നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം. ജയിക്കുന്ന ടീം ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. നേരത്തേ ക്വാളിഫയർ മത്സരം ഈഡൻ ​ഗാർഡൻസിലാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് മഴയുടെ സാഹചര്യം കൂടി കണക്കിലെടുത്ത് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു. അതേസമയം എന്തെങ്കിലും കാരണവശാൽ രണ്ടാം ക്വാളിഫയർ മത്സരം ഉപേക്ഷിക്കേണ്ടിവന്നാൽ പോയന്റ് പട്ടികയിൽ മുന്നിലുള്ള ടീമാണ് ഫൈനലിലേക്ക് മുന്നേറുക. ലീഗ് ഘട്ടത്തിൽ ശ്രേയസ് അയ്യർ നയിച്ച പഞ്ചാബായിരുന്നു പോയന്റ് പട്ടികയിൽ ഒന്നാമത്. നാലാം സ്ഥാനക്കാരായാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. ഇതിനാൽത്തന്നെ മത്സരം ഉപേക്ഷിക്കേണ്ടിവന്നാൽ പഞ്ചാബ്, ആർസിബിയുമായി ഫൈനൽ കളിക്കും.

Signature-ad

അതേസമയം ഇനി മഴ കളി തടസപ്പെടുത്തിയാൽ ബിസിസിഐയും ഐപിഎൽ ഭരണസമിതിയും മത്സരം പൂർത്തിയാക്കാനായി അധികമായി ഒരു മണിക്കൂർ അനുവദിച്ചിട്ടുണ്ട്. ഇതോടെ മത്സര പൂർത്തീകരണത്തിന് അധികം സമയം ലഭിക്കും. രണ്ടാം ക്വാളിഫയറിന് റിസർവ് ദിനം അനുവദിച്ചിട്ടില്ല. നിലവിൽ ഫൈനൽ മത്സരത്തിന് മാത്രമേ റിസർവ് ദിനമുള്ളൂ. ക്വാളിഫയർ ഒന്നിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് ബാറ്റിങ് തകർച്ച നേരിട്ടാണ് പഞ്ചാബ് കീഴടങ്ങിയത്.

ഓപ്പണർമാരായ പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിങ്, ജോഷ് ഇൻഗ്ലിസ്, ശ്രേയസ് അയ്യർ, ശശാങ്ക് സിങ്, മാർക്കസ് സ്റ്റോയ്‌നിസ് എന്നിവരിലാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷ. അർഷ്ദീപ് സിങ്, ഹർമിത് ബ്രാർ, കെയ്‌ൽ ജാമിസൻ, യുസ്‌വേന്ദ്ര ചാഹൽ എന്നിവരാണ് ബൗളിങ് നിരയിലെ പ്രധാനികൾ. അതേസമയം എലിമിനേറ്റർ പോരാട്ടത്തിൽ കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയതിന്റെ ആവേശത്തിലാണ് മുംബൈയുടെ വരവ്.

Back to top button
error: