
എറണാകുളം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ ട്വിസ്റ്റ്; പരാതിക്കാരനും അകത്ത്.
വാടകവീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി പണം കവര്‍ന്ന സംഭവത്തില്‍ അഞ്ചു പേരാണ് പിടിയിലായത്. വെങ്ങോല പോഞ്ഞാശേരി കനാല്‍ ജങ്ഷന്‍ കിഴക്കന്‍ വീട്ടില്‍ റിന്‍ഷാദ് (32), ഇലഞ്ഞിക്കല്‍ സലാഹുദ്ദീന്‍ (32), വലിയകുളം ഭാഗത്ത് മുട്ടത്തോടന്‍ വീട്ടില്‍ ബേസില്‍ (27), പട്ടിമറ്റം ചേലക്കുളം കാവുംപറമ്പ് ഭാഗത്ത് പേരക്കാട്ട് വീട്ടില്‍ അനു (34), പോഞ്ഞാശേരി കനാല്‍ ജങ്ഷന്‍ മുച്ചേത്ത് വീട്ടില്‍ മുഹമ്മദ് സലിം (33) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് അസം സ്വദേശിയായ മുഹമ്മദ് മുബാറക് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി പോക്കറ്റിലുണ്ടായിരുന്ന 37,000 രൂപ കവര്‍ന്നുവെന്നാണ് കേസ്. റിന്‍ഷാദ് മയക്കുമരുന്ന് ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ്. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ മുഹമ്മദ് മുബാറക് ഹുസൈന്‍ പോക്സോ കേസിലാണ് അറസ്റ്റിലായി. ബുധനാഴ്ച വൈകിട്ടാണ് തന്റെ പണം കവര്‍ന്നുവെന്ന പരാതിയുമായി ഇയാള്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ഇതിനിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് പരാതിക്കാരന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചു. ഫോണില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ധാരാളം അശ്ലീലദൃശ്യങ്ങള്‍ കണ്ടെത്തി.

പാകിസ്താനിലെ മൊബൈല്‍ നമ്പറുകളുള്‍പ്പെടുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വീഡിയോ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തതായും കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരേ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തില്‍ ഇയാള്‍ ഇതര സംസ്ഥാനക്കാര്‍ക്കിടയിലെ അനാശാസ്യ ഇടപാടുകളുടെയും ചീട്ടുകളി സംഘങ്ങളുടെയും ഏജന്റാണെന്ന് കണ്ടെത്തിയതായി ഇന്‍സ്പെക്ടര്‍ ടി.എം. സൂഫി പറഞ്ഞു.