CrimeNEWS

കളിയാക്കുന്നുവെന്ന് തെറ്റിദ്ധരിച്ച് ആക്രമണം, പിറ്റ്ബുള്ളിനെ വിട്ട് കടിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ഇലകമണ്‍ പഞ്ചായത്തിലെ തോണിപ്പാറയില്‍ 45കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും വളര്‍ത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. അയിരൂര്‍ തോണിപ്പാറ സ്വദേശി സനല്‍(36)ആണ് അറസ്റ്റിലായത്. മേയ് നാലിനായിരുന്നു സംഭവം. സമീപവാസിയായ രഞ്ജിത്തിനെ മുന്‍വൈരാഗ്യമുള്ള സനല്‍ ആക്രമിക്കുകയായിരുന്നു. വര്‍ക്കലയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്.

റോഡിലെ കല്ലില്‍ തട്ടിവീണ രഞ്ജിത്തിനെ സനല്‍ വീടിന്റെ അടുക്കള ഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. നിലത്തു വീണപ്പോള്‍ അടിവയറ്റില്‍ ചവിട്ടുകയും വീട്ടിലെ പിറ്റ്ബുള്ളിനെ(ജശ േആൗഹഹ ) ഉപയോഗിച്ച് കടിപ്പിച്ച ശേഷം കത്തിയുപയോഗിച്ചു പരിക്കേല്‍പ്പിച്ചെന്നുമാണ് പരാതിയിലെ ആരോപണം. അവശനായ രഞ്ജിത്തിനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിയെ നിരന്തരമായി വീടിന് മുന്നിലെത്തി കളിയാക്കുന്നത് രഞ്ജിത്താണെന്നുള്ള തെറ്റിദ്ധാരണയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.

Signature-ad

അടിപിടി കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സനല്‍. സംഭവ ദിവസം പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. രാത്രിയോടെ ഭാര്യയെയും കൂട്ടി അയിരൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ സനല്‍ തന്നെ രഞ്ജിത്ത് മര്‍ദ്ദിച്ചതായി പരാതി നല്‍കി മടങ്ങി. പിന്നാലെ സനല്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്തിനാണ് മര്‍ദനമേറ്റതെന്ന് വ്യക്തമാവുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ വര്‍ക്കലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

 

Back to top button
error: