Breaking NewsBusiness

ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിന് മ്യൂച്ച്വൽ ഫണ്ട് ബിസിനസ് ചെയ്യാൻ സെബിയുടെ അനുമതി

കൊച്ചി: മ്യൂച്ച്വൽ ഫണ്ട് ബിസിനസുകൾ ചെയ്യുന്നതിന് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ നിന്നും അനുമതി. ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും ആഗോള ധനകാര്യ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്‌റോക്കും ചേർന്നുള്ള സംയുക്ത സംരംഭമാണ് ജിയോ ബ്ലാക്ക്‌റോക്ക്. രാജ്യത്ത് മ്യൂച്ച്വൽ ഫണ്ട് സേവനങ്ങളും ബിസിനസുകളും പ്രദാനം ചെയ്യുന്നതിനുള്ള ഇൻവെസ്റ്റ്‌മെന്റ് മാനേജർ എന്ന നിലയിൽ ഇനി ജിയോ ബ്ലാക്ക്‌റോക്കിന് പ്രവർത്തിക്കാം.

ഡാറ്റ അധിഷ്ഠിത നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ വരും മാസങ്ങളിൽ ജിയോബ്ലാക്ക്‌റോക്ക് അവതരിപ്പിക്കും. ‘ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ നയിക്കുന്നത് ധീരമായ അഭിലാഷങ്ങളും സ്വപ്‌നങ്ങളുമുള്ള ഒരു പുതിയ തലമുറയാണ്. ബ്ലാക്ക്റോക്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ആഗോള നിക്ഷേപ വൈദഗ്ധ്യത്തിന്റെയും ജിയോയുടെ ഡിജിറ്റൽ- ഫസ്റ്റ് ഇന്നവേഷന്റെയും ശക്തമായ സംയോജനമാണ്. എല്ലാ ഇന്ത്യക്കാർക്കും നിക്ഷേപം ലളിതവും എളുപ്പത്തിലും ലഭ്യമാകേണ്ടതുണ്ട്. അതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയിലെ സാമ്പത്തിക ശാക്തീകരണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ജിയോബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ് ഒരു പരിവർത്തനാത്മക പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ഇഷ അംബാനി പറഞ്ഞു.

Signature-ad

ഇന്ത്യയിൽ ഇന്ന് അസറ്റ് മാനേജ്മെന്റ് രംഗത്ത് വലിയ അവസരം നിലനിൽക്കുന്നു. ആവേശകരമാണത്. കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള നിക്ഷേപ ഉൽപ്പന്നങ്ങൾ നേരിട്ട് നിക്ഷേപകർക്ക് എത്തിക്കുന്ന ജിയോബ്ലാക്ക്റോക്കിന്റെ ഡിജിറ്റൽ-ഫസ്റ്റ് ഉപഭോക്തൃ സമീപനം, ഓഹരി വിപണികളിലേക്കുള്ള പ്രവേശനത്തിന്റെ നിരവധി നേട്ടങ്ങൾ ഇന്ത്യയിലെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നു. ഞങ്ങളുടെ പങ്കാളിയായ ജിയോഫിനാൻഷ്യൽ സർവീസസുമായി ചേർന്ന്, സമ്പാദിക്കുന്നവരുടെ ഒരു രാജ്യത്തിൽ നിന്ന് നിക്ഷേപകരുടെ ഒരു രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ സുസ്ഥിരമായ പരിണാമത്തിന്റെ ഭാഗമാവുകയാണ് ഞങ്ങൾ, ബ്ലാക്ക്റോക്കിലെ ഇന്റർനാഷണൽ മേധാവി റേച്ചൽ ലോർഡ് പറഞ്ഞു.

അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായി സിദ്ദ് സ്വാമിനാഥനെ നിയമിച്ചതായും ജിയോബ്ലാക്ക്‌റോക്ക് അറിയിച്ചു. 20 വർഷത്തിലധികം അസറ്റ് മാനേജ്മെന്റ് മേഖലയിൽ പരിചയസമ്പത്തുണ്ട് സിദ്ദ് സ്വാമിനാഥന്. മുമ്പ് അദ്ദേഹം ബ്ലാക്ക്റോക്കിൽ ഇന്റർനാഷണൽ ഇൻഡെക്‌സ് ഇക്വിറ്റിയുടെ തലവനായിരുന്നു, അവിടെ അദ്ദേഹം 1.25 ട്രില്യൺ ഡോളർ ആസ്തിയാണ് കൈകാര്യം ചെയ്തിരുന്നത്. അതിനുമുമ്പ്, ബ്ലാക്ക്റോക്കിന്റെ യൂറോപ്പ് മേഖലയുടെ ഫിക്‌സഡ് ഇൻകം പോർട്ട്ഫോളിയോ മാനേജ്മെന്റിന്റെ തലവനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Back to top button
error: