CrimeNEWS

12 ശതമാനം പലിശ വാഗ്ദാനം; സാമ്പത്തിക തട്ടിപ്പ് കേസില്‍ ഫാംഫെഡ് മേധാവികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ (FarmFed ) ഫാംഫെഡ് മേധാവികള്‍ അറസ്റ്റില്‍. ഫാംഫെഡ് ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിങ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപം സ്വീകരിച്ച് പലിശയും പണവും നല്‍കാതെ കബളിപ്പിച്ചെന്ന കവടിയാര്‍ സ്വദേശി എമില്‍ഡ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കവടിയാര്‍ സ്വദേശിയില്‍ നിന്ന് 24.5 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് കേസ്. സംസ്ഥാന വ്യാപകമായി സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കമ്പനിയുടെ പേരില്‍ 250 കോടിയിലേറെ രൂപ പലരില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ചെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റിലായവര്‍ക്ക് പുറമെ ഫാംഫെഡ് ബോര്‍ഡ് അംഗങ്ങളായ നാല് പേരേക്കൂടി പ്രതിചേര്‍ത്തിട്ടുണ്ട്. കമ്പനിയുടെ ബോര്‍ഡ് മെമ്പര്‍മാരായ ധന്യ, ഷൈനി, പ്രിന്‍സി ഫ്രാന്‍സിസ്, മഹാവിഷ്ണു എന്നിവരാണ് മറ്റ് പ്രതികള്‍. മാസം തോറും പന്ത്രണ്ടര ശതമാനം പലിശ വാഗ്ദാനം ചെയ്താണ് പ്രതികള്‍ പണം നിക്ഷേപമായി സ്വീകരിച്ചത്.

Signature-ad

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനമാണ് ഫാംഫെഡ് എന്ന മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി. 2008 ല്‍ തുടങ്ങിയ സ്ഥാപനത്തിന് കേരളത്തിലും ചെന്നൈയിലുമായി 16 ഓളം ശാഖകളുണ്ട്. തൃശൂരിലും പരിസരപ്രദേശങ്ങളിലുമായി ദേശീയപാത 66ന് ഭൂമി വിട്ടുനല്‍കി പണം കിട്ടിയവരില്‍ നിരവധി ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നും ആരോപണങ്ങളുണ്ട്.

 

Back to top button
error: