Breaking NewsLead NewsNEWSWorld

സൈന്യത്തിനും ഇടക്കാല സര്‍ക്കാരിനും ഇടയില്‍ ആടിയുലഞ്ഞ് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്; വെവ്വേറെ അടിയന്തര യോഗങ്ങള്‍ ചേര്‍ന്ന് സര്‍ക്കാരും സൈന്യവും; എല്ലാം ഇട്ടെറിഞ്ഞു പോകുമെന്ന് പ്രഫ. മുഹമ്മദ് യൂനുസ്; മ്യാന്‍മറിലേക്കുള്ള ‘മാനുഷിക ഇടനാഴി’യിലും എതിര്‍പ്പ് രൂക്ഷം

ധാക്ക: സൈന്യത്തിന്റെയും ഇടക്കാല സര്‍ക്കാരിന്റെയും അധികാരത്തര്‍ക്കത്തില്‍ പെട്ട് ബംഗ്ലാദേശിലെ തെഞ്ഞെടുപ്പ് പ്രതിസന്ധിയിലേക്ക്. നിവൃത്തിയില്ലെങ്കില്‍ എല്ലാം ഇട്ടെറിഞ്ഞിട്ടു പോകുമെന്ന ഇടക്കാല പ്രസിഡന്റ് പ്രഫ. മുഹമ്മദ് യൂനിസിന്റെ പ്രസ്താവന അധികാരത്തര്‍ക്കം അടുത്ത പടിയിലേക്കു കടന്നതിന്റെ സൂചനയായിട്ടാണ് രാജ്യാന്തര സമൂഹം വിലയിരുത്തുന്നത്. ഡിസംബറില്‍ തെരഞ്ഞെടുപ്പുണ്ടാകുമെന്ന് ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചത് രണ്ടുമാസം മുമ്പാണ്. നിലവിലെ സാഹചര്യത്തില്‍ സൈന്യത്തിന്റെ സഹകരണം ഇക്കാര്യത്തിലുണ്ടാകില്ലെന്നും വ്യക്തമായി.

മേയ് 21ന് സൈനിക മേധാവി വക്കര്‍ ഉസ് സമാന്‍ കമാന്‍ഡിംഗ് ഓഫീസര്‍മാരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം ഇടക്കാല സര്‍ക്കാരിന്റെ പ്രസിഡന്റ് മുഹമ്മദ് യൂനിസും മറ്റ് ഉപദേശക സമിതി അംഗങ്ങളുമായും നടത്തി കൂടിക്കാഴ്ചയില്‍ ഡിസംബറില്‍ തെരഞ്ഞെടുപ്പു വേണമെന്നു വ്യക്തമാക്കിയിരുന്നു. ഇടക്കാല സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ സൈനിക മേധാവി, ‘ഡിസംബറോടെ തിരഞ്ഞെടുപ്പ് നടത്തണം, തിരഞ്ഞെടുക്കപ്പെടാത്ത ഭരണകൂടമല്ല, തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ മാത്രമേ രാജ്യത്തിന്റെ ഗതി നിര്‍ണ്ണയിക്കാവൂ’ എന്നു വ്യക്തമാക്കുകയും ചെയ്തു.

Signature-ad

കമാന്‍ഡിംഗ് ഓഫീസര്‍മാരുമായി നടത്തിയ യോഗത്തില്‍ സര്‍ക്കാരിന്റെ പ്രവൃത്തികളില്‍ സൈനിക മേധാവി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഷേഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിനുശേഷമാണ് ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചത്. മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ പോളിസികള്‍ സൈന്യവുമായുള്ള ധാരണകള്‍ ലംഘിക്കുന്നതാണെന്നും സൈനിക മേധാവി പറഞ്ഞു.

പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് സൈന്യത്തെ അറിയിക്കണമെന്ന ധാരണയായിരുന്നു ഇതിലൊന്ന്. മ്യാന്‍മറിലെ റാഖൈന്‍ പ്രവിശ്യയിലേക്ക് ഒരു ‘മാനുഷിക ഇടനാഴി’ തുറക്കാനുള്ള തീരുമാനത്തോടും സൈന്യത്തിന് അതൃപ്തിയുണ്ട്. അധികാരം വീണ്ടും പിടിച്ചെടുക്കുന്ന തരത്തിലേക്കു സൈന്യം നീങ്ങാന്‍ സാധ്യതയുണ്ടെന്നും യോഗത്തിന്റെ ഒരു ഘട്ടത്തില്‍ കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ ‘എന്ത് ഉത്തരവ് ലഭിച്ചാലും അനുസരിക്കു’മെന്ന് പ്രഖ്യാപിച്ചെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍ പ്രതിജ്ഞയില്‍നിന്ന് ‘വിമോചന യുദ്ധ പൈതൃകവും ദേശീയ അന്തസ്സും വിലപേശാന്‍ കഴിയാത്തതാണ്’ എന്ന വാചകം എടുത്തു കളഞ്ഞതും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

ഇതിനു പിന്നാലെ പ്രഫ. യൂനുസ് ഇടക്കാല സര്‍ക്കാരിന്റെ അടിയന്തര യോഗം വിളിക്കുകയും നിലവിലെ സ്ഥിതിഗതികളില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേശകനായി തുടരുന്നതില്‍ കാര്യമില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ ഒരു ‘നിയന്ത്രിത തിരഞ്ഞെടുപ്പ്’ മാത്രമേ നടത്താന്‍ കഴിയൂ എന്നും ഈ വര്‍ഷം ഡിസംബറോടെ പൂര്‍ണ്ണമായും സുതാര്യമായ തിരഞ്ഞെടുപ്പ് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തില്‍, പ്രൊഫസര്‍ യൂനുസ് രാജിവയ്ക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് രാജ്യത്തിനായുള്ള ഒരു കരട് പ്രസംഗം തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഭരണം ഉപേക്ഷിക്കുന്നത് രാജ്യത്തെ കൂടുതല്‍ അസ്ഥിരമാക്കുന്നതിനേ ഉപകരിക്കൂ എന്നും രാജിവയ്ക്കരുതെന്നും മറ്റ് അംഗങ്ങള്‍ അഭ്യര്‍ഥിച്ചു. ഈ കുഴപ്പത്തിന്റെ ഉത്തരവാദിത്വം യൂനുസിന്റെ തലയിലാകുമെന്നും മുന്നറിയിപ്പു നല്‍കി.

ചിറ്റഗോങ്ങിനെ മ്യാന്‍മറിന്റെ റാഖൈന്‍ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന ‘മാനുഷിക ഇടനാഴി’ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതാണ് സൈന്യവും സര്‍ക്കാരും തമ്മിലുള്ള പ്രധാന പ്രതിസന്ധിക്ക് ഇടയാക്കുന്നത്. റോഹിങ്ക്യന്‍ പ്രതിസന്ധിയുടെ കേന്ദ്രമായി അറിയപ്പെടുന്ന സംഘര്‍ഷഭരിതമായ റാഖൈനിന് മരുന്നുകളും മറ്റ് ആവശ്യമായ വസ്തുക്കളും ‘മാനുഷിക ഇടനാഴി’ നല്‍കുമെന്നാണ് യൂനുസ് ഭരണകൂടത്തിന്റെ വാദം.

മയക്കുമരുന്ന്, ആയുധക്കടത്തുകള്‍ക്കു പേരുകേട്ട റാവൈനിന്റെ ഭൂരിഭാഗവും അരക്കാന്‍ ആര്‍മിയുടെ നിയന്ത്രണത്തിലാണ്. ഇവര്‍ സൈന്യത്തിനും റോഹിംഗ്യന്‍ തീവ്രവാദികള്‍ക്കുമെതിരേയുള്ള പോരാട്ടത്തിലുമാണ്. ഇവിടേക്ക് ഇടനാഴി തുറക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നാണു സൈന്യത്തിന്റെ നിലപാട്. ബുധനാഴ്ച നടന്ന സൈനിക യോഗത്തില്‍ ഈ നീക്കത്തിനെതിരേ സൈന്യം ഒറ്റക്കെട്ടായി പ്രതികരിച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അപകട സാധ്യതകള്‍ ഉള്ളതിനാല്‍ ഇത് അസ്വീകാര്യമാണെന്നും സൈനിക മേധാവി വ്യക്തമാക്കിയിരുന്നു.

Back to top button
error: