Breaking NewsIndiaLead NewsNEWSSocial MediaTRENDING

എന്തൊരു നുണ! ആ കോണ്‍ഗ്രസല്ല സര്‍, ഈ കോണ്‍ഗ്രസ്! തുര്‍ക്കിയില്‍ കോണ്‍ഗ്രസിന് ഓഫീസെന്ന് അര്‍ണാബിന്റെ പ്രചാരണം; മുനിസിപ്പല്‍ ഭരണകൂടത്തിന്റെ കണ്‍വന്‍ഷന്‍ സെന്റര്‍ ഉപയോഗിച്ച് റിപ്പബ്ലിക് ടിവി നാണം കെട്ടു; തുര്‍ക്കി പ്രസിഡന്റിന് ബിജെപിയുടെ ഷാള്‍ സമ്മാനിക്കുന്ന ചിത്രങ്ങളും പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു തുര്‍ക്കിയില്‍ രജിസ്റ്റര്‍ ചെയ്ത ഓഫീസുണ്ടെന്ന റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ പ്രൈം ടൈം ഷോയിലെ വാദങ്ങള്‍ പൊളിയുന്നു. ഇസ്താംബൂള്‍ കോണ്‍ഗ്രസ് സെന്ററിന്റെ ചിത്രവും അര്‍ണാബ് ഷോയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഗാന്ധി കുടുംബം ദേശീയ സുരക്ഷയ്ക്കു വിട്ടുവീഴ്ച ചെയ്‌തെന്നും കോണ്‍ഗ്രസ് ഓഫീസ് രജിസ്റ്റര്‍ ചെയ്തത് ഇതിന്റെ ഉദാഹരണമാണെന്നും അര്‍ണാബ് പറഞ്ഞു. അര്‍ണാബിന്റെ ഒരു മണിക്കൂര്‍ നുണ പ്രചാരണത്തിന് ഒരു നിമിഷത്തിന്റെ ആയുസ് പോലും ഉണ്ടായിരുന്നില്ലെങ്കിലും ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ശത്രുവിന്റെ സുഹൃത്ത് ശത്രുവാണെന്നും കോണ്‍ഗ്രസിനെ ബഹിഷ്‌കരിക്കണമെന്നുമായിരുന്നു അര്‍ണാബിന്റെ ആഹ്വാനം.

പാകിസ്താനുമായുള്ള സമീപകാല സംഘര്‍ഷത്തെത്തുടര്‍ന്നു തുര്‍ക്കിയുമായുളള ഇന്ത്യയുടെ ബന്ധത്തിലും വിള്ളല്‍ വീണിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനു മുന്നോടിയായി പാകിസ്താന് ആയുധങ്ങള്‍ നല്‍കി സഹായിച്ചത് തുര്‍ക്കിയാണ്. ഇന്ത്യക്കാര്‍ ആ രാജ്യത്തേക്കുള്ള യാത്ര കൂട്ടത്തോടെ റദ്ദാക്കി. ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്തിരുന്ന തുര്‍ക്കിഷ് കമ്പനിയെ വിലക്കി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ഐഐടി-ബോംബെ, ജാമിയ മില്ലിയ ഇസ്ലാമിയ തുടങ്ങിയ സ്ഥാപനങ്ങള്‍ തുര്‍ക്കി സര്‍വകലാശാലകളുമായുള്ള പങ്കാളിത്തം നിര്‍ത്തിവച്ചു.

Signature-ad

 

എന്നാല്‍, അര്‍ണാബിന്റെ റിപ്പോര്‍ട്ട് ബിജെപി കണ്ണുംപൂട്ടി ഏറ്റെടുത്തു. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യയും അര്‍ണാബിന്റെ വീഡിയോ പങ്കുവച്ചു. രാഹുല്‍ ഗാന്ധി എന്തിനാണ് ഇങ്ങനെയൊരു ഓഫീസ് തുറന്നതെന്നു വ്യക്തമാക്കണമെന്നും മാളവ്യ എക്‌സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. നിരവധി സോഷ്യല്‍ മീഡിയ വക്താക്കളും ഇതേ നിലപാട് എടുത്തു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനു നിരവധി തവണ പഴികേട്ടിട്ടുള്ള ജെയ്പൂര്‍ ഡയലോഗ് എന്ന എക്‌സ് യൂസറും ഈ ട്വീറ്റ് പ്രചരിപ്പിച്ചു.

തുര്‍ക്കിയിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രജിസ്റ്റര്‍ ചെയ്ത ഓഫീസ് എന്നറിയപ്പെടുന്ന റിപ്പബ്ലിക് സെഗ്മെന്റില്‍ കാണിച്ചിരിക്കുന്ന കെട്ടിടം യഥാര്‍ത്ഥത്തില്‍ ഇസ്താംബുള്‍ കോണ്‍ഗ്രസ് സെന്റര്‍ ആണെന്നു ഫാക്ട് ചെക്കിലൂടെ കണ്ടെത്തി. തുര്‍ക്കിയിലെ ഇസ്താംബൂളിലെ സിസ്ലി ജില്ലയിലെ ഹാര്‍ബിയെ പരിസരത്ത് സ്ഥിതി ചെയ്യുന്ന കണ്‍വന്‍ഷന്‍ സെന്ററാണിത്. 2009 ഒക്ടോബര്‍ 17 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഇത് ഇസ്താംബുള്‍ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലാണ്. ഇവിടുത്തെ ‘കോണ്‍ഗ്രസു’മായി ഈ ‘കോണ്‍ഗ്ര’സിന് യാതൊരു ബന്ധവുമില്ല.

2019 നവംബറില്‍, ഇസ്താംബൂളില്‍ ഒരു വിദേശ ഓഫീസ് സ്ഥാപിക്കാനുള്ള പദ്ധതികള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ പ്രസ്താവന പ്രകാരം, തുര്‍ക്കിയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിനെ (ഐഒസി) നയിക്കാന്‍ മുഹമ്മദ് യൂസഫ് ഖാനെ നിയമിച്ചു. സാം പിട്രോഡയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പക്ഷേ ഇതിനുശേഷം അവിടെ എന്തു നടത്തി എന്നതിനെക്കുറിച്ചു വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഓവര്‍സീസ് കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റിലും തുര്‍ക്കിയില്‍ ഒരു കെട്ടിടമുള്ളതായി പറയുന്നില്ല.

‘ഇസ്താംബൂളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് രജിസ്റ്റര്‍ ചെയ്ത ഓഫീസോ കെട്ടിടമോ ഉണ്ടെന്ന് തെറ്റായി ആരോപിച്ച് ദേശീയ മുഖ്യധാരാ മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നുണ്ട്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിക്കുന്നെന്നും’ പിത്രോദ പിന്നീഡു പ്രസ്താവനയില്‍ പറഞ്ഞു. വ്യാപക പ്രതിഷേധം നാണക്കേടായതോടെ റിപ്പ്ബ്ലിക് ചാനലും തിരുത്തല്‍ പ്രഖ്യാപിച്ചു.

ഠ രാഷ്ട്രീയ കൊടുങ്കാറ്റ്

ബിജെപി നേതാവ് അമിത് മാളവ്യക്കും റിപ്പബ്ലിക് ടിവിക്കും അര്‍ണാബിനും എതിരേ കോണ്‍ഗ്രസ് പരാതി നല്‍കിയതോടെ രാഷ്ട്രീയ ആരോപണങ്ങള്‍ വര്‍ധിച്ചു. യഥാര്‍ഥത്തില്‍ ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കു വിദേശത്തു യൂണിറ്റുകളും അനുയായികളുമുണ്ട്.

ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി (ഒഎഫ്ബിജെപി) യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, നെതര്‍ലാന്‍ഡ്സ്, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ ഒഎഫ്ബിജെപി സാന്നിധ്യമുണ്ടെന്ന് നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും സൂചിപ്പിക്കുന്നു. ദീപങ്കര്‍ ഗാംഗുലിയാണു കണ്‍വീനറെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2018 ഓഗസ്റ്റില്‍, അന്നത്തെ മുതിര്‍ന്ന ബിജെപി നേതാവും ഒഎഫ്ബിജെപിയുടെ ആഗോള കണ്‍വീനറുമായ വിജയ് ജോളി അങ്കാറയില്‍ വെച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനെ കാണുകയും അദ്ദേഹത്തിന് ബിജെപിയുടെ താമര ചിഹ്നമുള്ള ഒരു സ്‌കാര്‍ഫ് സമ്മാനിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

ഇസ്താംബൂളില്‍ കോണ്‍ഗ്രസ് ഓഫീസ് എന്ന് പലരും വിളിച്ചിരുന്ന കെട്ടിടത്തിന്റെ ചിത്രം യഥാര്‍ത്ഥത്തില്‍ ഇസ്താംബുള്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ആണ്. ഇത് തുര്‍ക്കിയിലെ ഒരു മുനിസിപ്പല്‍ സംവിധാനത്തിന്റെ ഉടമസ്ഥതയിലുമാണ്. ഇതിനു കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമില്ല. 2019 ല്‍ തുര്‍ക്കിയില്‍ ഒരു ഓഫീസ് തുടങ്ങാനുള്ള പദ്ധതികള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നെങ്കിലും, അവരുടെ വെബ്സൈറ്റിലെ ഒരു വാര്‍ത്താ റിപ്പോര്‍ട്ടുകളോ വിവരങ്ങളോ അവര്‍ യഥാര്‍ത്ഥത്തില്‍ ഒന്ന് സ്ഥാപിച്ചതായി സ്ഥിരീകരിക്കുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണ നേടുന്നതിന് ഒരു അന്താരാഷ്ട്ര വിഭാഗം ഉണ്ടായിരിക്കുന്നത് അസാധാരണമല്ല. തുര്‍ക്കിയില്‍ ബിജെപിക്കും വിദേശ സാന്നിധ്യമുണ്ട്.

 

Back to top button
error: