Breaking NewsIndiaLead NewsNEWS

‘വഖഫ് ഇസ്ലാമിന്റെ അനിവാര്യതയല്ല, ഹിന്ദു കോഡ് വന്നപ്പോള്‍ തര്‍ക്കമുണ്ടായില്ല; മുസ്ലിംകള്‍ ശരിയത്ത് നിയമം പിന്തുടരുന്നതു പ്രശ്‌നത്തിനു കാരണം’; ഇടക്കാല ഉത്തരവ് നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; ഗുജറാത്ത് പബ്ലിക് ട്രസ്റ്റ് ആക്ട് ചൂണ്ടിക്കാട്ടി വാദം

വഖഫ് ഭേദഗതിയിൽ ഇടക്കാല ഉത്തരവ് നൽകരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. വഖഫ് ഒരു ആശയമാണ്, ഇസ്‍ലാമിന്റെ അനിവാര്യ ഭാഗമല്ല. വഖഫ് ബോർഡിൽ മുസ്‍ലിം അല്ലാത്തവരെ ഉൾപ്പെടുത്തിയത് വൈവിധ്യം സംരക്ഷിക്കാനാണ്. ക്ഷേത്ര ഭരണത്തിൽ മുസ്ലിമുകളെയും ഉൾപ്പെടുത്താറുണ്ട്. ഗുജറാത്ത് പബ്ലിക് ട്രസ്റ്റ്‌ ആക്ട് ചൂണ്ടിക്കാട്ടിയായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം.

നാലോ അഞ്ചോ സംസ്ഥാനങ്ങൾ ഒഴികെ ബാക്കിയെല്ലാ ക്ഷേത്രങ്ങളും സർക്കാരിന്റെ കീഴിലാണ്. ഹിന്ദു കോഡ് ബിൽ വന്നപ്പോൾ എതിർപ്പ് ഉണ്ടായില്ലെന്നും, മുസ്‍ലിമുകൾ ശരിയാ നിയമം പിന്തുടരുന്നതിനാണ് തർക്കത്തിന് കാരണമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.

Signature-ad

നിയമപരമായ പുനഃപരിശോധന പൂര്‍ത്തിയാകുന്നത് വരെ ആരെയും വഖഫ് ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാവിലെ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. രജിസ്റ്റര്‍ ചെയ്ത ഒരു വഖഫും അത് അല്ലാതെയാകില്ല. റവന്യൂ അന്വേഷണം നടക്കുമ്പോള്‍ വഖഫ് പദവി നഷ്ടമാകുമെന്നത് കോടതിക്ക് ഒഴിവാക്കാമെന്നും ഭേദഗതി നിയമത്തിനെതിരായി വന്ന ഹര്‍ജികള്‍ പരിഗണിക്കവേ കേന്ദ്രം സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി.

അതേസമയം, വഖഫ് നല്‍കിയതില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടോയെന്ന് പരിശോധിക്കാന്‍ അവകാശമുണ്ടെന്നും കേന്ദ്രം നിലപാടെടുത്തു. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് എ.ജി.മാസി എന്നിവരുടെ ബെഞ്ചാണ് വാദം ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. നിയമം സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ വാദം. വഖ്ഫ് ബോർഡിൽ മുസ്ലിം ഇതര മതസ്ഥരെ നിയമിക്കുന്നതും വഖഫ് നൽകാൻ അഞ്ചുവര്‍ഷത്തെ മതവിശ്വാസം നിര്‍ബന്ധമാക്കിയതും മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിക്കാർ ഇന്നലെ വാദിച്ചിരുന്നു. ഭേദഗതി നിയമത്തിന്റെ 11 വകുപ്പുകള്‍ നിയമ വിരുദ്ധമാണെന്നും ഹര്‍ജിക്കാർ വാദിച്ചിരുന്നു. എന്നാല്‍ ഭേദഗതിയില്‍ പ്രശ്‌നങ്ങളില്ലെന്നും നിയമം സ്റ്റേ ചെയ്യരുതെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.

Back to top button
error: